പ്രശസ്ത നോവലിസ്റ്റും, ചെറുകഥാകൃത്തുമായ സതീഷ്ബാബു പയ്യന്നൂര്‍ അന്തരിച്ചു.... തിരുവനന്തപുരം വഞ്ചിയൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

പ്രശസ്ത നോവലിസ്റ്റും, ചെറുകഥാകൃത്തുമായ സതീഷ്ബാബു പയ്യന്നൂര്‍(59) അന്തരിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ ആര്‍.പി അപ്പാര്‍ട്ട്മെന്റിലെ ഡി - 1 ഫ്‌ളാറ്റില്‍ ഇന്നലെ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാവിലെ ഒമാനിലുള്ള സഹോദരന്‍ വിളിച്ചിട്ട് ഫോണെടുക്കാത്തതിനാല്‍ അടുത്ത ബന്ധുവിനെ വിവരം അറിയിച്ചു. ബന്ധു എത്തിയപ്പോള്‍ മുറി അകത്തു നിന്ന് പൂട്ടിയിരുന്നതിനാല്‍ പൊലീസിനെ അറിയിച്ചു. ഉച്ചയ്ക്ക് 2.30 ഓടെ പൊലീസെത്തി വാതില്‍ തകര്‍ത്ത് ഉള്ളില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സെറ്റിയില്‍ കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്.
ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനമെന്നും, പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കാരണം വ്യക്തമാകൂവെന്നും സിറ്റി പൊലീസ് കമ്മിഷണര്‍പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തു. ഡി.സി.പി വി.അജിത്, ശംഖുമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജ് എന്നിവരും സ്ഥലത്തെത്തി. ഫോറന്‍സിക്, വിരലടയാള വിദഗദ്ധര്‍ തെളിവുകള്‍ ശേഖരിച്ചു.
റിട്ട. അദ്ധ്യാപികയായ ഭാര്യ ഗിരിജ രണ്ടാഴ്ച മുമ്പ് കാസര്‍കോട്ടെ വീട്ടിലേക്ക് പോയിരുന്നു. മരണ വിവരമറിഞ്ഞ് ഭാര്യയും ബന്ധുക്കളും തിരുവനന്തപുരത്തെത്തി. ഗള്‍ഫിലുള്ള സഹോദരന്‍ അനിലും മുംബയിലുള്ള സഹോദരി ജയശ്രീയും എത്തിയ ശേഷം സംസ്‌കാരം സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂ.
അതേസമയം സാഹിത്യ രംഗത്ത് നിരവധി പുസ്‌കാരങ്ങള്‍ക്ക് അര്‍ഹനായ സതീഷ് ബാബു പയ്യന്നൂര്‍,സിനിമ,ടി.വി മേഖലകളിലും സജീവ സാന്നിദ്ധ്യമായിരുന്നു.
നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തു. നക്ഷത്രക്കൂടാരം എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി. കെ.ശ്രീക്കുട്ടന്‍ സംവിധാനം ചെയ്ത ഓ ഫാബി എന്ന സിനിമയുടെ രചനയിലും പങ്കാളിയായി.
2012ല്‍ പേരമരം എന്ന ചെറുകഥാ സമാഹാരത്തിന് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു. മലയാറ്റൂര്‍ അവാര്‍ഡ്, തോപ്പില്‍ രവി അവാര്‍ഡ്, എസ്.ബി.ടി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള ഫിലിം ക്രിട്ടിക്സ് സ്വര്‍ണമെഡല്‍ എന്നിവ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി, ചലച്ചിത്ര അക്കാഡമി, കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് എന്നിവയില്‍ അംഗമായിരുന്നു.
" f
https://www.facebook.com/Malayalivartha



























