പേടിച്ചത് സംഭവിച്ചില്ല... അര്‍ജന്റീനയ്ക്ക് പുറമേ ആദ്യ മത്സരത്തില്‍ ബ്രസീലും തോല്‍ക്കുമെന്നുള്ള പ്രവചനങ്ങള്‍ ഫലിച്ചില്ല; സെര്‍ബിയന്‍ പ്രതിരോധം പൊളിച്ചടുക്കി ബ്രസീല്‍ പടയോട്ടം; സെര്‍ബിയന്‍ പ്രതിരോധം തകര്‍ത്ത് റിച്ചാര്‍ലിസണ്‍, ഇരട്ടഗോള്‍ വിജയം; സാംബ നൃത്ത ചുവടുകളോടെ ഗാലറി ഇളകിമറിഞ്ഞു

ലോകകപ്പിലെ മറ്റൊരു ആവേശ പോരാട്ടമാണ് ഇന്നലെ കണ്ടത്. പ്രമുഖ ടീമായ അര്‍ജന്റീനയ്ക്ക് പുറമേ ആദ്യ മത്സരത്തില്‍ ബ്രസീലും തോല്‍ക്കുമെന്നുള്ള പ്രവചനങ്ങളോടെയാണ് കളി തുടങ്ങിയത്. എന്നാല്‍ ബ്രസീല്‍ അതിനെ പൊളിച്ചടുക്കി. ആദ്യ പകുതിയില്‍ സെര്‍ബിയ ഉയര്‍ത്തിയ സമനിലപ്പൂട്ട് രണ്ടാം പകുതിയില്‍ പൊളിച്ചടുക്കി ബ്രസീല്‍.
റിചാര്‍ലിസന്റെ ഇരട്ട ഗോള്‍ നേട്ടത്തില്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ബ്രസീലിനു മിന്നും വിജയം. 62,73 മിനിറ്റുകളിലായിരുന്നു റിചാര്‍ലിസന്റെ ഗോളുകള്‍. സെര്‍ബിയ പ്രതിരോധ താരങ്ങള്‍ ആദ്യ പകുതിയില്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ബ്രസീല്‍ വിജയം വെട്ടിപ്പിടിച്ചത്.
ബ്രസീലിയന്‍ ആക്രമണങ്ങള്‍ ഉത്തരമില്ലാതെ വന്നപ്പോള്‍ ഗ്രൂപ്പ് ജിയില്‍ സെര്‍ബിയ അടിയറവ് പറഞ്ഞു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയം. വിജയത്തിന് ചുക്കാന്‍ പിടിച്ചത് രണ്ട് ഗോളും നേടിയ റിച്ചാര്‍ലിസണ്‍. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു താരത്തിന്റെ ഇരട്ടഗോള്‍ പ്രകടനം. ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ്, കാമറൂണിനെ തോല്‍പ്പിച്ചിരുന്നു.
ജയത്തോടെ ജി ഗ്രൂപ്പില്‍ മൂന്നു പോയിന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്തെത്തി. കാമറൂണിനെതിരായ ആദ്യ മത്സരം വിജയിച്ച സ്വിറ്റ്‌സര്‍ലന്‍ഡ് മൂന്നു പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. സെര്‍ബിയയ്‌ക്കെതിരെ 59 ശതമാനം പന്തടക്കവുമായി കളി പൂര്‍ത്തിയാക്കിയ ബ്രസീല്‍ തൊടുത്തുവിട്ടത് 22 ഷോട്ടുകളാണ്, അതില്‍ എട്ടെണ്ണം ഓണ്‍ ടാര്‍ഗറ്റ്.
അതേസമയം ഗോള്‍ വീണതോടെ തിരിച്ചടിക്കാന്‍ സെര്‍ബിയ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സെര്‍ബിയന്‍ പ്രതിരോധ നിരയ്ക്കു കനത്ത വെല്ലുവിളിയാണ് ആദ്യ മിനിറ്റു മുതല്‍ ബ്രസീല്‍ താരങ്ങള്‍ ഉയര്‍ത്തിയത്. കളിയുടെ ഏഴാം മിനിറ്റില്‍ ബ്രസീലിന്റെ നെയ്മാറെ ഫൗള്‍ ചെയ്തതിന് സെര്‍ബിയന്‍ താരം പാവ്‌ലോവിച്ചിന് യെല്ലോ കാര്‍ഡ് ലഭിച്ചു.
9ാം മിനിറ്റില്‍ കാസെമിറോയുടെ പാസില്‍, നെയ്മര്‍ സെര്‍ബിയ ബോക്‌സില്‍ അപകടം വിതച്ചെന്നു തോന്നിച്ചെങ്കിലും സെര്‍ബിയ പ്രതിരോധം നെയ്മാറെ കൃത്യമായി ബ്ലോക്ക് ചെയ്തു. 13ാം മിനിറ്റില്‍ കോര്‍ണറില്‍നിന്നുള്ള നെയ്മാറുടെ ഗോള്‍ ശ്രമം സെര്‍ബിയ ഗോളി മിലിങ്കോവിച് സാവിച് തട്ടിയകറ്റി. വീണ്ടുമൊരു കോര്‍ണര്‍ കൂടി ലഭിച്ചെങ്കിലും ഹെഡറിനുള്ള മാര്‍ക്വിഞ്ഞോയുടെ ശ്രമം പരാജയപ്പെടുത്തി സെര്‍ബിയ ഗോളി പന്ത് പിടിച്ചെടുത്തു.
28ാം മിനിറ്റില്‍ തിയാഗോ സില്‍വ വിനിസ്യൂസിനു നല്‍കിയ ത്രൂബോള്‍ സെര്‍ബിയ ഗോളി ഗോളാകാന്‍ അനുവദിച്ചില്ല. പക്വിറ്റയ്‌ക്കൊപ്പം കളി മെനഞ്ഞ് റാഫിഞ്ഞ എടുത്ത ഷോട്ടും ലക്ഷ്യം കണ്ടില്ല. 41ാം മിനിറ്റില്‍ വിനിസ്യൂസിന്റെ മറ്റൊരു ഗോള്‍ ശ്രമം അതിവേഗത്തിലുള്ള ടാക്കിളിലൂടെ സെര്‍ബിയന്‍ പ്രതിരോധ താരം മിലെങ്കോവിച്ച് പരാജയപ്പെടുത്തി. ആദ്യ പകുതി ഗോളില്ലാതെ അവസാനിച്ചു.
46ാം മിനിറ്റില്‍ സെര്‍ബിയന്‍ ഗോള്‍ കീപ്പറുടെ പിഴവില്‍ ബ്രസീലിന് ഒരു അവസരം ലഭിച്ചു. മിലിങ്കോവിച് സാവിച്ച്, ഗുഡേജിനു നല്‍കിയ പാസ് തട്ടിയെടുത്ത റാഫിഞ്ഞയുടെ ഷോട്ട്. പക്ഷേ മികച്ചൊരു സേവിലൂടെ സെര്‍ബിയന്‍ കീപ്പര്‍ തെറ്റു തിരുത്തി. സെര്‍ബിയ ബോക്‌സിനു സമീപത്തുവച്ച് നെയ്മാറെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്ക് നെയ്മാര്‍ തന്നെ എടുക്കുന്നു. എന്നാല്‍ സെര്‍ബിയ ഒരുക്കിയ പ്രതിരോധ മതിലില്‍ തട്ടി പന്തു പുറത്തേക്കു പോയി.
തുടര്‍ന്നു ലഭിച്ച കോര്‍ണറില്‍ റിചാര്‍ലിസന്റെ ഷോട്ട് സെര്‍ബിയ ഗോളി സേവ് ചെയ്തു. 55ാം മിനിറ്റില്‍ വിനീസ്യൂസിന്റെ പാസില്‍ നെയ്മാറുടെ ഗോള്‍ ശ്രമം പോസ്റ്റിനു വെളിയിലൂടെ പുറത്തേക്കു പോയി. 62ാം മിനിറ്റില്‍ റിചാര്‍ലിസന്റെ ഗോളിലൂടെ ബ്രസീല്‍ മുന്നിലെത്തി. ബ്രസീല്‍ ലീഡെടുത്തതോടെ സമനില പിടിക്കാന്‍ സെര്‍ബിയയും ശ്രമങ്ങള്‍ തുടങ്ങി. അതിനിടെയാണ് റിചാര്‍ലിസന്റെ രണ്ടാം ഗോളെത്തുന്നത്. 73ാം മിനിറ്റിലെ ബൈസിക്കിള്‍ കിക്ക് ഖത്തര്‍ ലോകകപ്പിലെ മനോഹര കാഴ്ചകളിലൊന്നാണെന്നുറപ്പിക്കാം. മൂന്നാം ഗോളിനായി ബ്രസീല്‍ ആക്രമണങ്ങള്‍ തുടര്‍ന്നതോടെ സെര്‍ബിയ പ്രതിരോധത്തിലായി.
സെര്‍ബിയ ബോക്‌സിനുള്ളില്‍ ബ്രസീല്‍ താരങ്ങളുടെ ഒത്തൊരുമയുടെ ഫലമായാണ് ലോകകപ്പിലെ കാനറികളുടെ ആദ്യ ഗോള്‍ പിറന്നത്.
ആദ്യ ഗോള്‍ നേടി പത്ത് മിനിറ്റു പിന്നിട്ടതിനു പിന്നാലെയാണ് റിചാര്‍ലിസനിലൂടെ ബ്രസീല്‍ ലീഡുയര്‍ത്തിയത്.
https://www.facebook.com/Malayalivartha



























