അർധരാത്രി കോഴിയെ അറുത്ത് ആയുധപൂജയ്ക്ക് ശ്രമം ; എയർ ഗൺ, കോടാലി, വെട്ടരിവാൾ, മടക്കുകത്തി തുടങ്ങി പത്തോളം ആയുധങ്ങൾ ; പോലീസ് എത്തിയപ്പോൾ വാദി പ്രതിയായി; നാട്ടുകാർ പൂജ മുടക്കിയെന്ന് പൂജാരി;

തൃശ്ശൂർ വരവൂരിൽ ആളൊഴിഞ്ഞ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ പൂജകൾ നടക്കുന്നു എന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി. അവിടെ ഹോമകുണ്ഡത്തിനരികിൽ എയർ ഗണ്ണിനു പുറമെ കോടാലി, വെട്ടരിവാൾ, മടക്കുകത്തി തുടങ്ങി പത്തോളം ആയുധങ്ങളും ജീവനുള്ള കോഴിയും ഉണ്ടായിരുന്നു. സ്ഥലം ഉടമയായ പൂജാരിയെയും സഹായിയെയും പൊലീസ് പിടികൂടി. എന്നാൽ, നാട്ടുകാർ ചേർന്നു പൂജ മുടക്കിയെന്നാരോപിച്ചു പൂജാരി നാട്ടുകാർക്കെതിരെ പൊലീസിനു പരാതി നൽകി.
രാമൻകുളങ്ങരയിലെ ആളൊഴിഞ്ഞ പറമ്പിൽ കഴിഞ്ഞ ദിവസം രാത്രി 11 മണിക്കാണു സംഭവം. പറമ്പിൽ നിന്നു തീയും പുകയും കണ്ടതോടെ സമീപവാസികളിൽ ചിലർ നോക്കിയപ്പോൾ അജ്ഞാതരായ ചിലർ ഹോമകുണ്ഡമൊരുക്കി പൂജ നടത്തുന്നതാണ് കണ്ടത്. കൂടെ ജീവനുള്ള കോഴിയെ കണ്ടതോടെ കോഴിയെ അറുത്ത് പൂജ ചെയ്യാനുള്ള ശ്രമമാണെന്നു തോന്നി. ഇതോടെ നാട്ടുകാർ എരുമപ്പെട്ടി പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് എത്തി മുള്ളൂർക്കര സ്വദേശിയായ പൂജാരി സതീശനെയും സഹായിയെയും കസ്റ്റഡിയിലെടുത്തു. എന്നാൽ താൻ അടുത്തിടെ വാങ്ങിയ പറമ്പാണിതെന്നും ചില ദോഷങ്ങളുള്ളതു പരിഹരിക്കാനാണു പൂജയെന്നും, താൻ ജ്യോതിഷിയാണെന്നും സതീഷ് പോലീസിനെ അറിയിച്ചു. പൂജയ്ക്കു വച്ചിരുന്ന ആയുധങ്ങൾ, ഇവരെത്തിയ കാർ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും രാത്രിയോടെ വിട്ടയച്ചു. കേസെടുത്തിട്ടില്ലെന്നാണു വിവരം. എന്നാൽ, സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സതീശന്റെ മൊഴിയെടുത്തിട്ടുണ്ട്. എന്തുതരം പൂജയാണു നടന്നതെന്നും ആയുധങ്ങൾ പൂജ വച്ചതെന്തിനെന്നും അന്വേഷിക്കും എന്നും പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























