കണ്ണിൽ മുളക് സ്‌പ്രേ അടിച്ച് പണം 9. 5 ലക്ഷം കവർന്ന ആറംഗ സംഘം പിടിയിൽ; ചോദ്യം ചെയ്യലിൽ ആറുമാസം മുമ്പ് നടന്ന 35 ലക്ഷം കവർന്ന കേസിലും തുമ്പായി; പിടിച്ചത് പോലീസിന്റെ വിദഗ്ധമായ നീക്കത്തിലൂടെ

സ്‌കൂട്ടറിൽ പണവുമായി പോവുകയായിരുന്ന യുവാവിന്റെ കണ്ണിൽ മുളക് സ്‌പ്രേ അടിച്ച് അക്രമിച്ച് 9.5 ലക്ഷം കവർച്ച നടത്തിയ ആറംഗ സംഘം പിടിയിൽ. കൊടകര സ്വദേശി ജാക്കി ബിനു , നെല്ലായി സ്വദേശി തൈവളപ്പിൽ ഹരിദാസൻ , മകൻ നിശാന്ത് , വടക്കേകാട് കല്ലൂർ സ്വദേശി അക്ഷയ് , അമ്മാടം സ്വദേശികളായ കിഴക്കേക്കുണ്ടിൽ നവീൻ , ആനക്കാരൻ സുധി എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്‌തു.
ഇവർ പ്ലാൻ ചെയ്ത് സ്ഥിരമായി ഹൈവേ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘമാണെന്നും കൊണ്ടോട്ടി പൊലീസ് പറഞ്ഞു. കവർച്ച നടന്ന ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതികളെ കൃത്യം നടന്ന് ഒരു മാസത്തിനുള്ളിൽ തന്നെ പിടികൂടാൻ സാധിച്ചത്. പ്രതികളെ ചോദ്യം ചെയ്തതിൽ 6 മാസം മുൻപ് വള്ളുവമ്പ്രത്ത് വച്ച് 35 ലക്ഷത്തോളം രൂപ കവർച്ച ചെയ്ത സംഭവത്തിനും തുമ്പായി.
പിടിയിലായ ഹരിദാസൻ വിവിധ ജില്ലകളിലായി ലഹരിക്കടത്ത്, കവർച്ച ഉൾപ്പെടെ 35 ഓളം കേസുകളിലെ പ്രതിയാണ്. ബൈക്കിൽ കറങ്ങി സ്ത്രീകളുടെ മാലകൾ കവർച്ചചെയ്ത കേസിൽ പിടിക്കപ്പെട്ട ജാക്കി ബിനു രണ്ടുമാസംമുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഇയാൾക്കെതിരെയും ഇരുപതോളം കേസുണ്ട്.
കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.എ.എസ്‌പി വിജയ് ഭാരത് റെഡി യുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസ്പക്ടർ മനോജ്, എസ്‌ഐ നൗഫൽ , ഡൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha



























