ആനയെ കുളിപ്പിക്കാൻ കൊണ്ട് പോകുന്നതിനിടയിൽ വാക്ക് തർക്കം ; ഒന്നാം പാപ്പാന്‍ രണ്ടാം പാപ്പാന്റെ കുത്തേറ്റു മരിച്ചു; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

മൂന്നാറിൽ കൊരണ്ടിക്കാട് ആനസഫാരി കേന്ദ്രത്തില്‍ പാപ്പാന്മാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിൽ ഒന്നാം പാപ്പാന്‍ രണ്ടാം പാപ്പാന്റെ കുത്തേറ്റു മരിച്ചു. തൃശൂര്‍ സ്വദേശി വിമൽ വിശ്വനാഥൻ (31) ആണ് മരിച്ചത്. വിമലിനെ കുത്തിയ രണ്ടാം പാപ്പാന്‍ മണികണ്ഠ(29)നെ മൂന്നാര്‍ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു പേരും മാട്ടുപ്പെട്ടി കൊരണ്ടക്കാടുള്ള കാർമലഗിരി ആന സഫാരി കേന്ദ്രത്തിലെ ആനപ്പാപ്പാന്മാരാണ്. വെള്ളിയാഴ്ച രാവിലെ 7.30നാണ് സംഭവം നടന്നത്. മൂന്നാര്‍ -മാട്ടുപ്പെട്ടി റോഡില്‍ കൊരണ്ടിക്കാട് ഭാഗത്തുള്ള ആനസഫാരികേന്ദ്രത്തില്‍ വെച്ചാണ് കത്തികുത്ത് നടന്നത്. ജൂലി എന്ന ആനയുടെ പാപ്പാന്‍മാരായിരുന്നു ഇരുവരും.
ആനയെ കുളിപ്പിക്കുന്നതിനായി കൊണ്ടുപോകുന്നതിനിടെയുണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിനു കാരണമെന്നാണു പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.വെള്ളിയാഴ്ച രാവിലെ ആനയെ കുളിപ്പിക്കുന്ന സ്ഥലത്ത് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും മണികണ്ഠന്‍ കൈയ്യില്‍ കരുതിയ കത്തികൊണ്ട് വിമലിന്റെ കഴുത്തില്‍ കുത്തുകയുമായിരുന്നു. കുത്തേറ്റ വിമലിനെ മൂന്നാര്‍ കണ്ണന്‍ദേവന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴുത്തിൽ ഒന്നിലധികം കുത്തുകളേറ്റ വിമൽ ഓടി സഫാരി കേന്ദ്രത്തിലെ ഓഫിസ് മുറിക്കരികിലെത്തി വീഴുകയായിരുന്നു. മണികണ്ഠനെ സഫാരി കേന്ദ്രത്തിലെ മറ്റു ജീവനക്കാർ ചേർന്നാണ് പിടികൂടി പൊലീസിനു കൈമാറിയത്.മണികണ്ഠൻ കൊലപാതകം ഉൾപ്പെടെയുള്ള വിവിധ കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
പെരുവല്ലൂർ കൂത്താട്ടിൽ ക്ഷേത്രത്തിനു സമീപം വടിയിരി വിശ്വനാഥന്റെയും പരേതയായ മല്ലികയുടെയും മകനാണ് മരിച്ച വിമൽ. 15 വർഷമായി പാപ്പാനാണ്. 6 മാസം മുൻപാണ് ഇടുക്കിയിലെത്തിയത്. മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജിന്റെ നേതൃത്വത്തിൽ എസ്എച്ച്ഒ മനേഷ് കെ.പൗലോസിനാണ് അന്വേഷണച്ചുമതല.
https://www.facebook.com/Malayalivartha
























