ആലപ്പുഴയിൽ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് ബന്ധുവീട്ടില്‍ : ദുരൂഹതയിൽ അന്വേഷണം ആരംഭിച്ച് പോലീസ്

ആലപ്പുഴയിൽ വീട്ടമ്മയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബന്ധുവീട്ടില്‍ എത്തിയ വീട്ടമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓലകെട്ടി അമ്പലം സ്വദേശി പരേതനായ അനന്തന്റെ ഭാര്യ മീരയാണ് (58) ബന്ധുവീട്ടിലെ കിണറ്റില്‍ മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. സഹോദരനായ തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പട്ടരുമടത്തില്‍ അനുമോന്റെ വീട്ടില്‍ എത്തിയതായിരുന്നു മീര. എന്നാൽ ഇവര്‍ വീട്ടിലെത്തിയ സമയം വീട്ടുകാര്‍ ആരും സ്ഥലത്തില്ലായിരുന്നു. തുടർന്ന് ഇവര്‍ എത്തിയപ്പോള്‍ മീരയെ വീട്ടില്‍ കണ്ടില്ല.
ഇതിനു പിന്നാലെ ഏറെ നേരത്തെ തെരച്ചലിന് ശേഷം അഞ്ചരയോടെയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. ഉടനെ തന്നെ മീരയെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























