അഡ്മിറ്റാകാന്‍ ആവശ്യപ്പെട്ട വനിതാ ഡോക്ടറെ രോഗി തല്ലിയെന്ന കേസ്... ഒക്ടോബര്‍ 30 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതി വസീറിന്റെ ജാമ്യ ഹര്‍ജി ജില്ലാ കോടതി ഇന്ന് പരിഗണിക്കും, തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 2022 ഒക്ടോബര്‍ 29 ന് ഉച്ചക്ക് 2 മണിക്കാണ് സംഭവം നടന്നത്, വസീറിന്റെ ജാമ്യഹര്‍ജി മജിസ്‌ട്രേട്ട് കോടതി തള്ളിയ സാഹചര്യത്തിലാണ് ജില്ലാ കോടതിയെ സമീപിച്ചത്

അഡ്മിറ്റാകാന്‍ ആവശ്യപ്പെട്ട വനിതാ ഡോക്ടറെ രോഗി തല്ലിയെന്ന കേസില്‍ ഒക്ടോബര്‍ 30 മുതല്‍ റിമാന്റില്‍ കഴിയുന്ന പ്രതി വസീറിന്റെ ജാമ്യ ഹര്‍ജി ജില്ലാ കോടതി 29 ന് (ചൊവ്വാഴ്ച) (ഇന്ന്) പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പി.വി.ബാലകൃഷ്ണനാണ് ഹര്‍ജി പരിഗണിക്കുന്നത്.
2022 ഒക്ടോബര്‍ 29 ന് ഉച്ചക്ക് 2 മണിക്കാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സംഭവം നടന്നത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറായ ശോഭയെയാണ് മണക്കാട് വള്ളക്കടവ് സ്വദേശി വസീര്‍ (25) മര്‍ദ്ദിച്ചത്.
ജനറല്‍ ആശുപത്രിയില്‍ മൂത്രത്തില്‍ കല്ലിന് ചികിത്സ തേടി സര്‍ജറി ഒ പി യില്‍ എത്തിയ വസീറിനോട് ഡോക്ടര്‍ പരിശോധിച്ച ശേഷം സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനക്ക് അയച്ചു. പരിശോധനാ ഫലങ്ങളുമായി തിരിച്ചെത്തിയ ഇയാളുടെ സ്‌കാനിംഗ് റിപ്പോര്‍ട്ട് പരിശോധിച്ച ഡോക്ടര്‍ വൃക്കയില്‍ കല്ലിന്റെ പ്രശ്‌നമാണെന്നും കിടത്തിച്ചികിത്സ വേണ്ടി വരുമെന്നും അഡ്മിറ്റാകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പെട്ടെന്ന് പ്രകോപിതനായി അക്രമാസക്തനായ ഇയാള്‍ ഒപി ടിക്കറ്റും മറ്റു രേഖകളും ഡോക്ടറില്‍ നിന്ന് പിടിച്ചു വാങ്ങി ചികിത്സ വേണ്ടെന്ന് ആക്രോശിച്ച് ഡോക്ടറെ കൈയ്യില്‍ അടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ സുരക്ഷാ ജീവനക്കാരും മറ്റുള്ളവും ചേര്‍ന്ന് ഇയാളെ തടഞ്ഞു. ഡോക്ടര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. വസീറിനെ കന്റോണ്‍മെന്റ് പോലീസെത്തി ഉടന്‍ കസ്റ്റഡിയിലെടുത്തു.
വസീറിന്റെ ജാമ്യഹര്‍ജി മജിസ്‌ട്രേട്ട് കോടതി തള്ളിയ സാഹചര്യത്തിലാണ് ജില്ലാ കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha
























