മുഖ്യമന്ത്രി അറിയാതെ മന്ത്രി രാജൻ കെ റയിലിൻ്റെ കുറ്റി പിഴുതു, കെ.റയിലിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് പരസ്യം നൽകാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം, കെ.റയിലിൻ്റെ പുതിയ പരസ്യം പുറത്തുവന്നു, പദ്ധതി കേരളം നിർത്തിയിട്ടില്ലെന്ന് പ്രചരണം

സിൽവർ ലൈൻ പദ്ധതിയുടെ ജോലികൾ നിർവഹിച്ചിരുന്ന ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനുള്ള റവന്യുമന്ത്രി കെ.രാജൻ്റെ തീരുമാനത്തിനെതിരെ സി പി എമ്മിൽ അമർഷം പുകയുന്നു മുഖ്യമന്ത്രിയുടെ സമ്മതം ലഭിക്കുന്നതിന് മുമ്പുള്ള മന്ത്രി രാജൻ്റെ തീരുമാനം സി പി ഐ യുടെ കള്ള കളിയാണെന്നും സി പി എം വിശ്വസിക്കുന്നു. ചുരുക്കത്തിൽ സി പി ഐ തങ്ങളെ തേയ്ച്ചതായി സി പി എം കരുതുന്നു.
ഇത് സംബന്ധിച്ച് പുറത്തു നിന്ന വാർത്തകൾ കണ്ട് പിണറായി ക്ഷുഭിതനായെന്നാണ് റിപ്പോർട്ട്. കെ.റയിലിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് പരസ്യം നൽകാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ കെ.റയിലിൻ്റെ പുതിയ പരസ്യം പുറത്തുവന്നു. പദ്ധതി കേരളം നിർത്തിയിട്ടില്ലെന്നാണ് പ്രചരണം.
സിൽവർ ലൈൻ നടപടികൾ സർക്കാർ മരവിപ്പിച്ചിട്ടും പരസ്യ പ്രചാരണം കെ റെയിൽ തുടരുന്നു. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ച ഉത്തരവിന്റെ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് പരസ്യ വീഡിയോയുമായി കെ റെയിൽ ഫേസ്ബുക്ക് പേജിൽ എത്തിയത്. 'പദ്ധതി ഇല്ലാതായിട്ടില്ല.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള അർധ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. കേന്ദ്രാനുമതി കിട്ടുന്നത് വരെയുള്ള സമയം മാത്രമാണ് ഇനിയുള്ളത്. യാഥാർത്ഥ്യമാകും കേരളത്തിൻറെ സ്വപ്ന പദ്ധതി... കേരളം കുതിക്കട്ടെ സിൽവർലൈനിൽ...'- പേജിൽ കുറിക്കുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് നടപടിയെന്ന് കെ റയിൽ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു.
അതേസമയം പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ച് ഉത്തരവ് ഇറങ്ങി. ഇനി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും പദ്ധതിയിലെ തുടർ നടപടി. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനവും കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. ഇക്കാര്യങ്ങൾ വിശദീകരിച്ചാണ് റവന്യു വകുപ്പിന്റെ ഉത്തരവ്. റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവിറങ്ങിയത്. എന്നാൽഫയൽ മുഖ്യമന്ത്രി കണ്ടിട്ടില്ല.
പദ്ധതി മരവിപ്പിച്ചത് ഇടത് നേതാക്കളടക്കം തള്ളി. പദ്ധതി മരവിപ്പിച്ചെന്ന വാർത്ത പുറത്തു വന്നപ്പോൾ തന്നെ അക്കാര്യം സി പി എം നേതാക്കൾ തള്ളിയിരുന്നു. കെ റയിൽ പദ്ധതി നിർത്തിയാൽ അത് തനിക്ക് വ്യക്തിപരമായി നാണക്കേടാവുമെന്ന് മുഖ്യമന്ത്രി കരുതുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതി തുടരുമെന്ന പ്രചരണം നടത്തുന്നത്.
റവന്യു വകുപ്പ് ഉത്തരവിറക്കിയപ്പോൾ ആരോട് ചോദിച്ചിട്ടാണെന്ന് മുഖ്യമന്ത്രി ആരാഞ്ഞു. അത് റവന്യു വകുപ്പിൻ്റെ ഉത്തരവാദിത്തമാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞതായാണ് വിവരം. സിൽവർ ലൈൻ പദ്ധതിയിൽ നിന്നും ഒരിക്കലും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നൽകി.
ഭൂമിയേറ്റെടുക്കൽ സർവേ നടപടികളുമായി സർക്കാർ മുന്നോട്ട് പോയതോടെ എതിർപ്പുയർന്നു. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം കത്തിപ്പടർന്നു. സ്ത്രീകളും കുട്ടികളും പദ്ധതിക്കെതിരെ തെരുവിലിറങ്ങിയെങ്കിലും പിൻമാറില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് അതിരടയാളമിടാൻ ഇനി ജിയോ ടാഗിംഗ് മതിയെന്ന് സർക്കാർ ഉത്തരവിറക്കി. ഇതിനിടക്ക് തൃക്കാക്കര ഇലക്ഷനിലേറ്റ തിരിച്ചടിയിൽ നിന്നും പാഠമുൾക്കൊണ്ട ഇടത് സർക്കാർ സിൽവർ ലൈൻ പദ്ധതി നടപടികളിൽ താൽക്കാലികമായി നിർത്തിവെച്ചുവെന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. പ്രതിപക്ഷം സർക്കാർ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തി.
സിൽവർലൈൻ പദ്ധതിയിൽ നിന്നും മലക്കം മറിഞ്ഞ സ്ഥിതിക്ക് ഭൂമിയേറ്റെടുക്കലിനായി പ്രഖ്യാപിച്ച വിജ്ഞാപനം പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം നിലനിൽക്കുന്നത് കാരണം പലർക്കും അവരുടെ ഭൂമി ക്രയവിക്രയം ചെയ്യാനോ അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ ബാങ്ക് വായ്പ ലഭിക്കുന്നതിനോ സാധിക്കാത്ത സ്ഥിതിയാണുള്ളത്..
ജനവിരുദ്ധവും നാടിനും പരിസ്ഥിതിക്കും ആപത്തുമായ കെ.റെയിൽ പദ്ധതി മരവിപ്പിച്ച് സർക്കാർ യുടേൺ എടുത്തത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രതിഷേധം ഫലം കണ്ടത് കൊണ്ടാണ്. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനുള്ള റവന്യു വകുപ്പ് ഉത്തരവ് അതിന്റെ ആദ്യഘട്ടവിജയ മെന്ന് പ്രതിപക്ഷം കരുതുന്നു. പാരിസ്ഥിതിക പഠനം,സാമൂഹികാഘാത പഠനം,ഡിപിആർ തുടങ്ങി വ്യക്തമായ യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് സർക്കാർ സിൽവർലൈൻ പദ്ധതിക്കായി എടുത്ത് ചാടിയത്.
കേന്ദ്രാനുമതി കിട്ടിയശേഷം പദ്ധതി തുടങ്ങുമെന്ന് ഇപ്പോൾ വീമ്പ് പറയുന്നത് ജാള്യത മറയ്ക്കാനാണെന്നും പ്രതിപക്ഷം പറഞ്ഞു.സർക്കാർ ഖജനാവിൽ നിന്നും 56.69 കോടിയാണ് ഒട്ടും പ്രായോഗികമല്ലാത്ത സിൽവർലൈൻ പദ്ധതിക്കായി പൊടിച്ചത്.തട്ടിക്കൂട്ട് ഡിപിആർ തയ്യാറാക്കിയ ജനറൽ കൺസൾട്ടൻസിയായ ഫ്രഞ്ച് കമ്പനി സിസ്ട്രക്ക് ഇതുവരെ നൽകിയത് 22.27 കോടി രൂപയാണ്. കൈപുസ്തകം, സംവാദം,പ്രചരണം,ശമ്പളം തുടങ്ങിയവക്കായി കോടികൾ ചെലവാക്കി.
സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് പരസ്യ പ്രഖ്യാപനം നടത്താനും സർക്കാർ മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ ഉദ്ഘാടനം നടത്തിയത് ധനമന്ത്രി കെഎൻ ബാലഗോപാലാണ്. കേന്ദ്ര സർക്കാരാണ് അനുമതി നൽകാത്തതെന്നും കേരളത്തിന് മെച്ചമായ ഒരു പദ്ധതി വരരുതെന്ന കേന്ദ്രത്തിന് നിലപാടാണ് പ്രശ്നമെന്നുമാണ് ബാലഗോപാലിന്റെ പ്രതികരണം.
ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്ന രീതിയില്ലെന്നും അവരുടെ ജോലി കഴിഞ്ഞതിനാലാകും തിരികെ വിളിച്ചതെന്നുമാണ് ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ച റവന്യൂ വകുപ്പിന്റെ ഉത്തരവിനെ കുറിച്ച് ധനമന്ത്രിയുടെ പ്രതികരണം.
അതേസമയം, സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ ചുമത്തപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കണം. സമരക്കാരെ പൊലീസും സിപിഎം ഗുണ്ടകളും തല്ലിച്ചതച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.സർവ്വെക്കായി വിവിധ ജില്ലകളിൽ നിയോഗിച്ച ഉദ്യോഗസ്ഥരെ അടിയന്തിരമായി തിരിച്ചുവിളിക്കാനാണ് ഉത്തരവ്.
ഇവർക്ക് ഉടൻ മറ്റ് ചുമതലകൾ നൽകണം. ഇനി സാമൂഹ്യാഘാത പഠനം റെയിൽവെ ബോർഡിൻറെ അനുമതിക്ക് ശേഷം മാത്രമെന്ന് പറഞ്ഞാണ് പിന്മാറ്റം. 11 ജില്ലകളിലെ 193 വില്ലേജുകളിലാണ് പഠനം നടക്കേണ്ടത്. 45 വില്ലേജുകളിൽ മാത്രമാണ് ഇതുവരെ പഠനം നടന്നത്. അതിശക്തമായ പ്രതിഷേധം മൂലം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കാലത്ത് മഞ്ഞക്കുറ്റിയിട്ടുള്ള പഠനം സർക്കാർ നിർത്തിയിരുന്നു. ജിയോ ടാഗിംഗും മാപ്പിംഗു വഴി പഠനമെന്ന് പറഞ്ഞെങ്കിലും എതിർപ്പ് മൂലം പഠനം മാസങ്ങളായി പാതിവഴിയിലാണ്. കേന്ദ്രവും റെയിൽവെ ബോർഡും അനുമതി നൽകില്ലെന്ന് ആവർത്തിച്ച് സൂചിപ്പിക്കുന്നതിനിടെയാണ് സർക്കാറിന്റെ പിന്മാറ്റം.
സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകില്ല. ഭൂമി ഏറ്റെടുക്കൽ നടപടികൾ അടക്കം പദ്ധതി പ്രവർത്തനങ്ങൾക്ക് 11 ജില്ലകളിലായി നിയോഗിച്ചിരുന്നത് 205 ഉദ്യോഗസ്ഥരെയാണ്. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഇവരെ അതാതിടങ്ങളിലേക്ക് തിരിച്ചെത്തിക്കാൻ റവന്യൂ വകുപ്പിൽ നിന്ന് നടപടി ഉണ്ടാകും.
2020 ജൂണിൽ ഡി പി ആർ സമർപ്പിച്ചിട്ടും കേന്ദ്രാനുമതിയിൽ ഇതുവരെ തീരുമാനം ഒന്നുമില്ല. കേന്ദ്രാനുമതിക്ക് ശേഷം മതി ഇനി തുടർപ്രവർത്തനങ്ങൾ എന്നാണ് നിലവിലെ ധാരണ. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് മെയ് പകുതിയോടെയാണ് സിൽവർലൈൻ സർവ്വേക്ക് വേണ്ടി മഞ്ഞ കുറ്റിയിടൽ അവസാനിപ്പിച്ചത്.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് അതിരടയാളമിടാൻ ഇനി ജിയോ ടാഗിംഗ് മതിയെന്ന് സർക്കാർ ഉത്തരവിറക്കി. ഇതിനിടെ സാമൂഹ്യാഘാത പഠനം നടത്തുന്ന ഏജൻസിയുടെ കാലാവധി പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കെ റെയിൽ സർക്കാരിനെ സമീപിച്ചിരുന്നു. കീഴ്വഴക്കം മറ്റൊന്നാണെങ്കിലും ഏജൻസി തുടരുന്നതിന് തടസമില്ലെന്ന നിയമോപദേശവും സർക്കാരിന് മുന്നിലുണ്ട്. പദ്ധതിക്ക് കേന്ദ്രാനുമതി കൂടിയേ തീരു എന്ന് മുഖ്യമന്ത്രി അടക്കം ആവർത്തിക്കുന്നതിനിടെയാണ് കേന്ദ്രാനുമതി കിട്ടിയ ശേഷം മതി ഇനി തുടർ പ്രവർത്തനങ്ങളെന്ന ധാരണയിലേക്ക് സർക്കാർ എത്തുന്നതെന്നതും ശ്രദ്ധേയമാണ്.
മുഖ്യമന്ത്രി പിണറായി വിജയനെ റവന്യുമന്ത്രി കെ രാജൻ ബൈപാസ് ചെയ്തതായി സി പി എം കരുതുന്നു . കെ.റയിലുമായി ബന്ധപ്പെട്ട് കല്ലിടൽ നിർത്തിവയ്ക്കാൻ ആദ്യം നിർദ്ദേശം നൽകിയത് മന്ത്രി രാജനാണ്. ഇതിന് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടില്ലെന്നാണ് പിണറായി ഭക്തർ പറയുന്നത്. വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുന്നത് റവന്യു വകുപ്പിൽ നിന്നും ഒഴിവാക്കാൻ വരെ അന്ന് ആലോചനകൾ നടന്നിരുന്നു. ഇനിയും ഇത്തരം ചർച്ചകൾ സജീവമായേക്കും.
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മന്ത്രി രാജനുമായി സംസാരിച്ചുവെന്നാണ് വിവരം. യഥാർത്ഥത്തിൽ കാനവും രാജനും തമ്മിലുള്ള ചർച്ചയുടെ ഫലമാണ് ഇന്നലെ പുറത്തിറങ്ങിയ ഉത്തരവ്. തന്നെ അപമാനിക്കാൻ റവന്യുമന്ത്രി ശ്രമിച്ചതായി മുഖ്യമന്ത്രി കരുതുന്നു.എന്നാൽ റവന്യുമന്ത്രിക്കെതിരെ സംസാരിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ല.
അടുത്ത കാലത്ത് ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് നടന്ന ആത്മഹത്യയിൽ വകുപ്പിനെതിരെ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും തമ്മിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല. പകരം ചീഫ് സെക്രട്ടറിയും റവന്യു സെക്രട്ടറിയും തമ്മിലാണ് സംസാരിക്കുന്നത്. റവന്യു സെക്രട്ടറിയും കളക്ടർമാരും തമ്മിൽ സംസാരിക്കുന്നുണ്ട്.ഇത്തരം ചർച്ചകളുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി കൈമാറും. റവന്യുമന്ത്രി യോട് മുഖ്യമന്ത്രിക്ക് താത്പര്യമില്ലെന്നതാണ് സത്യം .
സി പി ഐ വകുപ്പുകളിൽ നടക്കുന്ന കാര്യങ്ങളിൽ മുഖ്യമന്ത്രി ഇടപെടുന്നത് ചീഫ് സെക്രട്ടറി വഴിയാണ്. ചീഫ് സെക്രട്ടറിയുമായി സ്ഥിരം സംസാരിക്കുന്നത് മുഖ്യമന്ത്രിയുടെ സെക്രട്ടറി കെ.എം.എബ്രഹാമാണ്. വകുപ്പു സെക്രട്ടറിമാരുമായും എബ്രഹാം ചർച്ച നടത്താറുണ്ട്.സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന റവന്യു വകുപ്പിൻ്റെ നീക്കങ്ങളിൽ മുഖ്യൻ അസ്വസ്ഥനാണെന്ന കാര്യം അദ്ദേഹത്തിൻ്റെ സെക്രട്ടറി റവന്യു സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.
സി പി ഐ മന്ത്രിമാരുമായും പിണറായി സംസാരം കുറവാണ്. അതു കൊണ്ടു കൂടിയാണ് സി പി ഐ ഭരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വകുപ്പിനെ പിണറായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിമർശിച്ചത്. റവന്യു വകുപ്പിന് നേരെ മുഖ്യമന്ത്രി ഉയർത്തിയ ആക്ഷേപങ്ങളിൽ റവന്യുമന്ത്രി കെ രാജൻ മറുപടി പറഞ്ഞില്ല. മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങൾക്കനുസരിച്ച് നടപടിയെടുത്തതുമില്ല.എന്നാൽ മന്ത്രി രാജൻ ഇക്കാര്യം മനസിൽ വച്ചു. അതാണ് ഇപ്പോൾ കെറയിലിൻെറ കാര്യത്തിൽ സംഭവിച്ചത്.
റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ സംഘർഷമുണ്ടായത് കണ്ണൂരിലാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നിന്ന് വരെ കടുത്ത എതിർപ്പുയർന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. സിൽവർ ലൈനിനെ അനുകൂലിച്ച് സർക്കാരിന് വേണ്ടി വാദിക്കാനെത്തുന്നവർ പോലും കല്ലിട്ട് പ്രകോപനം ഉണ്ടാക്കുന്നതിനെ ന്യായീകരിക്കുന്നുമില്ല. തൃക്കാക്കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കല്ലിടൽ നിർത്തിവച്ചതും വലിയ ചർച്ചയായി. ഇതിനിടക്കാണ് പുതിയ തീരുമാനം.
190 കിലോ മീറ്ററിലാണ് സിൽവർ ലൈൻ സർവേ പൂർത്തിയായത്. ഇനി 340 കിലോ മീറ്റർ ബാക്കിയുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികൾ സർവേക്ക് സഹായം നൽകും. ഇതും മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ്. ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിക്കെതിരെ ഒരു കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പ്രചരണ വീഡിയോ ഇറക്കുന്നത്. കെ റെയിൽ എം. ഡി സി പി എം പ്രതിനിധിയാണ്. അദ്ദേഹം പറയുന്നത് സി പി എമ്മിൻ്റെയും പിണറായിയുടെയും നിലപാടുകളാണ്. കെ റെയിൽ എം.ഡി. സർക്കാരിനെതിരെയാണ് പ്രവർത്തി ക്കുന്നത്. സർക്കാർ നിർത്തിവച്ച ഒരു പദ്ധതി നിർത്തിവച്ചിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറയുമ്പോൾ അത് വെറുതെ പറയുന്നതാണെന്ന് കരുതുന്നത് മണ്ടത്തരമാണ്. ഏതുവിധേനയും കെ റയിലിന് കേന്ദ്രത്തിൽ നിന്ന് അനുമതി തേടുകയാണ് ഇനി മുഖ്യമന്ത്രിയുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha
























