സംസ്ഥാനത്തെ റെയിൽ വികസനം ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന കൊച്ചുവേളി ടെർമിനലിന്‍റെ രണ്ടാംഘട്ട വികസനം പൂർത്തിയാകുന്നു... ഇന്ന് രാത്രിയോടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ജോലികൾ അന്തിമഘട്ടത്തിലേക്ക് എത്തി....

ജനുവരിയിൽ ആരംഭിച്ച രണ്ടാംഘട്ട വികസനം പൂർത്തിയാകുന്നതോടെ കൊച്ചുവേളിയിൽ പുതിയതായി മൂന്നു പ്ലാറ്റ്ഫോം ലൈനുകളും ഒരു സ്റ്റേബിളിങ് ലൈനുമാണ് ലഭിക്കുന്നത്. ഇതോടെ കൊച്ചുവേളിയിൽ ആറ് പ്ലാറ്റ്ഫോമുകൾ, നാല് സ്റ്റേബിളിങ് ലൈനുകൾ, അറ്റകുറ്റപ്പണിക്കുള്ള മൂന്ന് പിറ്റ് ലൈനുകൾ എന്നിവയാണ് പൂർത്തിയാകുന്നത്.
39 കോടി രൂപ ചെലവിട്ടാണ് നിർമ്മാണം പൂർത്തിയാകുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.കൊച്ചുവേളി ടെർമിനലിന്‍റെ രണ്ടാം ഘട്ട വികസനം പൂർത്തിയാകുന്നതോടെ സംസ്ഥാനത്തിന് കൂടുതൽ ട്രെയിനുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ട്രെയിനുകൾക്ക് പുറമെ ചില ട്രെയിനുകൾ കൊച്ചുവേളിയിലേക്ക് നീട്ടാനും സാധ്യതയുണ്ട്. കൊച്ചുവേളിയിൽനിന്ന് കോട്ടയം കൊങ്കൺ വഴി മുംബൈയിലേക്ക് പുതിയ പുതിയ ട്രെയിൻ, കൊല്ലം ചെങ്കോട്ട വഴി പോണ്ടിച്ചേരിയിലേക്ക് പുതിയ ട്രെയിൻ എന്ന ആവശ്യവും ഇതിനോടകം നിലവിലുണ്ട്.
കൂടുതൽ പ്ലാറ്റ്ഫോമുകൾ ലഭിക്കുന്നതോടെ സ്ഥലപരിമിതികൾ മൂലം ട്രെയിനുകൾ ഔട്ടറിൽ പിടിക്കുന്നത് ഒഴിവാക്കാനാകും. 2005ൽ പ്രവർത്തനമാരംഭിച്ച കൊച്ചുവേളി സ്റ്റേഷനിൽ ആറ് പ്ലാറ്റ്ഫോമുകളുണ്ടെങ്കിലും മൂന്നെണ്ണത്തിൽ മാത്രമാണ് പ്രവർത്തനസജ്ജമായ ലൈനുകൾ ഉണ്ടായിരുന്നത്. ഒരു പ്ലാറ്റ്ഫോമിൽ ട്രാക്ക് ഇല്ലാതിരുന്നതും, മറ്റ് രണ്ടിടങ്ങളിൽ സിഗ്നൽ സംവിധാനമില്ലാതിരുന്നതുമാണ് പ്രശ്നമായത്. ഇതുകാരണം രാവിലെ എത്തുന്ന മൈസുരു-കൊച്ചുവേളി, ബംഗളുരു-കൊച്ചുവേളി ഹംസഫർ എക്സ്പ്രസ് എന്നിവ പ്ലാറ്റ്ഫോം ഒഴിയുന്നതുംകാത്ത് ഔട്ടറിൽ കിടക്കേണ്ട അവസ്ഥയിലായിരുന്നു.
ഇത് കൂടാതെ ലോകമാന്യതിലക്-കൊച്ചുവേളി ബൈവീക്ക്ലി ട്രെയിൻ പ്രതിദിന സർവീസാക്കണം, ധൻബാദ്-ആലപ്പുഴ, കണ്ണൂർ-ആലപ്പുഴ തുടങ്ങിയ ട്രെയിനുകൾ കൊച്ചുവേളിയിലേക്ക് നീട്ടണം, കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് ആഴ്ചയിൽ മൂന്ന് ദിവസമാക്കുക, കൊച്ചുവേളി-മഡ്ഗാവ്, കൊച്ചുവേളി-ഹൈദരാബാദ് എന്നീ ട്രെയിനുകൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ റെയിൽവേ ജീവനക്കാരുടെ സംഘടന മുന്നോട്ടുവെക്കുന്നു.
https://www.facebook.com/Malayalivartha



























