മാനസികാരോഗ്യകേന്ദ്രത്തിലെ യുവതിയുടെ മരണത്തിൽ ദുരൂഹത; മരണ ദിവസം സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തിച്ചില്ല;ജീവനക്കാരുടെ മൊഴികളിലും പൊരുത്തക്കേട്; പ്രതികരിക്കാതെ ആശുപത്രി അധികൃതര്‍

പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കൊല്ലം ശാസ്താംകോട്ട ആയിക്കുന്നം വലിയവീട്ടില്‍ കിഴക്കതില്‍ സ്മിതാകുമാരി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത. യുവതി മരിച്ച ദിവസം ആശുപത്രിയിലെ സി.സി.ടി.വി. ക്യാമറകള്‍ പ്രവര്‍ത്തിച്ചില്ല. ജീവനക്കാരുടെ മൊഴികളിലും പൊരുത്തക്കേടുകൾ ഉണ്ട്. ആശുപത്രി ജീവനക്കാരെ രണ്ടുതവണ ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് പോലീസ് പറയുന്നു.
ആശുപത്രിയിലെ പത്താം വാര്‍ഡില്‍ നാലുപേരുള്ള മുറിയിലാണ് സ്മിതയെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് ഒറ്റയ്ക്ക് മറ്റൊരു മുറിയിലേക്ക് മാറ്റിയതായും ജീവനക്കാര്‍ പോലീസിനോടു പറഞ്ഞു. 29-ന് വൈകീട്ടോടെ സ്മിതയെ മുറിയില്‍ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചതായും ഇവര്‍ പറഞ്ഞു. എന്നാല്‍ സ്മിതാകുമാരി മുറിയില്‍ മരിച്ചുകിടക്കുന്നതായാണ് ആശുപത്രിയില്‍ വാര്‍ത്ത പരന്നതെന്നും മുറിയില്‍ക്കയറി പരിശോധിച്ച് ജീവനക്കാര്‍ ഇത് സ്ഥിരീകരിച്ചതായും ഈ സമയം അവിടെയുണ്ടായിരുന്നവര്‍ പറയുന്നു. ഇതിനു ശേഷമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
സി.സി.ടി.വി. ക്യാമറകള്‍ ഇരുപത്തിയെട്ടാം തീയതി മുതല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പോലീസിന് മൊഴിനൽകി. ഹാര്‍ഡ് ഡിസ്‌ക് പോലീസ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നതായും അന്വേഷണവുമായി സഹകരിക്കുന്നതായും മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു യുവതി മരിച്ചതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനോ പരിശോധിക്കാനോ അധികൃതര്‍ തയ്യാറായില്ല. സംഭവത്തില്‍ വിശദ അന്വേഷണം വേണമെന്ന് ചില വികസന സമിതി അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൃത്യമായ മറുപടി നല്കാൻ അധികൃതര്‍ വിസമ്മതിച്ചു. കഴിഞ്ഞ ശനിയാഴ്ച കളക്ടര്‍ ഉള്‍പ്പെടെ പങ്കെടുത്ത് ആശുപത്രി വികസന സമിതി യോഗം നടന്നിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ക്രൂരമായ മര്‍ദനമാണ് മരണകാരണം. അടിയേറ്റ് തലയോട്ടി തകര്‍ന്നു. തലയുടെ മധ്യഭാഗത്തുകൂടി മൂക്കിന്റെ ഭാഗംവരെ ഏഴ് സെന്റിമീറ്ററോളം നീളത്തിലും ആഴത്തിലും മുറിവുണ്ട്. തലച്ചോറ് അടിയേറ്റു തകര്‍ന്നു. രക്തക്കുഴലുകള്‍ പൊട്ടി. ഇതാണ് പ്രധാന മരണകാരണമായി പറയുന്നത്. കൈകാലുകളുടെ മുട്ടുകള്‍ അടിച്ചൊടിച്ചു. ഏഴിഞ്ചുമുതല്‍ ആഴത്തിലുള്ള മുറിവുകള്‍ കക്ഷങ്ങളിലും കൈത്തണ്ടകളിലുമുണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്ത് അഞ്ച് സെന്റിമീറ്റര്‍ ആഴത്തില്‍ മുറിവുണ്ട്. ആന്തരികമായും മാരകമായി ക്ഷതമേറ്റു. മൂക്കിന്റെ പാലവും തകർന്നിട്ടുണ്ട്. ഇത് ഒന്നും തന്നെ സ്വാഭാവിക മുറിവുകളല്ലെന്നാണ് ഫൊറന്‍സിക് വിഭാഗം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ നവംബര്‍ 26-ന് വൈകീട്ടാണ് ഇവരെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. എന്നാൽ ശ്വാസതടസ്സത്തെ തുടര്‍ന്ന് സ്മിതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് 29-ന് വൈകീട്ട് ആറോടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണപിള്ളയെ അറിയിച്ചു. ബന്ധുക്കളുമായി ഉണ്ണിക്കൃഷ്ണപിള്ള ആശുപത്രിയിലെത്തിയെങ്കിലും സ്മിത മരിച്ചെന്ന വിവരമാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha



























