'താനിരിക്കെണ്ടിടത്ത് താനിരുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് മലയാളത്തിൽ ഒരു ചൊല്ലുണ്ടല്ലോ. ശരിയായ ലൈംഗിക വിദ്യാഭ്യാസം സ്‌കൂളിൽ നിന്ന് കൊടുത്തില്ലെങ്കിൽ കുട്ടികൾക്ക് അത് കിട്ടാതിരിക്കുകയൊന്നുമില്ല. എന്ത് കിട്ടുമെന്നും ആരിൽ നിന്ന് കിട്ടുമെന്നും എങ്ങനെ കിട്ടുമെന്നും ഒക്കെ വ്യത്യസ്തമായിരിക്കും...' മുരളി തുമ്മാരുകുടി കുറിക്കുന്നു

വിവാദ പ്രസ്താവനയുമായി മുസ്‌ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ രണ്ടത്താണി രംഗത്ത് എത്തുകയുണ്ടായി. കൗമാരകാലത്ത് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠനം വേണ്ട. നാടിന്റെ സംസ്കാരം എന്താവുമെന്നും പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നും വിദ്യാഭ്യാസ പരിഷ്കാര നീക്കത്തെ വിമര്‍ശിച്ച് രണ്ടത്താണി പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും കണ്ണൂരിലെ യുഡിഎഫ് പ്രതിഷേധക്കൂട്ടായ്മയില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു. ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മുരളി തുമ്മാരുകുടി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
Tomorrow യും ലൈംഗിക വിദ്യാഭ്യാസവും...
എഞ്ചനീയറിങ്ങ് കോളേജിൽ പഠിച്ച കാലത്ത് പോലും ഞാൻ പൂമ്പാറ്റ വായിക്കുമായിരുന്നു. കോതമംഗലം സബ് സ്റ്റേഷനിൽ നിന്നും വേണ്ടുവഴിക്കുള്ള റോഡിൽ പൂമ്പാറ്റയും വായിച്ചു നടന്നു പോകുന്ന സുരക്ഷാ വിദഗ്ദ്ധനെ ഇപ്പോൾ നിങ്ങൾക്ക് ചിന്തിക്കാൻ കഴിയില്ല. പക്ഷെ അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു.
അന്ന് വായിച്ച ഒരു ജോക്ക് ഉണ്ട്.
നാട്ടിലെ അറിയപ്പെടുന്ന പിശുക്കൻ കൽക്കട്ടക്ക് പോയി. ഒരു അംബാസഡർ കാറ് വാങ്ങാനാണ്, അവിടെ വില കുറച്ചു കിട്ടും. കൽക്കട്ടയിൽ എത്താൻ മൂന്നു ദിവസം എടുക്കും. അന്ന് മൊബൈൽ ഒന്നുമില്ല, അപ്പോൾ ചെന്ന് കഴിഞ്ഞാൽ വീട്ടിൽ ഒന്നറിയിക്കാൻ ഒരു കമ്പിയടിക്കുക മാത്രമേ മാർഗ്ഗമുള്ളൂ.
കമ്പിയാപ്പീസിൽ എത്തി ഭാര്യക്ക് ഒരു മെസ്സേജ് എഴുതി.
"Reached Calcutta, All Well, Bought Car, Good Price, Returning Tomorrow,
Gopalan"
അന്നൊക്കെ വാക്കുകൾ എണ്ണിയാണ് ടെലെഗ്രാമിന് കാശു മേടിക്കുക. കമ്പിയാപ്പീസിലെ ടെലിഗ്രാം അസിസ്റ്റന്റ് എണ്ണി നോക്കി പതിനൊന്ന് വാക്കുകൾ ഉണ്ട്. പണം കുറച്ചാകും. "ഇതിൽ ഏതെങ്കിലും ഒക്കെ കുറച്ചാൽ അല്പം ലാഭം കിട്ടും" എന്ന് കമ്പിയാപ്പീസർ പിശുക്കൻ ഒന്ന് കൂടി നോക്കി.
Reached Cucutta - ഞാൻ കൽക്കറ്റക്കാണ് വന്നതെന്ന് ഭാര്യക്ക് അറിയാം, അതുകൊണ്ട് അത് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല, അത് വെട്ടി.
All Well - കമ്പി കാണുമ്പോഴേ സുഖമാണെന്ന് അറിയാമല്ലോ, അതും വെട്ടി
Bought Car - കാറ് വാങ്ങാനാണ് വന്നത് - അതും വെട്ടി
Good Price - തന്നെ ഭാര്യക്ക് നന്നായി അറിയാം, നല്ല ലാഭത്തിന് കിട്ടിയാലേ എന്തും വാങ്ങൂ, അപ്പോൾ നല്ല വിലക്ക് കിട്ടി എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല
Returning - കാറു മേടിച്ച സ്ഥിതിക്ക് തിരിച്ചു വരും എന്ന് ഭാര്യക്ക് അറിയാം, അതും പറയേണ്ട കാര്യമില്ല
Gopalan - ഞാൻ അല്ലാതെ എൻ്റെ ഭാര്യക്ക് ആരും ടെലിഗ്രാം അടിക്കേണ്ട കാര്യമില്ല, അപ്പോൾ അതും വേണ്ട,
അപ്പോൾ Tomorrow മാത്രം മതി, കാശെത്രെ ലാഭം.
ഏതാണ്ട് ഇങ്ങനെയായിരുന്നു കഥ (പോത്തിനെ വാങ്ങാൻ കോത്താഴത്ത് പോയി എന്നാണ് ഒറിജനൽ കഥയെന്ന് ഓർക്കുന്നവർ കാണും, ഞാൻ ഒന്ന് ആംഗലീകരിച്ചതാണ്) നമ്മുടെ ലൈംഗിക വിദ്യാഭ്യാസവും ഏതാണ്ട് ഈ വഴിക്കാണ് പോകുന്നത് എന്ന് തോന്നുന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിന് സർക്കാർ പുതിയ കരിക്കുലം കൊണ്ടുവരുന്നു. അതിൽ ലൈംഗിക വിദ്യാഭ്യാസം എന്ത് പഠിപ്പിക്കണം എന്നും, എങ്ങനെ പഠിപ്പിക്കണം എന്നും, ആര് പഠിപ്പിക്കണം എന്നും, കുട്ടികൾ എങ്ങനെ ഇരിക്കണം എന്നും ഒക്കെ എല്ലാവർക്കും അഭിപ്രായം ഉണ്ട്. ഇത്തരത്തിൽ ഉള്ള ഓരോ സങ്കുചിത ചിന്താഗതിക്കാരുടെയും അഭിപ്രായം കേട്ട് ഓരോന്ന് വെട്ടിക്കഴിഞ്ഞാൽ സെക്സോ എഡ്യൂക്കേഷനോ ബാക്കി ഉണ്ടാകുമോ?
ലോകത്തെല്ലായിടത്തും ഇതേ പ്രശ്നം ഉണ്ട്. കുട്ടികളെ കാലാനുസൃതവും പറയാനുസൃതവും ആയ രീതിയിൽ ലൈംഗിക വിദ്യാഭ്യാസം നല്കാൻ സർക്കാരുകൾ ശ്രമിക്കുന്നു. സമൂഹത്തിലെ യാഥാസ്ഥിതികർ അതിനെ എതിർക്കുന്നു. ഈ സാഹചര്യത്തെ യു കെ നേരിട്ട രീതി നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. കരിക്കുലം വെട്ടിക്കളയുകയല്ല, ഏതെങ്കിലും മാതാപിതാക്കൾക്ക് ആ വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ട എന്നുണ്ടെങ്കിൽ അവർക്ക് ഒരു "opt out" ലെറ്റർ സ്‌കൂളിന് സമർപ്പിക്കാം. സ്‌കൂൾ അക്കാര്യം അവരുമായി ചർച്ച ചെയ്യും, അതിന് ശേഷം മാതാപിതാക്കളുടെ താല്പര്യം അനുസരിച്ച് കാര്യങ്ങൾ ചെയ്യും. കുറച്ചു പേർ മാത്രം യാഥാസ്ഥിതികർ ഉള്ളത് കൊണ്ട് മൊത്തം സമൂഹത്തിന് കാലാനുസൃതമായ ലൈംഗിക വിദ്യാഭ്യാസം കിട്ടാതിരിക്കുകയില്ലല്ലോ.
താനിരിക്കെണ്ടിടത്ത് താനിരുന്നില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് മലയാളത്തിൽ ഒരു ചൊല്ലുണ്ടല്ലോ. ശരിയായ ലൈംഗിക വിദ്യാഭ്യാസം സ്‌കൂളിൽ നിന്ന് കൊടുത്തില്ലെങ്കിൽ കുട്ടികൾക്ക് അത് കിട്ടാതിരിക്കുകയൊന്നുമില്ല. എന്ത് കിട്ടുമെന്നും ആരിൽ നിന്ന് കിട്ടുമെന്നും എങ്ങനെ കിട്ടുമെന്നും ഒക്കെ വ്യത്യസ്തമായിരിക്കും. പൊതുവെ പറഞ്ഞാൽ കുട്ടികളുടെ താല്പര്യത്തിനും ആരോഗ്യത്തിനും അത് വിഘാതമാകാനാണ് കൂടുതൽ സാധ്യത.
മുരളി തുമ്മാരുകുടി
https://www.facebook.com/Malayalivartha



























