'വഴക്കിന്റെ രണ്ടാം പ്രദർശനവും നിറഞ്ഞു കവിഞ്ഞ സദസ്സിൽ തന്നെയായിരുന്നു. സീറ്റ് കിട്ടാത്ത പലരും നിലത്തിരുന്നാണ് സിനിമ കണ്ടത്. ആദ്യ പ്രദർശനത്തിൽ നിന്നും രണ്ടാം പ്രദർശനത്തിലേക്ക് എത്തിയപ്പോഴുള്ള പ്രേക്ഷകരുടെ പെരുമാറ്റത്തിലെ മാറ്റം എനിക്ക് കൗതുകമുണ്ടാക്കി...' സനൽകുമാർ ശശിധരൻ കുറിക്കുന്നു

സനൽകുമാർ ശശിധരന്റെ സംവിധത്തിൽ പുറത്തിറങ്ങിയ വഴക്കിന്റെ രണ്ടാം പ്രദർശനവും നിറഞ്ഞു കവിഞ്ഞ സദസ്സിൽ തന്നെയായിരുന്നു. ആദ്യ പ്രദർശനത്തിൽ നിന്നും രണ്ടാം പ്രദർശനത്തിലേക്ക് എത്തിയപ്പോഴുള്ള പ്രേക്ഷകരുടെ പെരുമാറ്റത്തിലെ മാറ്റം എനിക്ക് കൗതുകമുണ്ടാക്കി എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
വഴക്കിന്റെ രണ്ടാം പ്രദർശനവും നിറഞ്ഞു കവിഞ്ഞ സദസ്സിൽ തന്നെയായിരുന്നു. സീറ്റ് കിട്ടാത്ത പലരും നിലത്തിരുന്നാണ് സിനിമ കണ്ടത്. ആദ്യ പ്രദർശനത്തിൽ നിന്നും രണ്ടാം പ്രദർശനത്തിലേക്ക് എത്തിയപ്പോഴുള്ള പ്രേക്ഷകരുടെ പെരുമാറ്റത്തിലെ മാറ്റം എനിക്ക് കൗതുകമുണ്ടാക്കി. ആദ്യ ദിവസം സിനിമയോട് പ്രേക്ഷകർ പ്രതികരിക്കാൻ തുടങ്ങിയത് ഏതാണ്ട് അവസാനഭാഗത്ത് എത്തിയപ്പോൾ മാത്രമാണ്. എന്നാൽ ഇന്ന് തുടക്കം മുതൽ ഒരു സുഹൃത്തിനോടെന്നപോലെ വളരെ സ്വാഭാവികമായി പ്രേക്ഷകർ അതിനോട് പ്രതികരിക്കുന്നത് കണ്ടു.
പൊട്ടിച്ചിരികളും കയ്യടികളും സിനിമയെ കുറേകൂടി വേഗമുള്ളതാക്കിയ പോലെ എനിക്ക് തോന്നി. എന്തുകൊണ്ടാണ് ഈ വ്യത്യാസമെന്ന് എനിക്ക് പൂർണമായും മനസിലായില്ല എങ്കിലും സിനിമ എന്നത് പൊതുവെ കുടം തുറന്നു വിട്ട ഭൂതത്തെ പോലെയാണ് എന്ന എന്റെ വിശ്വാസത്തെ അത് ബലപ്പെടുത്തുന്നു. അത് ഒരു ഹാർഡ് ഡിസ്കിലുറങ്ങുന്ന ഒരു ഡിജിറ്റൽ ഫയൽ അല്ല ഇപ്പോൾ. മനസുകളിൽ നിന്നും മനസുകളിലേക്ക് അത് ബിംബങ്ങളായും വാക്കുകളായും പകർന്നു തുടങ്ങിയിരിക്കുന്നു.
എല്ലാ സിനിമകളും ഇങ്ങനെ തന്നെയാണ്. കാറ്റ് അത് കടന്നുപോകുന്ന വഴിയിലെ മരങ്ങളുടെ മണങ്ങൾ പേറുന്നപോലെ പ്രദർശനങ്ങൾ കഴിയുന്തോറും സിനിമകൾ കാഴ്ചക്കാരുടെ മനസുകളിലെ ഊർജ്ജവും ശേഖരിക്കും. തുടർന്ന് കാണുന്ന കാഴ്ചക്കാരെ അത് ചലിപ്പിക്കുന്നത് സിനിമ ഉണ്ടാക്കിയ ആളുടെ മനസിലെ ഊർജം കൊണ്ട് മാത്രമല്ല. മുന്നേ കണ്ടവരിൽ നിന്നും അത് കവർന്നെടുത്ത മനസിനെയും അതിന്റെ പ്രയാണത്തിന് ഊർജ്ജമാക്കുന്നു. സിനിമയ്ക്ക് മാത്രമല്ല എല്ലാ കലാസൃഷ്ടികൾക്കും ഈ സവിശേഷത ഉണ്ട്. അതുകൊണ്ടാവാം ഏറെ കാലം കഴിയുമ്പോൾ കലാസൃഷ്ടികൾ എല്ലാം പൊതു സ്വത്തായി മാറുന്നത്.
https://www.facebook.com/Malayalivartha



























