നഗ്നനായായി വന്നു മോഷണം, ശേഷം വീട്ടിലെ സ്ത്രീകളുടെ വസ്ത്രങ്ങൾ കൊണ്ടുപോകും; മോഷ്ടിക്കാൻ പോകുമ്പോൾ ശരീരത്തിൽ നല്ലെണ്ണ തേയ്ക്കും; പിടികിട്ടാപ്പുള്ളി ചെമ്പലോട് മോഹനൻ അറസ്റ്റിൽ

പാലക്കാട് നഗരം കേന്ദ്രീകരിച്ച് രാത്രി നഗ്നനായെത്തി വീടുകളിലെ കാറിൽ സൂക്ഷിച്ചിട്ടുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും അടിച്ചുമാറ്റും, ജനലിലൂടെയും മോഷണം നടത്തിയശേഷം സ്ത്രീകളുടെ വസ്ത്രങ്ങൾ കൊണ്ടുപോവുകയും ചെയ്യുന്ന പിടികിട്ടാപ്പുള്ളിയായ ചെമ്പലോട് മോഹനനെ പോലീസ് അറസ്റ്റു ചെയ്തു.
മാസങ്ങളായി മോഷണം പതിവായതോടെ എ.എസ്.പി. ഷാഹുൽഹമീദിന്റെ നേതൃത്വത്തിൽ പാലക്കാട് ടൗൺ നോർത്ത്, സൗത്ത് പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപവത്കരിച്ച അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്. പിടിക്കപ്പെടാതിരിക്കാൻ ശരീരത്തിൽ നല്ലെണ്ണ തേച്ചാണ് മോഷണത്തിനിറങ്ങുന്നത്. ഇയാളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. കഴിഞ്ഞയാഴ്ച മണപ്പുള്ളിക്കാവ്, ചന്ദ്രനഗർ ഭാഗങ്ങളിൽ എത്തിയ ദൃശ്യങ്ങലാണ് ലഭിച്ചത്. ഇതേ തുടർന്ന് പാലക്കാട് എസ്.പി. ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു.
ഇയാൾ നിരവധി മോഷണക്കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. വീണ്ടും മോഷണം നടത്താനുള്ള തയ്യാറെടുപ്പിനിടെയാണ് പോലീസ് പ്രതിയെ പിടികൂടുന്നത്. പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. സുനിൽ, എസ്.ഐ. വേണുഗോപാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, താരീഖ്, നൗഷാദ് പി.എച്ച്., വിനീഷ്, മണികണ്ഠദാസ്, ആർ. രഘു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha


























