ചാനലുകാരേയും കൂട്ടി... സെക്കന്റ് സാറ്റര്‍ഡേയും സണ്‍ഡേയും കൂടി രണ്ട് അവധി കിട്ടിയപ്പോള്‍ വെള്ളിയാഴ്ച കൂടി ലീവെടുത്ത് വിനോദയാത്രയ്ക്ക് പോയതില്‍ എന്താ തെറ്റ്; ജനീഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ സിപിഐയും ജീവനക്കാരുടെ സംഘടനയും; കോന്നി താലൂക്ക് ഓഫീസിലെ വിനോദയാത്രാ വിവാദം കത്തുന്നു

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ വിനോദയാത്ര പോകാന്‍ കൂട്ടത്തോടെ അവധി എടുത്ത സംഭവത്തില്‍ വിവാദം കെട്ടണയുന്നില്ല. സെക്കന്റ് സാറ്റര്‍ഡേയും സണ്‍ഡേയും രണ്ട് അവധി കിട്ടിയപ്പോള്‍ വെള്ളിയാഴ്ച കൂടി ലീവെടുത്ത് വിനോദയാത്രയ്ക്ക് പോയതില്‍ എന്താ തെറ്റെന്നാണ് സിപിഐയും ജീവനക്കാരുടെ സംഘടനയും ചോദിക്കുന്നത്. വിവാദം എംഎല്‍എയുടെ പ്ലാനാണെന്നാണ് അവര്‍ പറയുന്നത്.
ചാനലുകളെ കൂട്ടി വന്ന് ഷൈന്‍ ചെയ്തു. ഉദ്യോഗസ്ഥന്റെ കസേരയിലിരുന്ന് ഷൈന്‍ ചെയ്തു. അതേസമയം ജീവനക്കാര്‍ കൂട്ടത്തോടെ അവധിയെടുത്ത സംഭവം അന്വേഷിക്കാന്‍ ജില്ല കളക്ടര്‍ നിര്‍ദേശിച്ച എഡിഎമ്മിനെ കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാര്‍ ഫോണില്‍ വിളിച്ച് അസഭ്യം പറയുന്ന ഓഡിയോ പുറത്ത്.
തഹസില്‍ദാറിനെതിരെ എംഎല്‍എ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതിന് പിന്നാലെയാണ് ജനീഷ് കുമാറിന്റെ ഓഡിയോ പുറത്ത് വരുന്നത്. എഡിഎമ്മിനോട് കയര്‍ക്കുന്ന കോന്നി എംഎല്‍എ അസഭ്യും പറയുന്ന ഓഡിയോ ക്ലിപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്. മോശമായ പദപ്രയോഗങ്ങളോടെ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തായത്.
അതേസമയം കോന്നി താലൂക്ക് ഓഫീസിലെ വിനോദയാത്രാ വിവാദത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ എംഎല്‍എ ജനീഷ് കുമാര്‍ രംഗത്തെത്തി. തനിക്ക് നാടകം കളിക്കേണ്ട കാര്യമില്ലെന്ന് ജനീഷ് കുമാര്‍ പറഞ്ഞു. അവധി വിവാദത്തില്‍ ശ്രദ്ധ തിരിക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. തന്നെ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെയും നടപടി വേണമെന്ന് ജനീഷ് കുമാര്‍ ആവശ്യപ്പെട്ടു.
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയില്‍ ഉദ്യോഗസ്ഥരും എംഎല്‍എയും തമ്മിലുള്ള വാക്ക് പോര് തുടരുകയാണ്. കെ യു ജനീഷ് കുമാറിന്റെ ഇടപെടല്‍ മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണെന്ന വിമര്‍ശനവുമായി ഡെപ്യുട്ടി തഹസില്‍ദാര്‍ എം സി രാജേഷ് രംഗത്തെത്തി. ഡെപ്യൂട്ടി തഹസില്‍ദാരുടേത് പെരുമാറ്റചട്ട ലംഘനമാണെന്നാണ് ജനീഷ് കുമാറിന്റെ മറുപടി.
മാധ്യമപ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് താലൂക്ക് ഓഫീസില്‍ എത്തിയത്. അസി. തഹസീല്‍ദാര്‍ കാട്ടിയ കസേരയിലാണ് ഇരുന്നത്. അവിടെ എത്തിയപ്പോള്‍ ഓഫീസില്‍ നിന്ന് ബ്ലോക്ക് പഞ്ചായത്തംഗം ക്ഷേഭിച്ച് ഇറങ്ങി വരുന്നുണ്ടായിരുന്നു. അന്വേഷിച്ചപ്പോള്‍ താലൂക്ക് ഓഫീസില്‍ ആളില്ലെന്നും അവിടെ ഉണ്ടായിരുന്നയാള്‍ ക്ഷേഭിച്ച് സംസാരിച്ചുവെന്നും പറഞ്ഞു. ആളില്ലാത്ത ഓഫീസിലേ എത്തുകയുള്ളോ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ ചോദ്യമെന്നും എംഎല്‍എ പറഞ്ഞു. അതേസമയം, തന്റെ ഭാഷാപ്രയോഗം അതിരുകടന്നിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ എംഎല്‍എക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച താലൂക്ക് ഓഫീസിലെ ഹെഡ്ക്വാര്‍ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം സി രാജേഷിനെതിരെ നടപടി വേണമെന്നും ജനീഷ് കുമാര്‍ ആവശ്യപ്പെട്ടു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആയ തഹസില്‍ദാരുടെ കസേരയിലിരിക്കാനും രജിസ്റ്റര്‍ പരിശോധിക്കാനും എംഎല്‍എക്ക് എന്ത് അധികാരമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം.
ഉല്ലാസ യാത്ര പോയവരെല്ലാം നടപടിക്രമങ്ങള്‍ പാലിച്ചാണ് അവധിയെടുത്തത്. പൊതുജനങ്ങള്‍ക്ക് സേവനം മുടങ്ങിയെന്ന എംഎല്‍എയുടെ വാദം അടിസ്ഥാന രഹിതമെന്നും എ ഡി എമിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ പറയുന്നു. ജീവനക്കാര്‍ അവധിയെടുത്ത ദിവസം ഓഫിസിലുണ്ടായിരുന്ന കാലിന് സ്വാധീനം ഇല്ലാത്ത വയോധികനെ നാടകത്തിന്റെ ഭാഗമായി പണം കൊടുത്ത് കൊണ്ട് വന്നതാണെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ചെയ്ത തെറ്റില്‍ നിന്ന് രക്ഷപെടാനുള്ള പെടപാടിന്റെ ഭാഗമാണ് ആരോപണങ്ങളും വിമര്‍ശനങ്ങളുമെന്നുമാണ് എംഎല്‍എയുടെ വാദം.
"
https://www.facebook.com/Malayalivartha


























