5 മിനിട്ടിനുള്ളിൽ കട ആളിക്കത്തി: ഫർണിച്ചർ കടയിൽ ഉണ്ടായ തീ പിടിത്തത്തിൽ ഉടമയ്ക്കുണ്ടായത് 45 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

ഫർണിച്ചർ കടയിൽ ഉണ്ടായ തീ പിടിത്തത്തിൽ 45 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. കടുക്കാമൂട് ജംക്‌ഷനിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തിലായിരുന്നു ഭീമമായ നാശനഷ്ടം കട ഉടമ കടുക്കാമൂട് വിപഞ്ചികയിൽ കെ.സത്യകുമാറിന് (50) ഉണ്ടായത്.
വെളളി രാത്രി 8 ഓടെ ആണ് തീപിടിച്ചത്. രണ്ട് നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉണ്ടായിരുന്ന തടികൾ, മെഷീനുകൾ എന്നിവ മുഴുവൻ കത്തിനശിച്ചു. തടി കടയുന്ന ഉപകരണങ്ങൾ എല്ലാം പൂർണമായി അഗ്നിക്കിരയായി. കെട്ടിടത്തിന്റെ ഉൾഭാഗത്തിനും കേടുപാടുണ്ടായി.
സത്യകുമാർ കൊണ്ണിയൂർ ക്ഷേത്രത്തിൽ പോയ സമയത്താണ് തീ പടർന്നത്. സമീപ കടക്കാർ ആണ് പുക ഉയരുന്നത് കണ്ട് സത്യകുമാറിനെ വിവരം അറിയിച്ചത്. 5 മിനിട്ടിന് ഉള്ളിൽ ഉടമ എത്തിയപ്പോഴേക്കും കട ആളിക്കത്തുന്നതാണു കണ്ടത്. നാട്ടുകാർ ഓടിയെത്തി തീ കെടുത്താൻ നടത്തിയ ആദ്യ ശ്രമങ്ങൾ ഫലം കണ്ടില്ല.
കാട്ടാക്കടയിൽ നിന്ന് എത്തിയ ഫയർ ഫോഴ്സിന്റെ 3 വാഹനങ്ങൾ ഉപയോഗിച്ചാണ് മൂന്ന് മണിക്കൂർ കൊണ്ട് തീ കെടുത്തിയത്. കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന കത്തിയ തടികൾ എല്ലാം നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്ത് എടുത്തിട്ട് വെള്ളം ഒഴിച്ചാണ് തീ മുഴുവൻ അണച്ചത്. തടി ചീകുന്ന പ്ലയിനർ മെഷീൻ ഉൾപ്പെടെ അഗ്നിക്കിരയായി. ഫർണിച്ചർ കടയ്ക്ക് അൽപം പിന്നിലെ സത്യകുമാറിന്റെ വീടിന് തീയിൽ നാശം ഉണ്ടായില്ല. അപകട കാരണം ഷോർട്ട് സർക്യൂട്ട് ആകാമെന്ന നിഗമനത്തിൽ ആണ് ഫയർഫോഴ്സ്.
https://www.facebook.com/Malayalivartha























