ഇസ്രായേലിലേക്ക് കൃഷി വകുപ്പ് അയച്ച 27 കര്‍ഷകരില്‍ ഒരാളെ കാണാതായ സംഭവത്തില്‍ പ്രതികരിച്ച് കൃഷിമന്ത്രി പി പ്രസാദ്

ഇസ്രായേലിലേക്ക് കൃഷി വകുപ്പ് അയച്ച 27 കര്‍ഷകരില്‍ ഒരാളെ കാണാതായ സംഭവത്തില്‍ പ്രതികരിച്ച് കൃഷിമന്ത്രി പി പ്രസാദ്. ഇസ്രായേലില്‍ നിലവിലുള്ള ആധുനിക കൃഷി രീതികളെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന കൃഷി വകുപ്പ് അയച്ചതാണ് ഈ സംഘത്തെ. വളരെ ആസൂത്രിതമായാണ് കണ്ണൂര്‍ സ്വദേശിയായ കര്‍ഷകന്‍ മുങ്ങിയതെന്നാണ് മനസിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നല്ല ഉദ്ദേശത്തോടെയാണ് കര്‍ഷക സംഘത്തെ ഇസ്രായേലിലേയ്ക്ക് അയച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷമായിരുന്നു സംഘത്തിലേയ്ക്ക് കര്‍ഷകരെ തിരഞ്ഞെടുത്തത്. ഇന്നലെയാണ് ബിജു കുര്യനെ കാണാതായത്. ഇന്ന് രാവിലെയെങ്കിലും ഇയാള്‍ സംഘത്തോടൊപ്പം ചേരുമെന്നായിരുന്നു പ്രതീക്ഷ.
വളരെ ആസൂത്രിതമായാണ് ഇയാള്‍ മുങ്ങിയതെന്നാണ് മനസിലാക്കുന്നത്. ഇയാള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചതായി അറിവില്ല. ബിജു കുര്യനെ കാണാതായതുമായി ബന്ധപ്പെട്ട് ഇസ്രായേലിലുള്ള ബി അശോക് കുമാര്‍ ഐ എ എസിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ പരാതി നല്‍കിയിട്ടുണ്ട്. ഇസ്രായേലിലെ ഇന്ത്യന്‍ എംബസിയിലും വിവരം നല്‍കിയിട്ടുണ്ട്. ഇവര്‍ കേരളത്തില്‍ തിരിച്ചെത്തിയതിനുശേഷം കേരളത്തില്‍ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഫെബ്രുവരി 17ന് സംഘം താമസിച്ച ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്നുമാണ് ബിജു അപ്രത്യക്ഷനായത്. ഭക്ഷണം കഴിക്കുന്നതിനായി മറ്റൊരു ഇടത്തേക്ക് ബസില്‍ പോകുന്നതിനായി സംഘം ഹോട്ടലില്‍നിന്നും പുറത്തിറങ്ങുന്നതിനിടെ ബിജു മുങ്ങുകയായിരുന്നു. ഇവിടെ നിന്നും ബസില്‍ കയറവേയാണ് ബിജുവിനെ കാണാനില്ലെന്ന് മറ്റുള്ളവര്‍ മനസിലാക്കിയത്. ഹോട്ടലില്‍ നിന്നും ബിജു പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗുമായാണ് ഇറങ്ങിയതെന്ന് സംഘാംഗങ്ങള്‍ പറഞ്ഞിരുന്നു.
സംഭവത്തില്‍ ഇസ്രയേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേയ് എട്ടുവരെയാണ് ബിജുവടക്കമുള്ള കര്‍ഷക സംഘത്തിന് ഇസ്രയേലില്‍ തുടരാന്‍ അനുമതിയുള്ളത്. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയിലാണ് വിസ അനുവദിച്ചത്. വിമാന ചെലവ് ബിജുവാണ് വഹിച്ചത്.
അതേസമയം, കാണാതായ കര്‍ഷകന്‍ നാട്ടിലെ ഭാര്യയെ വിളിച്ചതായി ബന്ധു വെളിപ്പെടുത്തിയിരുന്നു. സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നുമാണ് ബിജു ഭാര്യയോട് പറഞ്ഞത്. സഹോദരന്‍ ബെന്നിയാണ് ബിജു ഭാര്യയെ വിളിച്ച കാര്യം വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha






















