സ്വിഗ്ഗി ഭക്ഷണ വിതരണക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

സ്വിഗ്ഗി ഭക്ഷണ വിതരണക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കാക്കനാട് വി.എസ്.എന്‍.എല്‍ റോഡിലെ അസറ്റ് ഹോമില്‍ താമസിക്കുന്ന കോട്ടയം കുറുവിലങ്ങാട് സ്വദേശി ഡിനോ ബാബു (33), കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ നെമ്പല്ലൂര്‍ പൊയ്യാക്കര വീട്ടില്‍ ചാരുദത്ത് (23), മാവേലിക്കര മാടശ്ശേരി വീട്ടില്‍ സുധീഷ് (30) എന്നിവരെ ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.
ഡിനോ ബാബു മുവാറ്റുപുഴ, തൃക്കാക്കര പൊലീസ് സ്‌റ്റേഷനുകളില്‍ വഞ്ചനക്കേസുകളില്‍ പ്രതിയാണ്. സുധീഷ് കൊലപാതകക്കേസിലും മയക്ക് മരുന്ന് കേസുകളിലും പ്രതിയാണ്.
ഒന്നാം പ്രതി ഡിനോ ബാബുവാണ് ഭക്ഷണം സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണവുമായി ഫ്‌ളാറ്റിലെത്തിയ സ്വിഗ്ഗി ജീവനക്കാരനായ ആബീദിനെ സെക്യൂരിറ്റി ജീവനക്കാരന്‍ അകത്തേക്കു വിട്ടില്ല. തുടര്‍ന്ന് പുറത്തുവന്ന് ഭക്ഷണം വാങ്ങണമെന്ന് ഡിനോയെ ആബീദ് അറിയിച്ചു. ഫ്‌ളാറ്റിന് പുറത്തുവന്ന പ്രതികള്‍ ആബീദിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ആബീദിന്റെ ബൈക്കുമായി പ്രതികള്‍ കടന്നു.
ഓടി രക്ഷപ്പെട്ട ആബീദിനെ കളക്ടറേറ്റിന് സമീപത്തെ പ്രധാന റോഡിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി.
ഫ്‌ളാറ്റിനുള്ളില്‍ ഭക്ഷണം എത്തിക്കാത്തതാണ് പ്രകോപന കാരണമെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതികളെ ഇന്‍ഫോപാര്‍ക്ക് സി.ഐ വിപിന്‍ ദാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയകുമാര്‍, മുരളീധരന്‍, വിനു, സിജി റാം എന്നിവരാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha






















