ബന്ധുക്കളെ തിരികെക്കിട്ടാന്‍ അയ്യര്‍ക്ക് തുണയായത് ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്ക് കുട്ടായ്മയിലൂടെ മാനസികാസ്വാസ്ഥ്യമുള്ള മധ്യവയസ്‌കനു ബന്ധുക്കളെ തിരികെക്കിട്ടി. നാഗര്‍കോവില്‍ കോട്ടാര്‍ സ്വദേശി അയ്യര്‍ക്കാണ് ഏഴുമാസത്തിനുശേഷം കുടുംബത്തെ തിരികെ ലഭിച്ചത്. വാഹനാപകടത്തില്‍ കൈയ്ക്കു ക്ഷതമേറ്റ് അയ്യര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത് ആറുമാസം മുമ്പ് ആണ്. മാനസികാസ്വാസ്ഥ്യമുള്ള ഇയാള്‍ക്ക് സ്വന്തം നാടോവീടോ അറിയില്ലായിരുന്നു.
മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും ആരോരുമില്ലാത്ത രോഗികളെ പരിചരിക്കുന്ന പാതിരപ്പളളി പൂങ്കാവ് വെളിംപറമ്പില്‍ ദേവസിക്കുട്ടി അയ്യരെ ഏറ്റെടുത്തു. ഒരുമാസത്തോളം മെഡിക്കല്‍ കോളജില്‍ പരിചരിച്ചതിനുശേഷം ദേവസിക്കുട്ടി അയ്യരെ സ്വന്തംവീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
കൈശസ്ത്രക്രിയയ്ക്കു വിധേയനായ അയ്യര്‍ പ്രാഥമികാവശ്യങ്ങള്‍ പോലും തനിയെ നിറവേറ്റാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു . രണ്ടുമാസത്തിനുശേഷം ശരീരത്തിന്റെ ഒരുവശം തളര്‍ന്നുപോയി. മെഡിക്കല്‍ കോളജില്‍ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട അയ്യര്‍ വീണ്ടും ഓപ്പറേഷന് വിധേയനായി. ഇതിനിടെ അയ്യരുടെ കഥയറിഞ്ഞ മെഡിസിന്‍ വിഭാഗത്തിലെ ഡോ. ശങ്കര്‍, സഹായത്തിനായി ഫെയ്‌സ്ബുക്കിനെ ആശ്രയിച്ചു.
അയ്യര്‍ സംസാരിക്കുന്നത് തമിഴ് ആയതിനാല്‍ ഡോ. ശങ്കര്‍, തമിഴ്‌നാട്ടിലുള്ള സുഹൃത്തുക്കളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുവഴി സന്ദേശം പ്രചരിപ്പിച്ചു. താമസിയാതെ അയ്യരെ അന്വേഷിച്ച് സഹോദരന്‍ നാരായണന്‍, ഡോ. ശങ്കറുമായി ബന്ധപ്പെട്ടു. ഇന്നലെ പൂങ്കാവില്‍ ദേവസിക്കുട്ടിയുടെ വീട്ടിലെത്തിയ നാരായണന്‍, അയ്യരെ സ്വദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha