ആര്‍ ഡി ഒ കോടതിയെ കബളിപ്പിച്ച് ജാമ്യം... വ്യാജ കര രസീതില്‍ അപ്പാച്ചി ബൈജുവിനെ ജാമ്യത്തിലിറക്കിയ കേസ്; നാല് പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവ്

ആര്യനാട് , കരിപ്പൂര്‍ വില്ലേജാഫീസുകളുടെ വ്യാജ കരം തീരുവ രസീതുകളില്‍ അനവധി കേസുകളിലെ പ്രതി അപ്പാച്ചി ബൈജുവിനെ ജാമ്യത്തിലിറക്കിയ കേസില്‍ 4 പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.
പ്രതികളെ ജൂണ്‍ 15ന് ഹാജരാക്കാന്‍ മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകര്‍ ഉത്തരവിട്ടു. വ്യാജ രസീതില്‍ ജാമ്യത്തിനായി ആര്‍ ഡി ഒ കോടതിയില്‍ ഹാജരായ നെടുമങ്ങാട് കരുപ്പൂര് സ്വദേശിനി അംബിക എന്ന തങ്കം (66) , നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശിനി സതി (56) , വ്യാജ രസീതുകള്‍ ആനാട് സ്വദേശിയായ അഞ്ചാം പ്രതിയില്‍ നിന്ന് വാങ്ങിയ സനല്‍ , ബാബുരാജ് എന്നീ 4 പ്രതികളെയാണ് ഹാജരാക്കേണ്ടത്.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് സി ഐ ഡി ഓര്‍ഗനൈസ്ഡ് ക്രൈം വിംഗ് യൂണിറ്റ് 1 ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടറോടാണ് 4 പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്. വ്യാജ രസീത് തരപ്പെടുത്തി നല്‍കിയ അഞ്ചാം പ്രതി ആനാട് സ്വദേശി സതീഷ് കുമാര്‍ 2006 ല്‍ മരണപ്പെട്ടു.
2003 നവംബര്‍ 15 ന് തിരുവനന്തപുരം സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് (ആര്‍ ഡി ഒ) കോടതിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 30 ഓളം കേസുകളില്‍ പ്രതിയും 2003 ല്‍ 8 കേസുകളില്‍ പ്രതിയുമായ കുപ്രസിദ്ധ കുറ്റവാളി കടകംപള്ളി സ്വദേശി അപ്പാച്ചി ബൈജു എന്ന ബൈജുവിനെ ജാമ്യത്തിലിറക്കാനായി ജാമ്യക്കാരെ ഏര്‍പ്പാടാക്കാന്‍ ബൈജുവിന്റെ ഭാര്യ കല്ലിയൂര്‍ പുന്നമൂട് സ്വദേശിനി ഷീജയില്‍ നിന്ന് 5,000 രൂപ മൂന്നാം പ്രതി സനല്‍ പ്രതിഫലം വാങ്ങി പ്രതികള്‍ പരസ്പരം കൂടിയാലോചിച്ച് നാലാം പ്രതി അഞ്ചാം പ്രതിയില്‍ നിന്നും തരപ്പെടുത്തിയ രണ്ടു വ്യാജ കരം തീരുവ രസീതുകള്‍ ഒന്നും രണ്ടും പ്രതികളുടെ പേരില്‍ തയ്യാറാക്കി ആയവകള്‍ ഒന്നും രണ്ടും പ്രതികളെ ഏല്‍പ്പിച്ച് രസീതുകള്‍ വ്യാജമാണെന്ന് അറിയാവുന്ന പ്രതികള്‍ കോടതി മുമ്പാകെ ഹാജരായി ബൈജുവിനെ ജാമ്യത്തിലിറക്കിയെന്നാണ് കേസ്.
ജാമ്യക്കാരുടെ കരം തീരുവ രസീതില്‍ സംശയം തോന്നിയ അന്നത്തെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് ഗണേശന്‍ നിജസ്ഥിതി അറിയാനായി ആര്യനാട് , കരിപ്പൂര് വില്ലേജാഫീസര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് തേടി. റെക്കോര്‍ഡുകള്‍ പരിശോധിച്ചതില്‍ മേല്‍പ്പടി രസീതുകള്‍ തങ്ങളുടെ ആഫീസില്‍ നിന്നും നല്‍കിയിട്ടില്ലെന്നും രസീതിലെ ഒപ്പും സീലും വ്യാജമാണെന്ന നിജ സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കി. തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കി കേസെടുക്കുകയായിരുന്നു. അപ്പാച്ചി ബൈജുവിന് നല്‍കിയ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലടക്കുകയും ചെയ്തു. അനവധി കേസുകളില്‍ പ്രതിയായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് റിപ്പോര്‍ട്ട് പ്രകാരം ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 107 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രമസമാധാന പരിപാലനത്തിനായി ജാമ്യ ബോണ്ട് ഹാജരാക്കാനായുള്ള കാരണം കാണിക്കല്‍ നോട്ടീസ് ലംഘിച്ചതിനാണ് ബൈജുവിനെ ആര്‍ ഡി ഒ കോടതി റിമാന്റ് ചെയ്തിരുന്നത്. ഈ കേസില്‍ ജാമ്യത്തിനായാണ് വ്യാജ ജാമ്യക്കാരെ ഹാജരാക്കിയത്.
https://www.facebook.com/Malayalivartha



























