തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്നത് സി.പി.എം ഭരണസമിതിയാണെങ്കിലും, സാമ്പത്തിക തിരിമറി നടത്തുന്നത് കോണ്‍ഗ്രസ് നേതാവ്... ക്ഷേത്രത്തില്‍ കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി അംഗവും ഭക്തജനസമിതി പ്രസിഡന്റുമായ ടി.ജി പദ്മനാഭന്‍ നായരുടെ നേതൃത്വത്തില്‍ സാാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു...ഇതിന് പിന്നാലെ ഭക്തജനങ്ങള്‍ പരാതി നല്‍കിയിരുന്നു... ഇപ്പോഴിതാ ക്ഷേത്ര പുനരുദ്ധാരണം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നടത്തരുതെന്ന് പറഞ്ഞ് ഹൈക്കോടതി സ്റ്റേ ചെയ്തു..

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരിക്കുന്നത് സി.പി.എം ഭരണസമിതിയാണെങ്കിലും സാമ്പത്തിക തിരിമറി നടത്തുന്നത് കോണ്‍ഗ്രസ് നേതാവ്. ആലപ്പുഴ ജില്ലയിലെ തുറവൂര്‍ നരസിംഹസ്വാമി ക്ഷേത്രത്തില്‍ കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി അംഗവും ഭക്തജനസമിതി പ്രസിഡന്റുമായ ടി.ജി പദ്മനാഭന്‍ നായരുടെ നേതൃത്വത്തില്‍ സാാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഭക്തജനങ്ങള്‍ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ ക്ഷേത്ര പുനരുദ്ധാരണം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നടത്തരുതെന്ന് പറഞ്ഞ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെയാണ് ഉത്തരവ്. 2013 ഏപ്രില്‍ ഒന്ന് മുതല്‍ 2018 ഒക്ടോബര്‍ 31 വരെയുള്ള ഭക്തജനസമിതിയുടെ പ്രവര്‍ത്തനങ്ങളുടെ ഓഡിറ്റിലാണ് ക്രമക്കേട് പുറത്തായത്. സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിലെ ജോയിന്റ് ഡയറക്ടര്‍ കെ.സുദര്‍ശനനാണ് റിപ്പോര്‍ട്ട് നടത്തിയത്. ദേവസ്വം ബോര്‍ഡിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തിലുള്ള ഭക്തജനസമിതിക്ക് സഹായം ചെയ്തുകൊടുത്തെന്ന സൂചനയുമുണ്ട്.
ഭക്തജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം ഓംബുഡ്‌സ്മാന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ശേഷം ടി.ജി പത്മനാഭന്‍ നായര്‍ക്കും ദേവസ്വം മുന്‍ ഡെപ്യൂട്ടി കമ്മിഷണറുമായ വി.ഹരീന്ദ്രനാഥിനുമെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് കൊടുത്തിരുന്നു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ ക്ഷേത്രത്തിന്റെ മറവില്‍ പണവും വസ്തുക്കളും സമ്പാദിക്കുകയും അതിന്റെ കണക്കുകള്‍ ഓഡിറ്റിംഗിന് കൊടുക്കുകയും ചെയ്തില്ല. ദേവസ്വം ബോര്‍ഡിന്റെ പേരിലുള്ള രസീതിന് പകരം ഭക്തജനസമിതിയുടെ പേരില്‍ കൂപ്പണുകളും രസീതുകളും അച്ചടിച്ച് പണപ്പിരിവ് നടത്തി. ഇതിന്റെ കണക്കുകള്‍ ഓഡിറ്റിംഗിന് കൊടുത്തില്ല. ഇതുവഴി ദേവസ്വം ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ എന്നും അന്നദാനമുണ്ട്. അതിലൂടെ ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടന്നെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ദേവസ്വത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയാതെ ഇത്തരം സംഭവങ്ങള്‍ നടക്കില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭക്തജനസമിതിയുടെ പേരില്‍ അനധികൃത പണപ്പിരിവ് നടത്തിയെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ഇത്തരം തീ വെട്ടിക്കൊള്ളകള്‍ നടത്തിവരുന്ന ഭക്തജനസമിതിക്ക് മറ്റൊരു സുവര്‍ണാവസരം കൂടി ദേവസ്വം ചെയ്തു കൊടുത്തു. കോടിക്കണക്കിന് രൂപ ചെലവ് വരുന്ന ക്ഷേത്രപുനരുദ്ധാരണം ഭക്തജനസമിതിക്ക് കൈമാറി. ഓഡിറ്റ് റിപ്പോര്‍ട്ടും വിജിലന്‍സ് റിപ്പോര്‍ട്ടും മുന്നിലുള്ളപ്പോഴാണ് ദേവസ്വം മുന്‍ പ്രസിഡന്റ് അഡ്വ.എന്‍. വാസു ഈ നിലപാട് എടുത്തത്. താമസിയാതെ ഉത്തരവും ഇറക്കി. ഇതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഭക്തജനങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ജസ്റ്റിസ് കെ. പത്ഭനാഭന്‍ നായരുടെ നേതൃത്വത്തിലുള്ള 11 അംഗ സമിതിയെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനായി നിയോഗിക്കുകയും ചെയ്തു. ഈ സമിതിയില്‍ ടി.ജി പത്മനാഭന്‍ നായരും ഉണ്ടായിരുന്നു. താന്‍ പെടുമെന്ന് മനസ്സിലാക്കിയ ഇയാള്‍ തന്ത്രപരമായി മറ്റൊരു നീക്കം നടത്തി. ശബരിമല/ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തിയായിരുന്ന എഴിക്കോട് ശശി നമ്പൂതിരിയെ കൊണ്ട് ഹര്‍ജി നല്‍കി അനുകൂല ഉത്തരവ് നേടി. പക്ഷെ, കഴിഞ്ഞ ദിവസം ദേവസ്വം ബെഞ്ച് പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് സ്റ്റേ നല്‍കിയതോടെ അഴിമതിക്കാര്‍ വെട്ടിലായിരിക്കുകയാണ്. ക്ഷേത്രത്തില്‍ ഇതുവരെ നടന്ന എല്ലാ അഴിമതികളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്തര്‍ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനേയും പ്രസിഡന്റ് അനന്തഗോപനേയും സമീപിക്കാന്‍ ഒരുങ്ങുകയാണ്.
ആരോപണവിധേയനായ ടി.ജി പദ്മനാഭന്‍ നായരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ 2018 മാര്‍ച്ച് 3ന് കൊടുത്ത റിപ്പോര്‍ട്ടിന്‍മേല്‍ ബോര്‍ഡ് യാതൊരു നടപടിയും എടുത്തില്ല. ക്ഷേത്ര കൊടിമരം സ്വര്‍ണം പൂശിയ ശേഷമുണ്ടായിരുന്ന സ്വര്‍ണം എവിടെയെന്ന ചോദ്യത്തിന് ആര്‍ക്കും മറുപടിയില്ല. ദൈനംദിന കാര്യങ്ങള്‍ക്കും ഉത്സവ നടത്തിപ്പിനുമാണ് ഉപദേശകസമിതി രൂപീകരിക്കുന്നത്. ഇതിനുള്ള വ്യവസ്ഥകള്‍ ദേവസ്വം നിയമാവലിയില്‍ പറയുന്നുണ്ട്. ഇതൊന്നും പാലിക്കാതെയാണ് തുറവൂര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതി രൂപീകരിച്ചത്. സമിതിക്ക് വഴിവിട്ട് പ്രവര്‍ത്തിക്കാന്‍ അധികാരവും സ്വാതന്ത്ര്യവും നല്‍കി. ഭക്തജനസമിതി 1992ല്‍ ആലപ്പുഴയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്ഷേത്രോപദേശക സമിതി ഉണ്ടാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ രൂപീകരിച്ച ഈ സംഘടനയ്ക്ക് ദേവസ്വം ഉന്നതര്‍ ഭരണച്ചുമതല നല്‍കിയതില്‍ ദുരൂഹതയുണ്ട്. ഈ സമിതി ഭരണം നടത്തിയ കാലത്ത് ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് ബോര്‍ഡിനുണ്ടായത്. അതുകൊണ്ട് ഈ സമിതി രൂപീകരിച്ചതും അവരുടെ പ്രവര്‍ത്തനങ്ങളും ദുരൂഹമാണ്. വേലി തന്നെ വിളവ് തിന്നുമ്പോള്‍ കോടതിയല്ലാതെ ഭക്തജനത്തിന് മറ്റൊരു ആശ്രയം ഇല്ലാത്ത അവസ്ഥയാണുള്ളത്.
https://www.facebook.com/Malayalivartha



























