22.5 കോടിയുടെ ബി.എസ്.എന്‍.എല്‍ സഹ.സംഘം തട്ടിപ്പ്... ആറാം പ്രതി ഡിജിഎം മൂര്‍ത്തിയെ 30 മണിക്കൂര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു നല്‍കി

22.5 കോടിയുടെ ബി.എസ്.എന്‍.എല്‍ എന്‍ജിനിയേഴ്‌സ് സഹകരണ സംഘം സ്ഥിര നിക്ഷേപ - വായ്പാ തട്ടിപ്പു കേസില്‍ ഡയറക്ടര്‍ ബോര്‍ഡംഗമായ ആറാം പ്രതി ഡിജിഎം (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍) മൂര്‍ത്തിയെ 30 മണിക്കൂര്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു നല്‍കി. തിരുവനന്തപുരം പന്ത്രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ആശാ കോശിയുടേതാണുത്തരവ്. ചോദ്യം ചെയ്യലിനും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് തെളിവു ശേഖരണത്തിനും ശേഷം 21 വൈകിട്ട് 5 മണിക്കകം ക്രൈം ബ്രാഞ്ച് പ്രതിയെ തിര്യെ കോടതിയില്‍ ഹാജരാക്കാനും കോടതി ഉത്തരവിട്ടു. ഡയറക്ടര്‍ ബോര്‍ഡ് അംഗവും ബി.എസ്.എന്‍.എല്‍ മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരുമായിരുന്ന നന്തന്‍കോട് സ്വദേശി പി.ആര്‍.മൂര്‍ത്തിയെ (63)യാണ് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് വിട്ടുനല്‍കിയത്.
മറ്റു പ്രതികളായ വഞ്ചിയൂര്‍ ഹരിത നഗറില്‍ ശ്രീ രമണ വീട്ടില്‍ എ.ആര്‍ ഗോപിനാഥന്‍ നായര്‍ , വഞ്ചിയൂര്‍ ശ്രീകണ്‌ഠേശ്വരം തേങ്ങാപ്പുര ലൈന്‍ ശിവന്ദനം വീട്ടില്‍ എ.ആര്‍.രാജീവ് കുമാരപുരം അമിതാ ശങ്കര്‍ ലൈന്‍ പ്രാര്‍ത്ഥനയില്‍ പ്രസാദ് രാജ് .കെ. വി, കുമാരപുരം ഹൈസ്‌കൂള്‍ ലെയിന്‍ സായിപ്രഭയില്‍ മനോജ് കൃഷ്ണ, പന്തളം കുരംപാല ഇടയാടി സ്‌കൂളിന് സമീപം കിഴക്കെകര വീട്ടില്‍ അനില്‍കുമാര്‍, ഗാന്ധിപുരം ചെറുവളളിലെയിന്‍ ഇന്ദീവരത്തില്‍ മിനിമോള്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി നേരത്തേ തള്ളിയിരുന്നു.
മുഖ്യപ്രതി എ.ആര്‍.ഗോപിനാഥിനെയും കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരുന്നു. പണാപഹരണത്തിന് അറസ്റ്റിലായ ഡയറക്ടര്‍ ബോര്‍ഡംഗം മൂര്‍ത്തി കൂട്ടുനിന്നതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. മാര്‍ച്ച് 20 നാണ് മൂര്‍ത്തിയെ അറസ്റ്റ് ചെയ്തത്.
അംഗങ്ങളുടെ സേവിംഗ്‌സ്,സ്ഥിരനിക്ഷേപ അക്കൗണ്ടുകളില്‍ നിന്ന് ഗോപിനാഥ് പണം പിന്‍വലിക്കുന്നതും വഴിമാറ്റി ചെലവഴിക്കുന്നതും മൂര്‍ത്തിയുടെ അറിവോടെയായിരുന്നുവെന്ന് ഇരുവരെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യംചെയ്യലില്‍ വ്യക്തമായി. ഗോപിനാഥ് പണം പിന്‍വലിച്ച് റിയല്‍ എസ്റ്റേറ്റ് രംഗത്തും സ്വകാര്യ ധനകാര്യസ്ഥാപനത്തിലും നിക്ഷേപിക്കുന്നതായി മനസിലാക്കിയിട്ടും മൂര്‍ത്തി പലരില്‍ നിന്നും സെസൈറ്റിക്കായി നിക്ഷേപങ്ങള്‍ കാന്‍വാസ് ചെയ്യുകയും നിര്‍ബന്ധിച്ച് നിക്ഷേപം നടത്തിക്കുകയും ചെയ്തിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഫോണ്‍ സംഭാഷണങ്ങളും വാട്‌സ്ആപ്പ് സന്ദേശങ്ങളുമുള്‍പ്പെടെ നിരവധി തെളിവുകളും പണം നിക്ഷേപിച്ചതിന്റെയും പിന്‍വലിച്ചതിന്റെയും രേഖകളും അന്വേഷണസംഘം ശേഖരിച്ചു. മാര്‍ച്ച് 22 വരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ ഗോപിനാഥിനെ വിട്ടുകിട്ടിയതിന് പിന്നാലെയാണ് മൂര്‍ത്തിയെ അറസ്റ്റുചെയ്തത്. മൂര്‍ത്തിയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ഗോപിനാഥിനൊപ്പമിരുത്തി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ ആസൂത്രണമുള്‍പ്പെടെ പലകാര്യങ്ങളും തെളിഞ്ഞത്. തട്ടിപ്പില്‍ നിര്‍ണായക പങ്കുള്ള മറ്രൊരു പ്രതി എ.ആര്‍.രാജീവിനെയും ഗോപിനാഥിന്റെ സുഹൃത്ത് മണികണ്ഠന്‍, ഇയാളുടെ ഭാര്യ എന്നിവരെയും ഉടന്‍ പിടികൂടാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
ഗോപിനാഥ് വകമാറ്റിയ പണത്തില്‍ ഭൂരിഭാഗവും മണികണ്ഠനും ഭാര്യയും ചേര്‍ന്ന് നടത്തുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും ഉടന്‍ പിടികൂടാന്‍ ആലോചിക്കുന്നത്. ഇവരെക്കൂടി ഗോപിനാഥിനൊപ്പം ചോദ്യം ചെയ്താല്‍ തട്ടിപ്പിന്റെ പൂര്‍ണരൂപം മനസിലാകുമെന്നാണ് കണക്കുകൂട്ടല്‍. എ.ആര്‍.ഗോപിനാഥ്, മൂര്‍ത്തി, പ്രദീപ് കുമാര്‍ എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഒരു ഡസനോളം പേര്‍ പ്രതികളായ കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മറ്റ് പ്രതികള്‍ക്കെതിരെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിനിടയാക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വസ്തുവാങ്ങിയ സ്ഥലങ്ങളിലും പണം നിക്ഷേപിച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിലുമുള്‍പ്പെടെ ഗോപിനാഥിനെ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു.
https://www.facebook.com/Malayalivartha























