കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ ചരിത്രമാകുന്നു. ഇന്നലെ രാത്രി 8.17നാണ് റഷ്യയുടെ സോയൂസ് എം.എസ് 29 പേടകത്തിൽ മലയാളിയായ അനിൽ മേനോൻ ബഹിരാകാശത്തേക്ക് കുതിച്ചത്. 11.26ന് സ്‌പേസ് സ്റ്റേഷനിലേക്ക് പേടകം ചേർത്തുവച്ചു. പാലക്കാട് ഒറ്റപ്പാലം ചേറ്റൂർ കുടുംബാംഗമായ ഡോ. അനിൽ മേനോൻ ഇതോടെ ബഹിരാകാശം തൊടുന്ന ആദ്യ മലയാളിയായി.
ബഹിരാകാശത്തുകൂടി സെക്കൻഡിൽ 7.2കിലോമീറ്റർ വേഗതയിൽ കുതിച്ച് മൂന്ന് മണിക്കൂറിനകം ഭൂമിയെചുറ്റിയാണ് പേടകം ബഹിരാകാശ നിലയത്തിലെത്തിയത്.
ഇന്ന് പുലർച്ചെ ഒന്നരയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി. റഷ്യക്കാരായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവരാണ് മേനോനൊപ്പം യാത്ര ചെയ്ത സഞ്ചാരികൾ.
റഷ്യയും അമേരിക്കയും മാറിമാറിയാണ് സ്‌പേസ് സ്റ്റേഷനിലേക്ക് മനുഷ്യരെ എത്തിക്കുന്നത്. ഇത്തവണ റഷ്യയുടെ ഊഴമായിരുന്നു.അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ പ്രതിനിധിയായാണ് ഡോ.അനിൽ മേനോൻ സ്‌പേസ് സ്റ്റേഷനിലെത്തിയത്.എക്സ്പെഡിഷൻ 74ദൗത്യത്തിന്റെ ഭാഗമായി അദ്ദേഹം പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തും.
https://www.facebook.com/Malayalivartha























