മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ. ജലവിതരണം മുടങ്ങിയതോടെ ഒന്നരലക്ഷം ഏക്കർ കൃഷി ഭൂമി തരിശായി മാറി. മറ്റ് ജോലികളിലേക്ക് തിരിയേണ്ട അവസ്ഥയിലാണ് കർഷകരുള്ളത്.
മുല്ലപ്പെരിയാർ അണക്കെട്ടാണ് തേനി ഉൾപ്പെടെ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കാർഷിക ജീവിതത്തെ താങ്ങി നിർത്തുന്നത്. തേനിയിൽ 14,700 ഏക്കർ കൃഷിഭൂമിയിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിനെ ആശ്രയിച്ച് കൃഷിയിറക്കുന്നത്.
സാധാരണയായി ജൂൺ ഒന്നിന് കാർഷിക ആവശ്യങ്ങൾക്കായി അണക്കെട്ട് തുറക്കുമെങ്കിലും ഇത്തവണ വെള്ളമില്ലെന്ന കാരണത്താൽ ഇതുവരെ തുറക്കാൻ സാധിച്ചിട്ടില്ല. ഇതുവരെ വയലൊരുക്കൽ ഉൾപ്പെടെ പ്രാരംഭ കാർഷിക പ്രവർത്തനങ്ങൾ പോലും നടത്താൻ കഴിയാതെ വന്നതോടെയാണ് ഭൂമി തരിശായി തീർന്നത്. മുൻപുണ്ടായിരുന്ന ജലശേഖരം ആസൂത്രണം ഇല്ലാതെ തുറന്ന് വിട്ടതും ഈ വർഷം മതിയായ മഴ ലഭിക്കാതിരുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കർഷകരുടെ ആരോപണം. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലനിരപ്പ് 142 അടിയിൽ നിന്ന് 152 അടിയായി ഉയർത്തിയാൽ വരൾച്ചക്കാലത്തും കൃഷിയിറക്കാൻ കഴിയുമെന്നാണ് തമിഴ്നാടിൻ്റെ വാദം.
ജലക്ഷാമം കാരണം കൃഷി ഉപേക്ഷിച്ച പലരും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ആശങ്ക പരിഹരിക്കാനായി അടിയന്തര ഇടപെടലുണ്ടാവണമെന്നാണ് ആവശ്യം.
"
https://www.facebook.com/Malayalivartha
























