ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെപ്പോഴും കഠിനമായ നേട്ടമാണ്, ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ മുന്‍ഗാമികളില്ല... അഭിഭാഷകയായി എന്റോള്‍ ചെയ്ത സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പത്മലക്ഷ്മിയ്ക്ക് അഭിനന്ദനവുമായി മന്ത്രി പി. രാജീവ്... നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാവുകയാണ് ലക്ഷ്യമെന്ന് പത്മലക്ഷ്മി

അഭിഭാഷകയായി എന്റോള്‍ ചെയ്ത കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ പത്മലക്ഷ്മിയ്ക്ക് അഭിനന്ദനവുമായി മന്ത്രി പി. രാജീവ്. നീതിക്കായുള്ള പോരാട്ടത്തില്‍ ഏത് ഭാഗത്ത് നില്‍ക്കണമെന്ന് കടന്നുവന്ന വഴികള്‍ പത്മലക്ഷ്മിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള കൂടുതല്‍ പേര്‍ക്ക് ഇത് പ്രചോദനമാകട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപമിങ്ങനെ....
ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം തരണംചെയ്ത് കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അഭിഭാഷകയായി എന്റോള്‍ ചെയ്ത പത്മലക്ഷ്മിക്ക് അഭിനന്ദനങ്ങള്‍. ആദ്യത്തെ ആളാകുക എന്നത് ചരിത്രത്തിലെപ്പോഴും കഠിനമായ നേട്ടമാണ്. ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ മുന്‍ഗാമികളില്ല. തടസങ്ങള്‍ അനവധിയുണ്ടാകും. നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും ആളുകളുണ്ടാകും. ഇതിനെയെല്ലാം അതിജീവിച്ചാണ് നിയമചരിത്രത്തില്‍ സ്വന്തം പേര് പത്മലക്ഷ്മി എഴുതിച്ചേര്‍ത്തിരിക്കുന്നത്.
നീതിക്കായുള്ള പോരാട്ടത്തില്‍ ഏത് ഭാഗത്ത് നില്‍ക്കണമെന്ന് പത്മലക്ഷ്മി കടന്നുവന്ന വഴികള്‍ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള യാത്രയില്‍ നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകുകയാണ് ലക്ഷ്യമെന്ന പത്മലക്ഷ്മിയുടെ വാക്കുകള്‍ അത്രമേല്‍ മൂര്‍ച്ചയുള്ളതാണ്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള കൂടുതലാളുകള്‍ അഭിഭാഷകവൃത്തിയിലേക്ക് കടന്നുവരുന്നതിന് പത്മലക്ഷ്മിയുടെ ജീവിതം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു. അഡ്വ. പത്മലക്ഷ്മിയെയും ഇന്നലെ എന്റോള്‍ ചെയ്ത 1528 അഭിഭാഷകരെയും ഒരിക്കല്‍കൂടി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
അതേസമയം നിയമത്തിന്റെ കരുത്തുമായി നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാവുകയാണ് ലക്ഷ്യമെന്ന് പത്മലക്ഷ്മി. അഭിഭാഷകയാകുകയെന്ന ആഗ്രഹം ചെറുപ്പം മുതലുണ്ടായിരുന്നു. 2019ല്‍ എറണാകുളം ഗവ. ലോ കോളേജില്‍ നിയമപഠനത്തിനെത്തി.
ഭൗതികശാസ്ത്രത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തിനുശേഷമായിരുന്നു ഇത്. എല്‍എല്‍ബി അവസാന വര്‍ഷമാണ് അച്ഛനോടും അമ്മയോടും സ്വന്തം സ്വത്വത്തെക്കുറിച്ച് കൃത്യമായി സംസാരിക്കുന്നത്. കേള്‍ക്കുമ്പോള്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമോ എന്ന് പേടിയുണ്ടായിരുന്നു.
എന്നാല്‍, 'എന്തുകാര്യവും നീ ഞങ്ങളോടാണ് പറയേണ്ടതെന്ന്' പറഞ്ഞ് അച്ഛന്‍ മോഹനകുമാറും അമ്മ ജയയും പത്മയ്ക്ക് പൂര്‍ണപിന്തുണ നല്‍കിയെന്നും പത്മലക്ഷ്മി.
"
https://www.facebook.com/Malayalivartha























