മുഖ്യമന്ത്രി അറിഞ്ഞോ...മരുമോന്റെ അടക്കം ആറ് വകുപ്പുകളില്‍ അഴിമതി കൊടികുത്തിവാഴുന്നു...സര്‍ക്കാര്‍ വാലും ചുരുട്ടി ഓടി..പ്രവൃത്തികളെല്ലാം ഒരേ കരാറുകാര്‍ക്ക് നല്‍കുന്നതും, ഗുണമേന്മയില്ലാതെ അവ പൊളിഞ്ഞു വീഴുന്നതും ഒക്കെ സംശയാസ്പദമാണ്...

2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ അഴിമതി മുക്തകേരളം കേരളം എന്ന ആശയം മുഖ്യമന്ത്രി മുന്നോട്ട് വച്ചിരുന്നു. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ അഴിമതി അനുസരിച്ച് പട്ടിക തയ്യാറാക്കാനും തീരുമാനിച്ചു. വിജിലന്‍സ് ഡയറക്ടറായിരുന്ന ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ റിസര്‍ച് ആന്‍ഡ് ട്രെയ്‌നിങ് വിഭാഗം ഇന്‍ഡക്‌സ് തയാറാക്കി. 8 മാസത്തോളം നീണ്ട പ്രയത്‌നത്തിലൂടെ 2017 മാര്‍ച്ചില്‍ ആദ്യത്തെ 'അഴിമതിപ്പട്ടിക' പ്രസിദ്ധീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പായിരുന്നു പട്ടികയില്‍ അന്ന് ഒന്നാമത്. മൂന്ന് മാസം കൂടുമ്പോള്‍ പട്ടിക പുതുക്കാനായിരുന്നു തീരുമാനം. സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി നിരീക്ഷിക്കാനാണ് 'കേരള ആന്റി കറപ്ഷന്‍ ഇന്‍ഡക്‌സ്' തയാറാക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. പട്ടിക പുറത്തായതോടെ അഴിമതിയുടെ കൂത്തരങ്ങായി മാറിയ വകുപ്പുകളുടെ നാഥന്‍മാരായ മന്ത്രിമാര്‍ക്ക് ഉത്തരംമുട്ടി. പിന്നീട് അതത് വകുപ്പുകളില്‍ തിരുത്തല്‍ നടപടികള്‍ തുടങ്ങിയതായി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഏതാനും മാസങ്ങള്‍ പൂര്‍ത്തിയാകും മുമ്പ് ഈ പരിപാടി അവസാനിപ്പിച്ചു.
അതിന്റെ കാരണമെന്തെന്ന് സര്‍ക്കാര്‍ വിലാസം കമ്മിറ്റിക്കാര്‍ക്ക് മാത്രമേ അറിയാവൂ. അതിനിടെ മുഖ്യമന്ത്രിയും ജേക്കബ് തോമസും തമ്മില്‍ കീരിയും പാമ്പുമായി മാറിയിരുന്നു. ഇപ്പോഴത്തെ വിജിലന്‍സ് ഡയറക്ടറും മുഖ്യമന്ത്രിയും തമ്മില്‍ ഇനി എപ്പഴോള്‍ വേണമെങ്കിലും തെറ്റിയേക്കാം.കാരണം മരുമോന്റെ അടക്കം ആറ് വകുപ്പുകളില്‍ അഴിമതി കൊടികുത്തിവാഴുകയാണെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. അതേക്കുറിച്ച് വിശദമായി പറയാം. അതിന് മുമ്പ് ഒന്നാം പിണറായി സര്‍ക്കാരില്‍ അഴിമതി പടര്‍ന്ന വകുപ്പുകള്‍ ഏതെന്ന് പരിശോധിക്കാം.2017ല്‍ പുറത്തുവിട്ട ഇന്‍ഡക്‌സില്‍ 13 വകുപ്പുകളായിരുന്നു അഴിമതിയില്‍ മുന്നില്‍. ഒന്നാമന്‍ തദ്ദേശ സ്വയംഭരണം ആയിരുന്നു. തൊട്ടുപിന്നാലെ റവന്യു, പൊതുമരാമത്ത്, ആരോഗ്യം -സാമൂഹികക്ഷേമം, ഗതാഗതം, പൊതുവിദ്യാഭ്യാസം , പൊലീസ്, ജലവിഭവം , ഭക്ഷ്യ സിവില്‍ സപ്ലൈസ് , എക്‌സൈസ്-മൈനിങ് ആന്‍ഡ് ജിയോളജി - വാണിജ്യ നികുതി, കൃഷി വകുപ്പുകളായിരുന്നു. മെഡിക്കല്‍ കോളജുകളില്‍ വിജിലന്‍സ് യൂണിറ്റ് സ്ഥാപിക്കാന്‍ 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചു.
ഏവരും സ്വാഗതം ചെയ്തു. പക്ഷെ, ഫയല്‍ പുറംലോകം കണ്ടില്ല. മാസങ്ങള്‍ക്ക് മുമ്പ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഈ ഫയല്‍ പൊടിതട്ടിയെടുത്തെങ്കിലും സെക്രട്ടറിയേറ്റിലെ അവതാരങ്ങളിലാരോ അത് മുക്കി. 2018ല്‍ പ്രളയവും പിന്നീട് കോവിഡും വന്നതോടെ അഴിമതിപ്പട്ടിക പ്രസിദ്ധീകരിക്കുന്ന കാര്യം പിണറായി സര്‍ക്കാര്‍ മറന്നുപോയി. പക്ഷെ, അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറിന് സംസ്ഥാനത്തെ നിരവധി പേരുടെ ഡാറ്റ കൈമാറാന്‍ തീരുമാനിച്ചതില്‍ വലിയ അഴിമതിയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നതോടെ സര്‍ക്കാര്‍ വാലുംചുരുട്ടി ഓടി. അപ്പോഴേക്കും രണ്ടാമൂഴവും കിട്ടി.മരുമകന്‍ മുഹമ്മദ് റിയാസിനെ പൊതുമരാമത്ത്-ടൂറിസം മന്ത്രിയുമാക്കി. പുത്തനച്ചി പുരപ്പുറംതൂക്കുമെന്ന് പറഞ്ഞപോലെ എല്ലാം ശെര്യാക്കാനെന്ന മട്ടില്‍ റിയാസിറങ്ങി. പി.ആര്‍ കമ്മികളുടെ തള്ളാണെങ്കില്‍ അതിലും സ്പീഡിലും. പക്ഷെ, അണയാന്‍ പോകുന്ന തീ ആളിക്കത്തി. ഹൈക്കോടതി അതിന് നിമിത്തമായെന്ന് മാത്രം.നിര്‍മിച്ച റോഡുകള്‍ ആറുമാസത്തിനകം തകര്‍ന്നാല്‍ കരാറുകാരനും എഞ്ചിനീയര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം നടത്തണം, ഒരു വര്‍ഷത്തിനുള്ളിലാണ് തകരുന്നതെങ്കില്‍ ആഭ്യന്തരതല അന്വേഷണം നടത്തി കുറ്റം തെളിഞ്ഞാല്‍ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
നിര്‍മാണത്തിലെ അപാകത കാരണം റോഡുകള്‍ തകര്‍ന്നാല്‍ മഴയെ കുറ്റം പറഞ്ഞ് രക്ഷപ്പെടുന്ന അധികൃതര്‍ക്കെതിരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അതിരൂക്ഷമായ വിമര്‍ശനം നടത്തി. 2022 ജൂലായിലായിരുന്നു ഇത്.മഴയല്ല, നിര്‍മാണ തകരാറാണ് റോഡുകളിലെ കുഴികള്‍ക്ക് കാരണമെന്ന വസ്തുത സ്വന്തം അനുഭവം ഉദാഹരിച്ചുകൊണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. മഴക്കാലമായാല്‍ കേരളത്തിലെ റോഡുഗതാഗതം ദുരിതപൂര്‍ണമാണ്. എല്ലാ വിഭാഗം ജനങ്ങളും ഇതിന്റെ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നു. ടാറിങ് ഇളകി കുഴികളുണ്ടാവുക മാത്രമല്ല, കിലോമീറ്ററുകളോളം റോഡേതാ തോടേതാന്ന് അറിയാത്തത് പതിവു കാഴ്ചയാണ്. റോഡുകള്‍ തകരുന്നത് ജനജീവിതത്തെ നേരിട്ടു ബാധിക്കും.ആര്‍ക്കും ഒരിടത്തും സമയത്ത് എത്തിച്ചേരാനാവില്ല. രോഗികളെ ആശുപത്രിയിലെത്തിക്കാനാവില്ല. ഗതാഗതസ്തംഭനം പതിവാകും. വാഹനങ്ങള്‍ വേഗം കുറച്ച് സഞ്ചരിക്കേണ്ടതിനാല്‍ ഇന്ധനച്ചെലവും കൂടും. വര്‍ധിക്കുന്നത് മറ്റൊരു പ്രശ്നമാണ്. വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികളില്‍ വീണുള്ള വാഹനാപകടങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നു. ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന നിലപാട് മന്ത്രിമാരും ഉദ്യോഗസ്ഥരും സ്വീകരിക്കുന്നത്. കേരളത്തിലെ റോഡുകള്‍ തകരുന്നതിന് കാരണം നിര്‍മാണത്തിലെ അപാകതയാണ്. അഴിമതിയാണ് ഇതിന് കാരണം. അനുവദിക്കുന്ന ഫണ്ടിലെ നല്ലൊരു ശതമാനം ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി വീതംവെയ്ക്കും. ബാക്കി തുകകൊണ്ടാണ് നിര്‍മാണ സാമഗ്രികള്‍ വാങ്ങുന്നത്.
ഇത്തരം റോഡുകള്‍ നിശ്ചിതകാലം തകരാതെ നിലനില്‍ക്കണമെന്ന ആഗ്രഹം കരാറുകാര്‍ക്കില്ല. കാരണം റോഡുകള്‍ പൊളിഞ്ഞാലല്ലേ പുതിയ നിര്‍മാണ കരാര്‍ ലഭിക്കുകയുള്ളൂ. സ്വയം അഴിമതി നടത്തില്ലെന്നും, മറ്റുള്ളവരെ അതിന് അനുവദിക്കില്ലെന്നും പ്രതിജ്ഞയെടുക്കുന്ന ഒരു പൊതുമരാമത്തു മന്ത്രിക്കു മാത്രമേ ഇതിന് മാറ്റം വരുത്താനാവൂ. പിആര്‍ വര്‍ക്കിലൂടെയും വാചകമടികളിലൂടെയും മാധ്യമങ്ങളില്‍ ഇടംപിടിച്ചും സമൂഹമാധ്യമങ്ങളിലെ കയ്യിടി വാങ്ങിയും സൂപ്പര്‍ മുഖ്യമന്ത്രി ആകാന്‍ ശ്രമിക്കുന്ന പൊതുമരാമത്ത് മന്ത്രിക്ക് ഇതിനു കഴിയില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നു. സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് നല്‍കിയ ശുപാര്‍ശ അതിന്റെ ദൃഷ്ടാന്തമാണ്.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നതായി വ്യാപക പരാതിയുള്ള ആറ് വകുപ്പുകളിലൊന്നാണ് മരുമകന്റെ കക്ഷത്തിരിക്കുന്ന പൊതുമരാമത്ത് വകുപ്പെന്ന് വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പറയുന്നു. അതിനാല്‍ ഈ ആറ് വകുപ്പുകളിലും വിജിലന്‍സ് യൂണിറ്റുകള്‍ രൂപീകരിക്കണമെന്നും അദ്ദേഹം ശുപാര്‍ശ ചെയ്തു. ഇതിനായി വിജിലന്‍സ് വകുപ്പിലെ എസ്.പി, ഡിവൈഎസ്.പി തല ഉദ്യോഗസ്ഥരെ ഡെപ്യൂട്ടേഷനില്‍ നിയമിച്ച് വേണം വിജിലന്‍സ് യൂണിറ്റ് രൂപീകരിക്കേണ്ടതെന്നും നിര്‍ദ്ദേശിച്ചു.പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിക്കുന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണം പോയവര്‍ഷം തകര്‍ന്നു വീണിരുന്നു. ചെറിയ മഴ ഉണ്ടായപ്പോള്‍ തന്നെ വലിയ രീതിയില്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ശംഖുമുഖം റോഡ് കേവലം മൂന്ന് മാസങ്ങള്‍ക്ക് ശേഷം പാടെ തകര്‍ന്നിരുന്നു.
സി പി എം നേതാക്കളുടെ ഇഷ്ടക്കാരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി നിര്‍മ്മിച്ച കൂളിമാട് പാലം തകര്‍ന്നിരുന്നു. ആരോപണങ്ങള്‍ ഉയരുമ്പോള്‍ തൊഴിലാളികളെയും ഉദ്യോഗസ്ഥരെയും പഴിചാരി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയായ മരുമകനും ചേര്‍ന്ന് കേരളത്തിന്റെ ഖജനാവ് കട്ടുമുടിക്കുകയാണെന്ന് 2022 മെയ് 20ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പരിചയസമ്പന്നരെ മാറ്റി നിര്‍ത്തി മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ തന്നെ സുപ്രധാന വകുപ്പ് ആയ പൊതുമരാമത്ത്
ഏല്‍പിച്ചതും പ്രവൃത്തികളെല്ലാം ഒരേ കരാറുകാര്‍ക്ക് നല്‍കുന്നതും ഗുണമേന്മയില്ലാതെ അവ പൊളിഞ്ഞു വീഴുന്നതും ഒക്കെ സംശയാസ്പദമാണ്, തുടര്‍ച്ചയായുണ്ടായിരിക്കുന്ന അഴിമതികളില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ മാറ്റി നിര്‍ത്തി സത്യസന്ധമായ അന്വേഷണം നടത്താന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് ഡയറക്ട്ടര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൊടുത്ത റിപ്പോര്‍ട്ടും ശുപാര്‍ശയും അനുസരിച്ച് സുധാകരന്‍ പറഞ്ഞത് തന്നെ ചെയ്യുന്നതാണ് ഉത്തമം. പക്ഷെ, അതിന് മുഖ്യന് ഇരട്ടച്ചങ്കുണ്ടോ എന്ന് സംശയമാണ്.
https://www.facebook.com/Malayalivartha
























