പിണറായി പുകഴ്ത്തലിന് 50 കോടി... സ്‌പെഷ്യലായി പാലഭിഷേകവും കര്‍പ്പൂരാഴിയും തള്ള് തിരുവാതിരയും.

രണ്ടാം പിണറായ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം തികച്ചും അടിച്ചു പൊളിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഖജനാവില്‍ പണമില്ലെങ്കില്‍ ലോണെടുത്തായാലും നമ്മള്‍ പൊളിക്കുമെന്ന ലൈനിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്.
കഴിഞ്ഞ ഒരു വര്‍ഷവും കേന്ദ്രത്തിലെ നരേന്ദ്രമോദിയെ പോലെ പ്രതിപക്ഷ ചോദ്യങ്ങളോടും , സ്വപ്‌ന സുരേഷെന്ന സ്വര്‍ണ്ണ സുന്ദരിയുടെ ആരോപണങ്ങളോടും തികഞ്ഞ മൗനമാണ് മുഖ്യന്‍ പാലിച്ചിരുന്നത്. ഇടയ്ക്ക് സ്വന്തം മകളെ കുറിച്ച് മാത്യുകുഴല്‍നാടന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അവിടെ നിന്നുമൊരു പൊട്ടിത്തെറിയുണ്ടായത്. ബാക്കിയെല്ലാ ചോദ്യങ്ങളും അന്തരീക്ഷത്തില്‍ ലയിപ്പിച്ചു കളഞ്ഞ മുഖ്യന് രാഷ്ട്രീയ രേഖയില്‍ ഗ്രാഫ് തീരെയങ്ങ് താഴ്ന്നു പോയെന്നൊരു തോന്നല്‍. ശരിക്കും തോന്നല്ല. മുഖ്യന്റെ ഗ്രാഫ് താഴുന്നു പോവുക തന്നെ ചെയ്തു. എന്നാല്‍ ആ സ്ഥാനത്ത് സിപിഎമ്മിലെ മറ്റൊരു നേതാവിന്റെയും ഗ്രാഫ് ഉയര്‍ന്നതുമില്ല. ഗ്രാഫ് ഉയര്‍ത്താനായി സെക്രട്ടറി എം.വി.ഗോവിന്ദന്‍ വടക്ക് നിന്ന് തെക്കോട്ട് ജാഥ നടത്തിയെങ്കിലും വിളമ്പിയത് മണ്ടത്തരമായി പോയി.
അത് നിലവിലുണ്ടായിരുന്ന മാനത്തെയും ഒലിപ്പിച്ചു കളഞ്ഞു. ഇ.പി.ജയരാജന്റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. പുട്ടിന് പീര ഇടുന്നതുപോലെ ഇന്‍ഡിഗോ എന്നെ വിളിച്ചോ എന്ന കൂടെ കൂടെ ചോദിച്ച് സ്വയം കമ്മത്തായി കൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയാണെങ്കിലോ ആ അഴുകി നാശക്കോട്ടയായ സ്ഥിതിയായി. എല്ലാറ്റിനും കൂടിയുള്ള ഒറ്റമൂലി ഔഷധമായാണ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം കൊണ്ടാടുന്നത്. ഇനിയെങ്കിലും ഉണര്‍ന്നില്ലെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വട്ടപൂജ്യമായി മാറുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു. രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ നിന്ന് അകറ്റാനും ഇതിനിടയില്‍ പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. ഭാരിച്ച പണികളുണ്ടെങ്കിലും രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം വരുംനാളുകള്‍ ആഘോഷങ്ങളും പൂരങ്ങളും കൊണ്ട് കമനീയമാക്കാനാണ് പിആര്‍ഡി പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നാണറിയുന്നത്.
കനത്ത നികുതികളും കടുത്ത സാമ്പത്തിക തകര്‍ച്ചയും ജനം നേരിടുമ്പോള്‍ 50 കോടിയിലധികം രൂപ ഖജനാവില്‍നിന്നു മുടക്കി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് അത്താഴ പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു തുല്യമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ വെടിപൊട്ടിക്കല്‍ വന്നു കഴിഞ്ഞു. പിണറായി വിജയനെ തുടര്‍ച്ചയായി 60 ദിവസം സ്തുതിക്കാനും കാരണഭൂതന്റെ ചിത്രങ്ങളില്‍ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനാവില്‍നിന്ന് ഒരു രൂപ പോലും ചെലവഴിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സുധാകരനെ കേട്ട ഭാവം പോലുമില്ലാതെ അറുപത് നാള്‍ മെഗാഷോയ്ക്ക് സഖാക്കള്‍ തയ്യാറെടുക്കുന്നത്.
''സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ജില്ലാതല മെഗാ എക്സിബിഷന് ജില്ലയ്ക്ക് 35 ലക്ഷം രൂപ വീതം അനുവദിച്ച് ഉത്തരവിറങ്ങി. ജില്ലകള്‍ക്കു മാത്രം 4.20 കോടി രൂപയാണ് പൊടിക്കുന്നത്. പിആര്‍ഡിയുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങള്‍ കൂടാതെ 44 പ്രധാന വകുപ്പുകള്‍, കോര്‍പറേഷനുകള്‍, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവരോട് തനത് ഫണ്ട് വിനിയോഗിച്ച് ആഘോഷം ഗംഭീരമാക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കുന്ന 4,263 കോടി രൂപയില്‍ നിന്നാണ് ആഘോഷത്തിനു പണം കണ്ടെത്തുന്നത്. കടത്തിനു മേല്‍ കടം കയറ്റിവച്ച് നിത്യനിദാന ചെലവുപോലും നടത്തുന്നതിനിടയിലാണ് ആഘോഷം പൊടി പൊടിക്കുന്നത്.
ക്ഷേമ പെന്‍ഷന്‍കാര്‍, കരാറുകാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നെല്‍കര്‍ഷകര്‍, റബര്‍ കര്‍ഷകര്‍, പാചകത്തൊഴിലാളികള്‍, വീല്‍ചെയര്‍ രോഗികള്‍ തുടങ്ങിയ വിവിധ ജനവിഭാഗങ്ങള്‍ തങ്ങള്‍ക്കു ലഭിക്കേണ്ട പണത്തിനും ആനുകൂല്യങ്ങള്‍ക്കും സെക്രട്ടേറിയറ്റിനു മുന്നില്‍ മുട്ടിലിഴയുമ്പോഴാണ് കോടാനുകോടികള്‍ വൃഥാ കത്തിയമരുന്നത്. കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള 'ആശ്വാസം കിരണം' പദ്ധതിയിലെ ധനസഹായം മുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള പ്രതിമാസ ധനസഹായം നവംബറിനുശേഷം വിതരണം ചെയ്തിട്ടില്ല. സര്‍ക്കാര്‍ വിഹിതം കുടിശിക ആയതിനെ തുടര്‍ന്ന് കുട്ടികള്‍ക്കുള്ള സൗജന്യ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലാണ് ഇതൊക്കയാണ് സുധാകരന്‍ ഉയര്‍ത്തിക്കാട്ടുന്ന അടിയന്തിര ആവശ്യങ്ങള്‍. എന്നാല്‍ സിപിഎമ്മിന് ഇതിനേക്കാളൊക്കെ അടിയന്തിരം പാര്‍ട്ടിയെ നടുനിവര്‍ത്തി നിര്‍ത്തിയ്ക്കുകയെന്നതാണ്.അടുത്ത ലക്ഷ്യം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് കളമൊരുക്കുകയെന്നതാണെന്ന് സിപിഎം മനസിലാക്കുന്നുണ്ട്. അതിന് മുന്നോടിയായാണ് വാര്‍ഷിക ധൂര്‍ത്തും പിണറായി പുകഴ്ത്തല്‍ കലാപരിപാടികളുമായി കുട്ടി സഖാക്കളെ രംഗത്തിറക്കുന്നതെന്നറിയുന്നു.
https://www.facebook.com/Malayalivartha