എ.കെ.ജിയുടെ ഭാര്യയെ പരിഹസിച്ച ജ.സിറിയക് ജോസഫിനെ പിണറായി ലോകായുക്തയാക്കിയതെന്തിന്? ഗുരുവായൂര്‍ സത്യാഗ്രഹം നടത്തിയതിന്റെ പേരിലാണ് എ.കെ.ജിയുടെ ആദ്യ വിവാഹബന്ധം തകര്‍ന്നതെന്ന് പറയപ്പെടുന്നു. അദ്ദേഹം പിന്നീട് ഈഴവ സമുദായത്തില്‍പ്പെട്ട തൊഴിലാളി നേതാവായ സുശീലാ ഗോപാലനെ വിവാഹം കഴിച്ചു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രത്യേകിച്ച് സി.പി.എം കെട്ടിപടുക്കുന്നതില്‍ അഹോരാത്രം പണിയെടുത്ത നേതാക്കളില്‍ ഒരാളാണ് എ.കെ.ജി. ദളിതര്‍ക്കും പിന്നോക്കക്കാര്‍ക്കും ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ട് ഗുരുവായൂര്‍ സത്യാഗ്രഹം നടത്തിയതിന്റെ പേരിലാണ് എ.കെ.ജിയുടെ ആദ്യ വിവാഹബന്ധം തകര്‍ന്നതെന്ന് പറയപ്പെടുന്നു. അദ്ദേഹം പിന്നീട് ഈഴവ സമുദായത്തില്‍പ്പെട്ട തൊഴിലാളി നേതാവായ സുശീലാ ഗോപാലനെ വിവാഹം കഴിച്ചു. അങ്ങനെ എല്ലാം കൊണ്ടും മാതൃകപരമായ കമ്മ്യൂണിസ്റ്റ് ജീവിതമാണ് അദ്ദേഹം നയിച്ചത്. എന്നാല്‍ കമ്മ്യുണിസ്റ്റ് വിരുദ്ധനായ ജസ്റ്റിസ് സിറിയക് ജോസഫ് .ലോകായുക്ത പദവി നേടാന്‍ കമ്മ്യുണിസ്റ്റ് സഹയാത്രികനായത് പലരെയും ഞെട്ടിച്ചിരുന്നു. അതിന് കാരണം ഇതാണ്.
കേരളത്തിലെ കയര്‍ തൊഴിലാളി സഹകരണ സംഘങ്ങളെ തകര്‍ക്കാന്‍ മുന്‍ മന്ത്രി എം വി രാഘവന്‍ കൊണ്ടുവന്ന കരിനിയമ ഓര്‍ഡിനന്‍സിനെതിരെ എം.പിയായിരുന്ന അന്തരിച്ച സി.പി.എം നേതാവ് സുശീല ഗോപാലന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു സ്വയം വാദിച്ച ചരിത്രപ്രസിദ്ധമായ പോരാട്ടമാണത്.
കോടതിയില്‍ സുശീല ഗോപാലനോട് 'ഇത് പാര്‍ലമെന്റ് അല്ല' എന്ന് പറഞ്ഞു പരിഹസിച്ചുകൊണ്ടിരുന്നയാളാണ് ജസ്റ്റിസ് സിറിയക് ജോസഫ് .ഒരു സ്ത്രീ എന്ന പരിഗണന പോലും സുശീല ഗോപാലന് നല്‍കിയില്ലെന്ന് അന്നത്തെ പല നേതാക്കളും ഓര്‍ക്കുന്നു. സുശീലാ ഗോപാലനെ എല്ലാം ദിവസവും പരിഹസിക്കുന്നതില്‍ ആനന്ദം കണ്ടിരുന്നയാളാണ് സിറിയക് . പി കരുണാകരനും ആനത്തലവട്ടം ആനന്ദനും കോടതിമുറിയില്‍ ഇതിന് എത്രയോ നാള്‍ ദൃക്സാക്ഷികള്‍ ആയിരുന്നു. പക്ഷെ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടി സെക്രട്ടറിയറ്റില്‍ ജസ്റ്റിസ് സിറിയക്കിന് ലോകായുക്ത പദവി ദാനം ചെയ്യുന്നത് അറിയിച്ചപ്പോള്‍ ഈ രണ്ട് രണ്ടുനേതാക്കള്‍ക്കും സ്തംഭിച്ചുപോയി.
കേരളാകോണ്‍ഗ്രസ് പക്ഷത്തായിരുന്ന സിറിയക് പിന്നീട് കോണ്‍ഗ്രസ്സ് പക്ഷത്തേക്ക് ചാഞ്ഞെന്നാണ് രാഷ്ട്രീയവൃത്തങ്ങളില്‍ അന്നുവരെയുള്ള അടക്കംപറച്ചില്‍. എല്‍ ഡി എഫ് അധികാരത്തില്‍ വന്നപ്പോള്‍ സഭയെ അട്ടിപ്പേറായി ഇടതുപക്ഷത്തേക്ക് മാറ്റി കൊടുക്കാമെന്നു മോഹിപ്പിച്ചു, അങ്ങനെയാണ് മാര്‍ക്‌സിസ്റ്റ് പക്ഷത്തായതെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ പറയുന്നു. ഇനി മറ്റൊരു സംഭവം പറയാം. മുഖ്യമന്ത്രി പിണറായി വിജയന്റെ വലം കയ്യായ കെ.ടി ജലീല്‍ ജസ്റ്റിസ് സിറിയക് ജോസഫിനെതിതെ പറഞ്ഞ കാര്യങ്ങള്‍ കൂടി മനസ്സിലാക്കുമ്പോള്‍ ഭൂതഗണങ്ങള്‍ക്കും അവതാരങ്ങള്‍ക്കും മേലെയാണ് കാര്യങ്ങളെന്ന് തോന്നും.
സിറിയക് ജോസഫ് വിധി പ്രസ്താവിക്കാത്ത ന്യായാധിപനാണെന്ന് കെ ടി ജലീല്‍ 2022 ഫെബ്രുവരി മൂന്നിന് ഫെയ്‌സ് ബുക്കില്‍ കുറിച്ചു. കേരള ഹൈകോടതിയിലും ദില്ലി കോടതിയിലും ന്യായാധിപന്‍ ആയിരിക്കെ വിധി പ്രസ്താവത്തിന് മടിച്ചു. സുപ്രീം കോടതിയില്‍ മൂന്നര വര്‍ഷത്തിനിടെ പറഞ്ഞത് 7 വിധികള്‍ മാത്രം.ഒപ്പ് വെച്ച വിധി ന്യായങ്ങള്‍ തയ്യാറാക്കിയത് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്‍ എന്നും ജലീല്‍ പരിഹസിച്ചു. സിറിയക് ജോസഫിനെതിരെ സുധാംഷു രഞ്ജന്റെ പുസ്തകത്തിലെ പരാമര്‍ശം മൊഴി മാറ്റിയാണ് ജലീല്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
ഇതിന് മുമ്പും പലവട്ടം ജലീല്‍ സിറിയക് ജോസഫിനെതിരെ വിമര്‍ശനവുമായി ജലീല്‍ രംഗത്തെത്തിയിരുന്നു. തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്ക് വേണ്ടിയും ചെയ്യുന്ന ആളെന്നായിരുന്നു ആദ്യ വിമര്‍ശനം. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ സഹോദര ഭാര്യക്ക് എം.ജി വിസി പദവി വിലപേശി വാങ്ങിയെന്നും ജലീല്‍ ആരോപിച്ചിരുന്നു.
സുപ്രീം കോടതിയില്‍ മൂന്നര കൊല്ലത്തില്‍ ആറ് കേസുകളില്‍ മാത്രം വിധി പറയുകയും അഭയ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച മഹാനെന്നും വിമര്‍ശനമുന്നയിച്ച് ജലീല്‍ രണ്ടാമത് രംഗത്തെത്തിയിരുന്നു. തനിക്കെതിരായ ലോകായുക്ത കേസില്‍ വെളിച്ചത്തെക്കാള്‍ വേഗതയില്‍ വിധി പറഞ്ഞുവെന്നും കെ ടി ജലീല്‍ അന്ന് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
അഭയക്കേസില്‍ നാര്‍ക്കോ പരിശോധന നടത്തിയ ബെംഗളൂരുവിലെ ലാബില്‍ സിറിയക് ജോസഫ് സന്ദര്‍ശനം നടത്തിയെന്നാണ് ജലീലിന്റെ മറ്റൊരു ആരോപണം. നാര്‍ക്കോ ടെസ്റ്റ് നടത്തിയ ബെംഗളൂരുവിലെ ഫോറന്‍സിക് ലാബ് ഡയറക്ടറുടെ മൊഴി ചേര്‍ത്തായിരുന്നു അന്ന് ജലീലിന്റെ എഫ്ബി പോസ്റ്റ്. ലോകായുക്തയായി സിറിയക് ജോസഫിനെ നിയമിക്കുന്ന സമയത്ത് നിയമ പ്രകാരം യോഗ്യരായ രണ്ടു പേരേ ഉണ്ടായിരുന്നുള്ളുവെന്നും ഒരു മാന്യന്‍ എത്ര നിര്‍ബന്ധിച്ചിട്ടും പദവി ഏറ്റെടുത്തില്ലെന്നും ജലീല്‍ ഫെയ്‌സ്ബുക്കിലെഴുതിയിരുന്നു. അതിനാല്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ സര്‍ക്കാര്‍ സിറിയക് ജോസഫിനെ നിയമിക്കുകയായിരുന്നെന്നും ജലീല്‍ അന്ന് ന്യായീകരിച്ചിരുന്നു.
കന്യാസ്ത്രീകളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ കുറ്റാരോപിതരെ നാര്‍ക്കോ അനാലിസിസിന് വിധേയരാക്കിക്കൊണ്ടിരുന്ന വേളയില്‍, സുപ്രീം കോടതി ജഡ്ജിയായിരുന്ന സിറിയക് ജോസഫ് കര്‍ണാടകയിലെ ചില സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചത് മതസംഘടനകളുമായുള്ള അദ്ദേഹത്തിന്റെ ബാന്ധവത്തിന് തെളിവായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തിലെ ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു.
നരേന്ദ്രമോദി സര്‍ക്കാര്‍ 2015ല്‍ ജസ്റ്റിസ് സിറിയക് ജോസഫിനെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമാക്കിയപ്പോഴും കെ.ടി ജലീല്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 2013ല്‍ അന്നത്തെ ലോക്‌സഭാ സുഷമാ സ്വരാജും രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും എഴുതിയ വിയോജന കുറിച്ച് ചൂണ്ടിക്കാണിച്ചായിരുന്നു ജലീലിന്റെ പോസ്റ്റ്. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഢിയും ജസ്റ്റിസ് വിഎസ് ശ്രീപുര്‍കറും ഞങ്ങളില്‍ ചിലര്‍ നിര്‍ദ്ദേശിച്ച ജസ്റ്റിസ് രവീന്ദ്രന്‍, ജസ്റ്റിസ് എച്ച് എസ് ബേദി, ജസ്റ്റിസ് ദീപക് വര്‍മ എന്നിവരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമാകാന്‍ യോഗ്യരായി ഉള്ളപ്പോള്‍ ജസ്റ്റിസ് സിറിയക് ജോസഫിനെ നിയമിക്കുന്നതിനോട് സ്വബോധ്യത്തോടെ യോജിക്കാന്‍ നിര്‍വാഹമില്ല- എന്നായിരുന്നു വിയോജനകുറിപ്പ്.
ഇത്തരത്തില്‍ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ വ്യക്തി എന്നത് മാത്രമല്ല. സി.പി.എമ്മിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സുശീല ഗോപാലന്റെ നിയമപോരാട്ടത്തെ പരിഹസിക്കുകയും ചെയ്ത ഒരാളെ ലോകായുക്ത ആക്കിയതിന്റെ ഉദ്ദേശശുദ്ധി എന്താണെന്ന് ദുരിതാശ്വാസനിധി വഴിവിട്ട് ചെലവഴിച്ചെന്ന കേസിലെ വിധിയിലൂടെ കേരളത്തിലെ സാധാരണക്കാരന് ബോധ്യം വന്നിരിക്കുകയാണ്. നിയമത്തെ നീതിയുടെ വഴിക്ക് വിടാതെ സ്വന്തം കസേര സംരക്ഷിക്കാനായി ആയുധമാക്കുന്ന ഈ ഏര്‍പ്പാണ് എല്ലാക്കാലവും നടക്കില്ല. കാരണം കാലത്തിന്റെ കാവ്യനീതി വരാനിരിക്കുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha
























