ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സായുധസേന വെടിയുതിര്‍ത്തു. ഒമാന്‍ തീരത്തിന് സമീപം പനാമ ഫ്‌ലാഗ് ചെയ്ത 'എം എസ് സി ഫ്രാന്‍സെസ്‌ക' എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ കപ്പല്‍ അധികൃതര്‍ അവഗണിച്ചതാണ് പ്രത്യാക്രമണത്തിന് കാരണമായതെന്ന് ഇറാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ആക്രമണത്തില്‍ കപ്പലിന്റെ മുന്‍ഭാഗത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ തീരത്ത് നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെ വച്ചാണ് വെടിവെപ്പുണ്ടായത്. കപ്പലിന് നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും, ഉള്ളിലുണ്ടായിരുന്ന ജീവനക്കാരുടെ ആരോഗ്യനിലയെക്കുറിച്ചോ സുരക്ഷയെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കപ്പല്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നും നാവികസേന നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെന്നുമാണ് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മേഖലയില്‍ തങ്ങളുടെ പരമാധികാരം ചോദ്യം ചെയ്യുന്ന നീക്കങ്ങളെ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഇറാന്‍ ഭരണകൂടം. എന്നാല്‍, ഇത്തരം ഏകപക്ഷീയമായ ആക്രമണങ്ങള്‍ സമുദ്രവ്യാപാരത്തിന് വലിയ ഭീഷണിയാണെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha
























