നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളത്തേക്ക് മാറ്റി

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രതികളായ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. കേസില്‍ കക്ഷിചേരാന്‍ നിതിന്റെ പിതാവ് വൈ.എല്‍ രാജന്‍ അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി. അധ്യാപകരുടെ ജാമ്യാപേക്ഷയുടെ പകര്‍പ്പ് ആവശ്യപ്പെട്ട പിതാവ്, നാളെ കോടതിയില്‍ തന്റെ ഭാഗം വിശദമായി ബോധിപ്പിക്കും.
കോളജിലെ പാത്തോളജി വിഭാഗം മുന്‍ മേധാവി ഡോ. എം.കെ റാം, അധ്യാപിക സംഗീത നമ്പ്യാര്‍ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ, പട്ടികജാതിപട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. തങ്ങള്‍ക്കെതിരെയുള്ള അറസ്റ്റ് ഭയന്നാണ് ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതനുസരിച്ച് കോടതിയില്‍ ഹാജരാകാന്‍ നിതിന്റെ പിതാവിന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് മറ്റൊരു അഭിഭാഷകന്‍ മുഖേന കോടതിയില്‍ എത്തിയ രാജന്‍, പ്രതികളുടെ ജാമ്യാപേക്ഷയില്‍ തന്റെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇരുഭാഗത്തിന്റെയും വിശദമായ വാദം കേള്‍ക്കുന്നതിനായി കോടതി കേസ് മാറ്റിവെച്ചത്.
https://www.facebook.com/Malayalivartha
























