അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍.
കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ആനയെ മറ്റൊരു കാട്ടിലേക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. ജനകീയ സമരം കൊണ്ട് കോടതി വിധിയില്‍ മാറ്റമുണ്ടാകില്ല.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നെന്മാറ എംഎല്‍എ കെ.ബാബു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പറമ്പിക്കുളത്തെ ഊരുമൂപ്പന്‍മാരും ഹര്‍ജി നല്‍കും. പറമ്പിക്കുളത്തും മുതലമടയിലും പ്രതിഷേധ സമരങ്ങള്‍ തുടരുകയാണ്.
അതേസമയം ആനയെ മയക്കു വെടിവച്ച് പിടികൂടാനുളള ദൗത്യം ഇനിയും വൈകുമെന്നാണ് സൂചനകള്‍. ആനയ്ക്ക് ഘടിപ്പിക്കേണ്ട ജിപിഎസ് കോളര്‍ എത്താത്തതാണ് നടപടികള്‍ വൈകാന്‍ കാരണം. ചൊവ്വാഴ്ച മയക്കു വെടി വയ്ക്കാനായിരുന്നു ആലോചനയുണ്ടായിരുന്നത്. അരിക്കൊമ്പനായി വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും അസം വനം വകുപ്പിന്റെയും കൈവശമുള്ള ജിപിഎസ് കോളര്‍ എത്തിക്കാനാണ് സംസ്ഥാന വനം വകുപ്പ് ശ്രമങ്ങള്‍ നടത്തുന്നത്. കോളര്‍ കൈമാറാന്‍ അസം വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചിട്ടില്ല.
ഈസ്റ്റര്‍ അവധി ദിവസങ്ങളായതിനാലാണ് കാലതമാസമുണ്ടാകുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. തിങ്കളാഴ്ച അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. ജിപിഎസ് കോളര്‍ എത്തുന്നതിന് അനുസരിച്ച് മോക്ക് ഡ്രില്‍ ഉള്‍പ്പടെ നടത്താനുളള തീയതി നിശ്ചയിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ആനയെ പറമ്പിക്കുളത്തേക്ക് കൊണ്ടു പോകുന്നത് തടയണമെന്ന ഹര്‍ജി കോടതി പരിഗണിച്ചാല്‍ ദൗത്യം വീണ്ടും നീളുമോയെന്ന ആശങ്ക വനംവകുപ്പിനും നാട്ടുകാര്‍ക്കിടയിലുമുണ്ട്.
"
https://www.facebook.com/Malayalivartha

























