തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കാളായ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കണം. മനുഷ്യജീവന് ഭീഷണിയാകുന്ന ഒന്നുമുണ്ടാവാന്‍ പാടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സുരക്ഷാ വീഴ്ചയാണോ എന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിച്ചു കണ്ടെത്തണം. അപകടമുണ്ടാകാതിരിക്കാനുള്ള സുരക്ഷാകാര്യങ്ങള്‍ ചെയ്യണം. വെടിക്കെട്ട് ഒഴിവാക്കാനാവില്ല. വീഴ്ച സംഭവിച്ചതായാണ് മനസിലാക്കാന്‍ കഴിയുന്നതെന്നും അപകടത്തിന്റെ ഇരകളെല്ലാം പാവപ്പെട്ടവരാണെന്നും അവര്‍ക്ക് ആവശ്യമായ സഹായം ലഭിക്കണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
നേരത്തെയും വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായപ്പോള്‍ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഇത്രയും വലിയ വെടിക്കെട്ട് സാമഗ്രികള്‍ ഉള്ള സ്ഥലത്ത് ഒരു ഫയര്‍ എന്‍ജിന്‍ പോലുമില്ലായിരുന്നു. നിര്‍മാണം നടത്തുന്നവരും സ്വയം സുരക്ഷ ഉറപ്പാക്കണം. വെടിക്കെട്ട് നിര്‍ത്തലാക്കാന്‍ കഴിയില്ല. അത് സംസ്‌കാരത്തിന്റെ ഭാഗമാണ്. കര്‍ശന നിയന്ത്രണത്തോടെ നടത്തണം. പുറ്റിങ്ങല്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നും തുക ഉയര്‍ത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























