ജോലി തുടരാന്‍ കഴിയാത്തതിനാല്‍ സ്വയം വിരമിക്കാനൊരുങ്ങുകയാണ് മധ്യമേഖലാ ജയില്‍ ഡിഐജി. ഹെഡ് ഓഫീസ് ഡി ഐ ജി തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും കള്ളക്കേസില്‍ കുടുക്കുമോ എന്നു സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി സീനിയര്‍ ഡിഐജി പി.അജയകുമാറാണു വിരമിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു ജയില്‍ ഡയറക്ടര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയ്ക്കു കത്തു നല്‍കിയത്

കേരളത്തിലെ വിയ്യൂര്‍ ഉള്‍പ്പടെയുള്ള ജയിലുകളില്‍ നടക്കുന്ന കൃത്രിമങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ ധാരാളമായി ഉണ്ടായികൊണ്ടിരിക്കുന്നത് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്. പാര്‍ട്ടി ഗുണ്ടകളും പാര്‍ട്ടി കേസ് പ്രതികളും ഉള്‍പ്പടെ ജയില്‍ ഭരണം ഏറ്റെടുത്തതോടെ ഉദ്യോഗസ്ഥര്‍ അവരുടെ കൈയിലെ പാവകളായി മാറിയിരിക്കുകയാണ്. കുപ്രസിദ്ധമായ പല കേസുകളിലെയും പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ബന്ധുക്കളെ കാണാന്‍ ആവശ്യത്തിലധികം സമയം അനുവദിക്കുന്നതും , മയക്കുമരുന്നുകളും ആയുധങ്ങളും ജയിലില്‍ എത്തിക്കുന്നതും കേരളത്തില്‍ ചര്‍ച്ചയായ വിഷയങ്ങളാണ്.ജയിലില്‍ കിടക്കുന്ന പ്രതികളില്‍ പലരും പുറത്ത് ക്വട്ടേഷന്‍ പണികള്‍ ചെയ്യുന്നതും കണ്ടെത്തിയിരുന്നു.
ജയിലില്‍ കൈവിട്ട കളിയാണ് നടക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കാപ്പ കേസിലെ പ്രതികളെ ഉള്‍പ്പടെ താമസിപ്പിച്ചിരിക്കുന്ന ജയിലുകളില്‍ നടക്കുന്ന അഴിമതിയും വഴിവിട്ട സഹായങ്ങളും ആഭ്യന്തര വകുപ്പ് കണ്ടെത്തയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ ഡയറക്ടര്‍ക്ക് പോലീസ് ഡിജിപി അനില്‍ കാന്ത് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ആദ്യമായാണ് ജയില്‍ വകുപ്പിന് ആഭ്യന്തര വകുപ്പ് കടുത്ത ഭാഷയില്‍ നിര്‍ദ്ദേശം നല്കിയതെന്ന പ്രത്യേകതയുണ്ട്.
ജയില്‍ വകുപ്പിലെ ഡിഐജിമാര്‍ തമ്മിലുള്ള പോര് കടുത്തിരിക്കുന്നതും വകുപ്പിന് തലവേദനയായി മാറിയിരിക്കുകയാണ്. ജോലി തുടരാന്‍ കഴിയാത്തതിനാല്‍ സ്വയം വിരമിക്കാനൊരുങ്ങുകയാണ് മധ്യമേഖലാ ജയില്‍ ഡിഐജി. ഹെഡ് ഓഫീസ് ഡി ഐ ജി തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും കള്ളക്കേസില്‍ കുടുക്കുമോ എന്നു സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി സീനിയര്‍ ഡിഐജി പി.അജയകുമാറാണു വിരമിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു ജയില്‍ ഡയറക്ടര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയ്ക്കു കത്തു നല്‍കിയത്. 2 വര്‍ഷത്തെ സര്‍വീസ് ബാക്കിയുള്ള അജയകുമാര്‍ സ്വയം വിരമിക്കലിനു മുന്നോടിയായി ദീര്‍ഘകാല അവധിയുമെടുത്തു. ഹെഡ് ഓഫീസ് ഡിഐജി എം.കെ.വിനോദ്കുമാറിനെതിരെയുള്ള അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് ഉദ്യോഗസ്ഥരും തമ്മില്‍ മാസങ്ങളായി തുടരുന്ന തര്‍ക്കമാണു തുറന്ന പോരിലേക്കെത്തിയത്. അജയകുമാര്‍ ഒരേ സമയം രണ്ടു ക്വാര്‍ട്ടേഴ്‌സുകള്‍ കൈവശം വയ്ക്കുന്ന വിഷയത്തില്‍ വിനോദ്കുമാര്‍ ഇടപെട്ട് അന്വേഷണം തുടങ്ങിയതാണു പ്രകോപനമുണ്ടാക്കിയത്. മുന്‍പു ദക്ഷിണമേഖലാ ഡിഐജിയായിരിക്കെ തിരുവനന്തപുരത്ത് അനുവദിച്ച ക്വാര്‍ട്ടേഴ്‌സ് ഒഴിയാതെയാണു മധ്യമേഖലയിലെത്തിയപ്പോള്‍ അജയകുമാര്‍ പുതിയ ക്വാര്‍ട്ടേഴ്‌സ് സ്വീകരിച്ചത്. മേയില്‍ ഇപ്പോഴത്തെ ദക്ഷിണമേഖലാ ഡിഐജി ഒഴിയുമ്പോള്‍ തിരുവനന്തപുരത്തേക്കു സ്ഥലംമാറ്റം ലഭിക്കുമെന്ന പ്രതീക്ഷയിലാണു ക്വാര്‍ട്ടേഴ്‌സ് കൈവശം വച്ചതെന്നാണു പുറത്തു വരുന്ന വിവരം.
അധികമായി ക്വാര്‍ട്ടേഴ്‌സ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ചട്ടപ്പടി നടപടിയെടുക്കുന്നതിനു പകരം ജൂനിയറായ ആസ്ഥാനകാര്യ ഡിഐജി സ്ഥിരം മെമ്മോ അയച്ചു വേട്ടയാടി നാണം കെടുത്തുന്നുവെന്നു ജയില്‍ ഡയറക്ടര്‍ക്കുള്ള കത്തില്‍ അജയകുമാര്‍ ആരോപിക്കുന്നു. ക്വാര്‍ട്ടേഴ്‌സ് വിഷയത്തില്‍ ഡയറക്ടര്‍ ബല്‍റാംകുമാര്‍ ഉപാധ്യായയും തന്നെ സംശയമുനയില്‍ നിര്‍ത്തിയെന്നും സമീപമേഖലയിലെ ഡിഐജിമാര്‍ അവധിയെടുത്തപ്പോള്‍ പകരം ചുമതല അജയകുമാറിനു നല്‍കിയിരുന്നില്ലെന്നും പരാതികള്‍ ഉയരുന്നുണ്ട്. ഇതു തന്റെ കഴിവിലും ജോലിയിലും ഡയറക്ടര്‍ക്കു വിശ്വാസമില്ലാത്തതുകൊണ്ടാണെന്നും കത്തില്‍ പറയുന്നു.
ഹെഡ് ഓഫീസ് ഡിഐജി എം.കെ.വിനോദ് കുമാറിനെതിരെയുള്ള അഴിമതിയാരോപണങ്ങളും അച്ചടക്ക നടപടികളും ഡയറക്ടര്‍ നേരിട്ട് അന്വേഷിക്കണം. ഇദ്ദേഹത്തിനെതിരെയുള്ള അന്വേഷണ ഫയലുകളെല്ലാം ഇപ്പോള്‍ പരിശോധിക്കുന്നത് ഇദ്ദേഹം തന്നെയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. അപമാനവും മനോവിഷമവും മറക്കാനെന്ന പേരില്‍ 30 ദിവസത്തെ അവധിയെടുത്തു വിദേശയാത്ര പോയ അജയകുമാര്‍ തിരിച്ചെത്തിയശേഷം വീണ്ടും അവധിക്ക് അപേക്ഷിച്ചിരിക്കുകയാണ്.
എന്നാല്‍ കത്ത് ഡയറക്ടര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. പകരം, ക്വാര്‍ട്ടേഴ്‌സ് വിഷയം ആഭ്യന്തര വകുപ്പില്‍ അറിയിക്കുകയാണു ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡയറക്ടറോടു വിശദാംശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. കീഴുദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിലുള്‍പ്പെടെ പല വിഷയങ്ങളില്‍ മുന്‍പും പരസ്പരം ഇടഞ്ഞിട്ടുള്ള ഡിഐജിമാര്‍ തമ്മിലുള്ള പോര് വകുപ്പിനു നാണക്കേടായി മാറിയിരിക്കുകയാണ്. സിപിഎം ബന്ധത്തിന്റെ പേരില്‍ വിനോദ് കുമാര്‍ ഹെഡ് ഓഫീസിലിരുന്ന് സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും പാരപണിയുന്നതായുള്ള ആരോപണങ്ങള്‍ നേരത്തെയും ഉയര്‍ന്നിട്ടുണ്ട്.
അതേ സമയം,വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരായ ഗുണ്ടകളുടെ വിളയാട്ടമെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഗുണ്ടകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു ജയില്‍ ഡയറക്ടര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയ്ക്കു പൊലീസ് മേധാവി അനില്‍കാന്ത് നല്‍കിയ കത്തും വകുപ്പില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണ്. കാപ്പ കേസിലെ തടവുകാര്‍ക്കു ചില ജയില്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്ത് അവരുടെ ബന്ധുക്കളില്‍നിന്നു ഓണ്‍ലൈനായി കൈക്കൂലി പറ്റുന്നുവെന്ന വെളിപ്പെടുത്തലും നടത്തിയിട്ടുണ്ട്.
ജയില്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു പൊലീസ് മേധാവി ജയില്‍ ഡയറക്ടര്‍ക്കു കത്തയയ്ക്കുന്നത് ആദ്യമാണ്. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകന്‍ നല്‍കിയ റിപ്പോര്‍ട്ട് സഹിതമാണു ഡിജിപി കത്തു നല്‍കിയത്. ഗുണ്ടകളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരും ചേര്‍ന്നു ജയില്‍ നിയന്ത്രിക്കുന്നുവെന്ന കാലങ്ങളായുള്ള ആക്ഷേപം സംസ്ഥാന പൊലീസ് മേധാവി രേഖാമൂലം ശരിവയ്ക്കുകയാണ്. ലഹരിക്കടത്തും മൊബൈല്‍ ഫോണ്‍ ഉപയോഗവും വ്യാപകമാണെന്ന കാര്യം ഡിജിപി, കൈമാറിയ റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. ഗുണ്ടകള്‍ തമ്മിലുള്ള മുന്‍വൈരാഗ്യം തീര്‍ക്കുന്നതു ജയിലിലാണ്. കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല.
തിരുവനന്തപുരം, കണ്ണൂര്‍ മേഖലകളിലെ 93 കാപ്പ പ്രതികളാണു വിയ്യൂര്‍ ജയിലിലുള്ളത്. പത്തിലധികം കേസുള്ളതിനാല്‍ ഇവര്‍ക്കു കൂടുതല്‍ കേസുകള്‍ ഭയമില്ല. ചെറിയ പ്രകോപനങ്ങള്‍ പോലും അക്രമത്തിലേക്കു നീങ്ങുന്നു. ഗുണ്ടാ നേതാവെന്ന സ്ഥാനമുറപ്പിക്കാനാണു ശ്രമം. അക്രമാസക്തരാക്കുന്നതു ലഹരി ഉപയോഗമാണ്. ഇവരുടെ സന്ദര്‍ശകര്‍ ജയില്‍ വളപ്പിലെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ പലയിടത്തായി ലഹരി വസ്തുക്കള്‍ ഒളിപ്പിക്കുകയും പുറംപണിക്കിറങ്ങുന്ന തടവുകാര്‍ ഇവ ജയിലിലേക്കു കടത്തുകയും ചെയ്യുന്നുവെന്ന ഗുരുതരമായ കണ്ടെത്തല്‍ റിപ്പോര്‍ട്ടിലുണ്ട്. പുറംപണിക്കിറങ്ങുന്ന തടവുകാരെ കാര്യമായി പരിശോധിക്കുന്നില്ലെന്നതും വ്യാപകമായി ലഹരിക്കടത്തിനിടയാക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ജീവനക്കാരുടെ ഒത്താശയോടെ നിരോധിത വസ്തുക്കള്‍ തടവുകാര്‍ക്കു ലഭിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ 13ന് ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ രാജേഷ്‌കുമാറില്‍നിന്നു ജോയിന്റ് സൂപ്രണ്ട് അന്‍വര്‍ വന്‍തോതില്‍ ബീഡിയും സിഗരറ്റും കണ്ടെടുത്തത് ഉദാഹരണമായി ചൂണ്ടികാണിക്കുന്നുണ്ട്. ജോയിന്റ് സൂപ്രണ്ടിനെ മണികണ്ഠന്‍, ഉദയകുമാര്‍ എന്നീ ഡിപിഒമാര്‍ ഭീഷണിപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. ഇവരെപ്പോലെ ഒരു സംഘം ഉദ്യോഗസ്ഥര്‍ തടവുകാരെ നിയമവിരുദ്ധമായി സഹായിക്കുന്നു. ഗൂഗിള്‍ പേ, അക്കൗണ്ട് ട്രാന്‍സ്ഫര്‍ എന്നിവ വഴി ബന്ധുക്കളില്‍നിന്നു കൈക്കൂലി വാങ്ങുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച് സംശയാസ്പദമായ ഇടപാടുകള്‍ അന്വേഷിച്ച് അടിയന്തരമായി നടപടിയെടുക്കണമെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കാപ്പാ കേസിലെ തടവുകാര്‍ കഴിഞ്ഞ 6 മാസത്തിനിടെ 6 തവണ മാരകായുധങ്ങളുമായി ഏറ്റുമുട്ടി. കൊടി സുനി ഉള്‍പ്പെടെയുള്ള തടവുകാരെ വഴിവിട്ടു സഹായിച്ചതിന്റെ പേരിലാണു വിയ്യൂരിലെ മുന്‍ സൂപ്രണ്ടിന്റെ കസേര തെറിച്ചത്. അതുപോലെ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നാണ് ഡിജിപി അനില്‍കാന്ത് ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha
























