എല്ലാം മണിമണിയായി... തീവയ്പു നടന്ന ട്രെയിനില്‍ പ്രതി ഷാറുഖ് സെയ്ഫിയെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന അന്വേഷണം ശക്തമാക്കുന്നു; തീവയ്പ് ഉണ്ടായ സമയത്തു സമീപത്തെ 5 കോച്ചുകളിലെ അപായച്ചങ്ങല വലിച്ചു; കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്ത ഷാറുഖ് ഇറങ്ങിയത് ഷൊര്‍ണൂരില്‍

എലത്തൂരില്‍ ട്രെയിനിനുള്ളില്‍ തീയിട്ട സംഭവം ചുരുളഴിയുന്നു. പിന്നില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ടെന്നു കരുതാവുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ഷാറുഖ് സെയ്ഫി ഡല്‍ഹിയില്‍ നിന്നു കോഴിക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നതെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. എന്നാല്‍, കോഴിക്കോട്ട് ഇറങ്ങാതെ ഷാറുഖ് ഷൊര്‍ണൂരില്‍ ഇറങ്ങി. പിടിയിലായാലും അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണു നിഗമനം.
അതേസമയം ട്രെയിന്‍ തീവയ്പു നടന്ന ട്രെയിനില്‍ പ്രതി ഷാറുഖ് സെയ്ഫിയെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന അന്വേഷണം വിപുലമാക്കുന്നു. ഡി1 കോച്ചില്‍ തീവയ്പ് ഉണ്ടായ സമയത്തു സമീപത്തെ 5 കോച്ചുകളിലെ അപായച്ചങ്ങല വലിച്ചിട്ടുണ്ട്. ഭയന്ന യാത്രക്കാര്‍ മറ്റു കോച്ചുകളിലേക്ക് ഓടിയിരുന്നു. ഇവരാകാം അപായച്ചങ്ങല വലിച്ചതെന്നാണു പ്രാഥമിക നിഗമനമെങ്കിലും മറ്റു സാധ്യതകളും പരിശോധിക്കുന്നുണ്ട്.
ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഡി1 കോച്ച് കോരപ്പുഴ പാലത്തിനു മുകളിലായിരുന്നു. ലോക്കോ പൈലറ്റ് എത്തി 5 കോച്ചുകളിലെയും അപായച്ചങ്ങല ശരിയാക്കിയ ശേഷമാണു യാത്ര പുനരാരംഭിച്ചത്. ആക്രമണം നടന്ന രാത്രി പ്രതിയുടെ വസ്ത്രങ്ങളടങ്ങിയ ബാഗ് പാളത്തില്‍ നഷ്ടപ്പെട്ട ശേഷവും കണ്ണൂരിലെത്തിയപ്പോള്‍ മാറിധരിക്കാന്‍ ഷര്‍ട്ട് ലഭിച്ചത് എങ്ങനെയെന്നും അന്വേഷിക്കുന്നു.
പ്രതി ഷാറുഖ് സെയ്ഫി ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നു പൊലീസ് പറയുന്നു. പ്രതിയെ ഇന്നലെയും ഡോക്ടര്‍മാര്‍ പൊലീസ് ക്യാംപിലെത്തി പരിശോധിച്ചു. ആരോഗ്യം ത്യപ്തികരമാണ്.
തീവയ്പു കേസിന്റെ പശ്ചാത്തലത്തില്‍ ചെറു സ്റ്റേഷനുകളില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) ഉദ്യോഗസ്ഥരെ വിന്യസിച്ചു. അതേസമയം ട്രെയിനിലെ സുരക്ഷ എങ്ങനെ വര്‍ധിപ്പിക്കുമെന്നതില്‍ ഇതുവരെ തീരുമാനമെടുക്കാന്‍ റെയില്‍വേക്കു കഴിഞ്ഞിട്ടില്ല. തീവയ്പിനു പിന്നാലെ പ്രധാന സ്റ്റേഷനുകളിലെല്ലാം ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ പരിശോധനകള്‍ നടത്താന്‍ നിര്‍ദേശമുണ്ടായിരുന്നു.
യാത്രക്കാരുടെ എണ്ണം കണക്കിലെടുത്താല്‍ ഇതു പ്രായോഗികമല്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചു. സിസിടിവി പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് സുരക്ഷ വര്‍ധിപ്പിക്കുമെന്നാണ് ആര്‍പിഎഫ് ഐജി ഈശ്വര്‍ റാവു കഴിഞ്ഞ ദിവസം പറഞ്ഞത്. പ്രധാന സ്റ്റേഷനുകളില്‍ സ്‌കാനിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ സാധാരണ ദിവസങ്ങളില്‍ പരിശോധന നടത്താറില്ല. സംശയമുള്ളവരെ മാത്രം പരിശോധിക്കുകയും സംശയാസ്പദമായ രീതിയില്‍ കാണുന്ന ലഗേജുകള്‍ പരിശോധിക്കുകയുമാണ് ചെയ്യാറ്.
അതേസമയം ഷൊര്‍ണൂരില്‍ നിന്നു പ്രതിക്കു സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. ഷൊര്‍ണൂരിലേക്കുള്ള യാത്ര മറച്ചുവയ്ക്കാന്‍ തുടക്കത്തില്‍ തന്നെ ഉണ്ടായ ശ്രമം ഈ സംശയം ബലപ്പെടുത്തുന്നു. കോഴിക്കോട്ടു തന്നെ ആക്രമണം നടത്തണമെന്നുള്ള കൃത്യമായ ലക്ഷ്യത്തോടെയാണു പ്രതി ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ടതെന്നും ടിക്കറ്റിന്റെ വിവരങ്ങള്‍ ലഭിച്ചതോടെ അന്വേഷണ സംഘം വിലയിരുത്തുന്നു.
തീവയ്പു നടന്ന ആലപ്പുഴകണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഷൊര്‍ണൂരില്‍ നിന്നാണു ഷാറുഖ് കയറിയതെന്നും പൊലീസ് മനസ്സിലാക്കിയതു ഷാറുഖിന്റെ മൊഴിയില്‍ നിന്നല്ല. ഷൊര്‍ണൂരില്‍ പെട്രോള്‍ വാങ്ങാനായി ഷാറുഖ് സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറാണു മാധ്യമങ്ങളില്‍ ചിത്രം കണ്ട് ഷാറുഖിനെ തിരിച്ചറിയുകയും സുഹൃത്തു വഴി പൊലീസിനെ വിവരമറിയിക്കുകയും ചെയ്തത്. ഇറങ്ങിയ സ്ഥലത്തിന്റെ പേര് അറിയില്ലെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ഷാറുഖിന്റെ മറുപടി.
മാര്‍ച്ച് 31ന് ഡല്‍ഹിയില്‍ നിന്നു കേരള സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസില്‍ കയറിയ ഷാറുഖ് ഏപ്രില്‍ 2ന് രാവിലെ 4.49നാണ് ഷൊര്‍ണൂരില്‍ ഇറങ്ങിയത്. വൈകുന്നേരമാണ് പെട്രോള്‍ വാങ്ങാന്‍ പോയത്. റെയില്‍വേ സ്റ്റേഷനു മുന്നിലെ ഓട്ടോ സ്റ്റാന്‍ഡ് ഒഴിവാക്കി 500 മീറ്റര്‍ അകലെ ഷൊര്‍ണൂര്‍ പരുത്തിപ്ര റോഡിനു സമീപത്തെ സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാള്‍ പമ്പിലേക്ക് ഓട്ടോ വിളിച്ചത്. പെട്രോള്‍ വാങ്ങി തിരികെ ഇതേ സ്ഥലത്ത് എത്തിച്ചെങ്കിലും റെയില്‍വേ സ്റ്റേഷനിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെന്നാണു ഡ്രൈവറുടെ മൊഴി. രാത്രി 7.19ന് എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ കയറി. പകല്‍ മുഴുവന്‍ പ്രതി ഷൊര്‍ണൂരില്‍ എന്തു ചെയ്യുകയായിരുന്നുവെന്നതിനെക്കുറിച്ച് വ്യക്തമായ ചിത്രം അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.
"
https://www.facebook.com/Malayalivartha
























