വിഷുപൂജകള്‍ക്കായി ശബരിമലനട ഇന്ന് തുറക്കും... 15ന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനം, ഭഗവാനെ കണികാണിച്ചശേഷം തീര്‍ത്ഥാടകര്‍ക്ക് വിഷുക്കണി ദര്‍ശനത്തിന് അവസരമൊരുക്കും., വിഷു ഉത്സവം പ്രമാണിച്ച് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു

വിഷുപൂജകള്‍ക്കായി ശബരിമലനട ഇന്ന് വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടര്‍ന്ന് ഇരുവരും പതിനെട്ടാംപടിയിറങ്ങി ഹോമകുണ്ഡത്തില്‍ അഗ്‌നി പകരും. ഇതിനുശേഷം തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കും. ഇന്ന് പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കില്ല.
നാളെ രാവിലെ 4.30ന് പളളിയുണര്‍ത്തല്‍, 5ന് നടതുറക്കല്‍, നിര്‍മ്മാല്യദര്‍ശനം, തുടര്‍ന്ന് കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം, 5.30 മുതല്‍ 9 വരെ നെയ്യഭിഷേകവും അഷ്ടാഭിഷേകവും. ഉച്ചയ്ക്ക് 1ന് നടയടയ്ക്കും. വൈകിട്ട് 5ന് നടതുറക്കും. 6.30ന് ദീപാരാധന. തുടര്‍ന്ന് പുഷ്പാഭിഷേകം, പടിപൂജ. രാത്രി 10ന് നടയടയ്ക്കും.
15ന് പുലര്‍ച്ചെയാണ് വിഷുക്കണി ദര്‍ശനം. ഭഗവാനെ കണികാണിച്ചശേഷം തീര്‍ത്ഥാടകര്‍ക്ക് വിഷുക്കണി ദര്‍ശനത്തിന് അവസരമൊരുക്കും. നാലുമുതല്‍ ഏഴര വരെയാണ് വിഷുക്കണി ദര്‍ശനം. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഭക്തര്‍ക്ക് കൈനീട്ടം നല്‍കിയശേഷം പതിവ് അഭിഷേകങ്ങള്‍ നടക്കും.
12 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉദയാസ്തമയപൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നടക്കും. വിഷുപൂജകളും മേടമാസപൂജകളും പൂര്‍ത്തിയാക്കി 19ന് രാത്രി 10ന് നടയടക്കും. സന്നിധാനത്ത് ദര്‍ശനത്തിന് എത്തുന്ന മാളികപ്പുറങ്ങള്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ കൈയില്‍ കരുതേണ്ടതാണ്.
പമ്പാ ഗാര്‍ഡ് റൂമിന് മുന്നിലുളള ചെക്കിംഗ് പോയിന്റില്‍ പൊലീസും ദേവസ്വം ഉദ്യോഗസ്ഥരും പരിശോധന നടത്തും. വിഷു ഉത്സവം പ്രമാണിച്ച് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു. തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ കൂടുതലുണ്ടാകും.
"
https://www.facebook.com/Malayalivartha
























