നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി... പ്രതിക്ക് ഇപ്പോള്‍ ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പ്രതിക്ക് ഇപ്പോള്‍ ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.
ജസ്റ്റിസുമാരായ അജയ് രസ്തോ ഗി, ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഹൈക്കോടതി ഉത്തരവിനെതിരായാണ് പള്‍സര്‍ സുനി സുപ്രിംകോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ ഇടയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണെമെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം.
മാർച്ച് ആറിന് കേരള ഹൈക്കോടതി സുനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചത്. കേസിലെ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നൽകിയ സമയം ജനുവരി 31ന് അവസാനിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യ ഹർജി നൽകിയത്. നിശ്ചിത സമയത്തിനകം വിചാരണ പൂർത്തിയായില്ലെങ്കിൽ ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കാമെന്ന് 2022 ജൂലായ് 13ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
ദിലീപ് താരപരിവേഷമുള്ളയാളായതിനാല്‍ വിചാരണ ഇനിയും നീണ്ടുപോകും. തന്നെ പ്രതിസ്ഥാനത്ത് ചേര്‍ത്തതുകൊണ്ട് എല്ലാവിധ വ്യക്തിസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു,
ആറ് വർഷമായി ജയിലിൽ കഴിയുകയാണെന്നും അതുകൊണ്ട് ജാമ്യം നൽകണമെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിലെ വിചാരണ അനന്തമായി നീണ്ടുപോവുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. അഭിഭാഷകരായ സന റയീസ് ഖാൻ, ശ്രീറാം പാറക്കാട്ട്, സതീഷ് മോഹനൻ എന്നിവരാണ് സുനിക്ക് വേണ്ടി ഹാജരായത്.
എന്നാൽ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാകില്ലെന്ന ധാരണ മുന്‍വിധിയോട് കൂടിയുള്ളതാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ ജാമ്യം തള്ളവെ പറഞ്ഞതിനേക്കാൾ കൂടുതലൊന്നും ഇത്തവണ പറയാനില്ലെന്നും കോടതി വ്യക്തമാക്കി.വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാകണമെന്ന നിര്‍ദേശവും കോടതി മുന്നോട്ടുവച്ചു.
കേസിലെ അതിജീവിതയുടെ മൊഴി വായിച്ചിട്ടുണ്ടെന്നും സുനിക്ക് ജാമ്യത്തിന് അര്‍ഹത ഇല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
2017 ഫെബ്രുവരി 17ന് തൃശൂരിൽ നിന്ന് ഷൂട്ടിങിനായി കൊച്ചിയിലേക്ക് വരുന്ന വഴിയാണ് നടി ആക്രമിക്കപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. ഫെബ്രുവരി 23ന് അറസ്റ്റിലായത് മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പൾസർ സുനി സുപ്രീംകോടതിയിലടക്കം നൽകിയ ജാമ്യ ഹർജികൾ തള്ളിയിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.
വിചാരണ തീര്‍ക്കാന്‍ സുപ്രീംകോടതി നല്‍കിയ അന്ത്യശാസനം അവസാനിച്ചിട്ടും സാക്ഷി ബാലചന്ദ്രകുമാറിന്റെ വിസ്താരം തുടരുകയാണ്. വൃക്ക രോഗം ബാധിച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് വിസ്താരം നടക്കുന്നത്. ഇതുവരെ 21 ദിവസമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിച്ചത്.
മൂന്ന് ഘട്ടമായാണ് 21 ദിവസം വിസ്തരിച്ചത്. ഇതില്‍ രണ്ടര ദിവസത്തെ പ്രോസിക്യൂഷന്‍ വിസ്താരം മാറ്റിനിര്‍ത്തിയാല്‍ 18 ദിവസവും പ്രതി ഭാഗമാണ് ബാലചന്ദ്രകുമാറിനെ വിസ്തരിച്ചത്. ഇരു വൃക്കകളും സ്തംഭിച്ച് ചികിത്സയിലായതോടെ ഓണ്‍ലൈന്‍ വഴിയാണ് വിസ്താരം. കഴിഞ്ഞ 12 ദിവസമായി തിരുവനന്തപുരം ജില്ലാ കോടതിയിലെ അടച്ചിട്ട മുറിയിലിരുന്നാണ് വിസ്താരത്തില്‍ പങ്കെടുക്കുന്നത്.
ഡയാലിസിസ് പൂര്‍ത്തിയാക്കിയാണ് പല ദിവസങ്ങളിലും ബാലചന്ദ്രകുമാര്‍ വിസ്താരത്തിന് എത്തുന്നത്. തുടരന്വേഷണത്തിനു ശേഷം തുടങ്ങിയ വിചാരണ ജനുവരി 31ന് പൂര്‍ത്തിയാക്കാനായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം. വിസ്താരം അനന്തമായി നീണ്ടതോടെ വിചാരണ കോടതി കൂടുതല്‍ സമയം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു.
വിചാരണ പ്രോസിക്യൂഷന്‍ നീട്ടി കൊണ്ടു പോവുകയാണെന്ന് ആരോപിച്ച് ദിലീപും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വിസ്താരം വലിച്ചു നീട്ടി സമയം നഷ്ടപ്പെടുത്തുന്നത് പ്രതി ഭാഗമാണെന്ന മറുപടിയാണ് പ്രോസിക്യൂഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയത്. വിചാരണയില്‍ ഇടപെടാന്‍ കഴിയില്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്.
കോട്ടയം പൊന്‍കുന്നത്തിനടുത്താണ് ചെറുവള്ളി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠകളില്‍ ഒന്നാണ് ജഡ്ജിയമ്മാവന്‍. കോടതി വ്യവഹാരങ്ങളില്‍ പെട്ട് കിടക്കുന്നവര്‍ക്ക് ആശ്രയമാണ് ജഡ്ജിയമ്മാവന്‍ എന്നാണ് പറയപ്പെടുന്നത്.നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന് വേണ്ടിയും ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്താറുണ്ട് ..ദിലീപിനെ കേസിൽ സഹായിക്കുന്നത് ജഡ്ജിയമ്മാവന്റെ ശക്തിയാണെന്നും സമൂഹമാധ്യമങ്ങളിൽ ചർച്ചയുണ്ട്
https://www.facebook.com/Malayalivartha
























