ലോകായുക്തയുടെ വാര്‍ത്താക്കുറിപ്പ് കുറ്റബോധം മറച്ചുപിടിക്കാന്‍: ആരോപണവുമായി ശശികുമാര്‍

ന്യായാധിപന്മാര്‍ പൊതുജനത്തോട് സംവദിക്കേണ്ടത് പത്രക്കുറിപ്പിലൂടെയല്ല, അവരുടെ വിധിന്യായത്തിലൂടെ ആവണമെന്ന് ആര്‍.എസ്.ശശികുമാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച് ലോകായുക്തയില്‍ പരാതി നല്‍കിയത് ശശികുമാറാണ്. കുറ്റബോധം മറച്ചുപിടിക്കാനാണ് ലോകായുക്ത തന്നെ വാര്‍ത്താക്കുറിപ്പുമായി രംഗത്തെത്തിയതെന്ന് ശശികുമാര്‍ ആരോപിച്ചു.
''തരംതാഴുന്നതിന് പരിധിയില്ല എന്ന് വെളിവാക്കുന്നതാണ് ഇന്നത്തെ പത്രക്കുറിപ്പ്. മുഖ്യമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്തതിന് ലോകായുക്ത നല്‍കുന്ന വിശദീകരണം, 'ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തത് പിണറായി വിജയന്‍ നടത്തിയ സ്വകാര്യ ഇഫ്താര്‍ വിരുന്നിലല്ല, കേരളത്തിന്റെ മുഖ്യമന്ത്രി ആതിഥ്യം നല്‍കിയ ഔദ്യോഗിക ഇഫ്താര്‍ വിരുന്നിലാണ്' എന്നാണ്. ഇതു തന്നെയാണ് എന്റെയും പരാതി.
സംസ്ഥാന മുഖ്യമന്ത്രി പ്രതിയായ കേസ് പരിഗണനയിലിരിക്കെ ആ കേസ് പരിഗണിക്കുന്ന ന്യായാധിപന്മാര്‍ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചത് ഔചിത്യമായില്ല എന്ന എന്റെ അഭിപ്രായം ശരിവയ്ക്കുക മാത്രമാണ് ലോകായുക്ത ചെയ്തത്. ഇത് മനസ്സിലാക്കാന്‍ ന്യായാധിപ ബുദ്ധിയൊന്നും വേണ്ടതില്ല.
എന്നെ പേപ്പട്ടി എന്ന് വിളിച്ച വിഷയവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ വാര്‍ത്താക്കുറിപ്പിലെ വിശദീകരണം സാമാന്യ മര്യാദയ്ക്ക് ചേരുന്നതല്ല. വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് 'ആശയം വിശദമാക്കാന്‍ ഉദാഹരണം പറഞ്ഞാല്‍ പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചു എന്നു പറഞ്ഞ് ബഹളമുണ്ടാകുന്നത് നിയമപ്രശ്‌നത്തില്‍നിന്നു ശ്രദ്ധ തിരിക്കാനാണ്' എന്നാണ്. കഴിഞ്ഞ 11ന് കേസ് പരിഗണിച്ചപ്പോഴാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് എനിക്കെതിരെ ഇത്തരത്തില്‍ വിവാദ പരാമര്‍ശം ഉണ്ടായത്. അന്നുതന്നെ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഇതിനെ സംബന്ധിച്ച് ചൂടേറിയ ചര്‍ച്ചകള്‍ നടന്നു.
ഈ വിഷയത്തില്‍ എന്തെങ്കിലും വിശദീകരണം നല്‍കാനോ വ്യക്തത വരുത്താനോ ഉണ്ടായിരുന്നെങ്കില്‍ 12ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ ലോകായുക്തയ്ക്ക് അതാകാമായിരുന്നു. അതിനു തയാറാകാതെ ഇപ്പോള്‍ ഇത്തരത്തില്‍ ഒരു പരസ്യ പ്രതികരണവുമായി വന്ന ലോകായുക്തയുടെ നടപടി കൂടുതല്‍ ദുരൂഹമാണ്. ലോകായുക്തയുടെ മുന്നില്‍ പരാതിയുമായി വരുന്ന ആവലാതിക്കാരന് നീതി നല്‍കുന്നതിനു പകരം അയാളെ 'പേപ്പട്ടി' എന്ന് വിളിച്ചാല്‍ അതിനെതിരെ പൊതു സമൂഹത്തിന്റെ പ്രതികരണം സ്വാഭാവികമാണ്. ആ സാഹചര്യം ഒഴിവാക്കേണ്ടത് ഞാനായിരുന്നില്ല, ലോകായുക്തയാണെന്നിരിക്കെ, മാധ്യമങ്ങളെയും എന്റെ സുഹൃത്തുക്കളെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് എന്തിന്റെ പേരിലാണ്?
സുപ്രീം കോടതിയുടെ 1997 ലെ എത്തിക്‌സ് കമ്മിറ്റിയുടെ പെരുമാറ്റച്ചട്ടം 'റിട്ടയര്‍ ചെയ്ത ന്യായാധിപരായ' തങ്ങള്‍ക്ക് ബാധകമല്ലെന്ന് പറയുന്ന ലോകായുക്ത തങ്ങള്‍ 'ന്യായാധിപര്‍' ആയതിനാലാണ് മുഖ്യമന്ത്രി ക്ഷണിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതെന്ന് പറയുന്നതിലെ വൈരുധ്യം ആര്‍ക്കും ബോധ്യപ്പെടും. ഒരു ജുഡീഷ്യല്‍ ബോഡി, തങ്ങള്‍ പ്രസ്താവിച്ച ഉത്തരവിനെ സംബന്ധിച്ച് വിശദീകരണവുമായി വാര്‍ത്താക്കുറിപ്പിലൂടെ രംഗത്ത് വരുന്നത് ചരിത്രത്തില്‍ കേട്ടിട്ടില്ലാത്ത കാര്യമാണ്. അതുകൊണ്ടുതന്നെ വാര്‍ത്താക്കുറിപ്പിലെ സാങ്കേതിക വിഷയങ്ങളെ സംബന്ധിച്ച് ഇപ്പോള്‍ പ്രതിപാദിക്കുന്നില്ല.
പക്ഷേ, വിരുദ്ധ അഭിപ്രായമുണ്ടായിരുന്നെങ്കില്‍ ആ വിവരം പറയാന്‍ ഒരു വര്‍ഷത്തിലധികം എന്തിനെടുത്തെന്നെങ്കിലും (ഞാന്‍ ഹൈക്കോടതിയെ സമീപിച്ച ശേഷം) വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കണമായിരുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ ലോകായുക്തയുടെ പരിധിയില്‍ വരുമോ എന്നത് സംബന്ധിച്ച് 2019 ജനുവരി 14ലെ വിധി നിലനില്‍ക്കെ, ലോകായുക്തയുടെ കുഴലൂത്ത് ആര്‍ക്കുവേണ്ടിയാണ് എന്ന് വ്യക്തമാവുകയാണ്''- ശശികുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























