എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും.... വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും, പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കില്ല
എലത്തൂര്‍ ട്രെയിന്‍ തീ വയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. കസ്റ്റഡി കാലാവധി നീട്ടാന്‍ അന്വേഷണ സംഘം അപക്ഷേ നല്‍കിയേക്കില്ല. ഇന്ന് രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും. ഷാറൂഖ് സെയ്ഫിക്ക് വേണ്ടി ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ പി പീതാംബരന് കോടതിയില്‍ ഹാജരാകും.
ഷാറൂഖിനായി ജാമ്യാപേക്ഷയും നല്‍കിയിരുന്നു. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതിനാല്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചേക്കില്ല. ഷാറൂഖിനെ ട്രെയിന്‍ ബോഗികളുള്ള കണ്ണൂരിലും പെട്രോള്‍ വാങ്ങിയ ഷൊര്‍ണ്ണൂരിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടുണ്ടായിരുന്നു.
അതേസമയം എലത്തൂരില്‍ ട്രെയിനിനുള്ളില്‍ തീ കൊളുത്തിയതു തീവ്രവാദ ആക്രമണമാണെന്ന് അന്വേഷണ സംഘം. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) തീവ്രവാദ വിരുദ്ധ വകുപ്പായ സെക്ഷന്‍ 16 ചുമത്തിയതു വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് അന്വേഷണ സംഘത്തലവന് എഡിജിപി പറഞ്ഞു. തീവയ്പ് ആസൂത്രിതമാണെന്നും പ്രതി ഷാറുഖ് സെയ്ഫി തീവ്രആശയങ്ങളില്‍ ആകൃഷ്ടനായ വ്യക്തിയാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ ഷാറുഖിന് ഏതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധമുള്ളതായോ പ്രാദേശിക സഹായം ലഭിച്ചതായോ കണ്ടെത്തിയിട്ടില്ല. ഷാറുഖ് സെയ്ഫി തീവ്രസ്വഭാവമുള്ള ചില വിഡിയോകള്‍ സ്ഥിരമായി കാണാറുണ്ടായിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്. സാക്കിര്‍ നായിക്ക് ഉള്‍പ്പെടെയുള്ളവരുടെ വിഡിയോകള്‍ കണ്ടതിനു തെളിവുണ്ട്. പ്രതി കേരളത്തില്‍ ആദ്യമായാണു വരുന്നത്. ഇത്തരം കുറ്റകൃത്യം ചെയ്യാനുള്ള ആസൂത്രണത്തോടെയാണു കേരളത്തിലെത്തിയത്.
എന്നാല്‍ എന്തു കൊണ്ടാണു കേരളം തിരഞ്ഞെടുത്തത് എന്നു വ്യക്തമായിട്ടില്ല. പ്രതിക്കു കേരളത്തില്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നു. പ്രതി ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ടതു മുതല്‍ തീവയ്പിനു ശേഷം രക്ഷപ്പെട്ടു മഹാരാഷ്ട്രയിലെ രത്നാഗിരിയില്‍ പിടിയിലാകുന്നതു വരെയുള്ള മുഴുവന്‍ കാര്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷാറുഖ് സെയ്ഫി തന്നെയാണു കുറ്റകൃത്യം നടത്തിയത് എന്നതിന് എല്ലാ തെളിവുകളും ലഭിച്ചിട്ടുണ്ട്.
പ്രതിക്കു മേല്‍ ചുമത്തിയിട്ടുള്ള എല്ലാ കുറ്റങ്ങളും തെളിയിക്കാന്‍ ആവശ്യമായ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞു. മൂന്നു പേരുടെ മരണത്തില്‍ പ്രതിക്കു പങ്കുണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ട്.
https://www.facebook.com/Malayalivartha