ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഷവോമി ഇന്ത്യ

തിരുവില്വാമലയില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് ഷവോമി ഇന്ത്യ. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മൊബൈല്‍ കമ്പനി അറിയിച്ചു. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും ഷവോമി ഇന്ത്യ പ്രതികരിച്ചു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് മരിച്ചത്.
റെഡ്മി 5 പ്രോ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ ഫോണ്‍ ചാര്‍ജിനിട്ടിരുന്നില്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ഫോണ്‍ അമിതമായി ചൂടായിരുന്നു. പുതപ്പിനുള്ളിലായിരുന്നതിനാല്‍ അപകടത്തിന്റെ ആഘാതം കൂടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നു. ഫോറന്‍സിക് സംഘം പ്രാഥമിക നിഗമനം പൊലീസിനെ അറിയിച്ചു. സംഭവം നടന്ന വീട്ടില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. പൊട്ടിത്തെറിച്ച ഫോണില്‍ നിന്ന് തെറിച്ചുവീണ അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് ആദിത്യശ്രീ. പിതാവ് അശോക് കുമാര്‍ പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. ഇനിയൊരാള്‍ക്കും ഈ അവസ്ഥയുണ്ടാവാതിരിക്കാനുള്ള നടപടി വേണമെന്ന് കുട്ടിയുടെ അച്ഛന്‍ അശോക് കുമാര്‍ ആവശ്യപ്പെട്ടു.
2017 ല്‍ പാലക്കാട് ചെന്നെ മൊബൈല്‍സില്‍ നിന്ന് സഹോദരന്‍ വാങ്ങി നല്‍കിയ ഫോണാണ് പൊട്ടിത്തെറിച്ചത്. ഈ ഫോണ്‍ 2021 ല്‍ ബാറ്ററി മാറാന്‍ പാലക്കാട്ടെ റെഡ്മി/എംഐ സര്‍വ്വീസ് സെന്ററില്‍ നല്‍കുകയും ചെയ്തു. ഒരു മാസത്തിന് ശേഷമാണ് തിരികെ കിട്ടിയത്. കമ്പനി ബാറ്ററിയെന്നു പറഞ്ഞാണ് മാറി നല്‍കിയതെന്നും അശോക് കുമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























