യുവതിയെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യവേ കുത്തി പരിക്കേൽപ്പിച്ച യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു

വിവാഹാഭ്യർത്ഥന നിരസിച്ചതിനെ പേരിലും, സംശയത്തെ തുടർന്നും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യവേ കാമുകിയെ കുത്തിപ്പരിക്കേൽപ്പിച്ച വയനാട് മൂലങ്കാവ് സ്വദേശി സനിലിനെതിരെ (25) പൊലീസ് വധശ്രമത്തിന് കേസെടുത്തു. യുവതിയെ കുത്തിയശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടു.കുത്തേറ്റ ഗൂഡല്ലൂർ സ്വദേശിയായ യുവതിയും ഇവിടെ ചികിത്സയിലാണ്.
ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിൽ ഒരു വർഷത്തോളം ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്ത് ഇരുവരും പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും ജോലി ഉപേക്ഷിച്ചു. യുവതി ആലുവയിലെ ഒരു വീട്ടിൽ ഹോംനഴ്‌സായും സനിൽ കോട്ടയത്തെ ഹോട്ടലിലും ജോലി ചെയ്തു. സനിലിന്റെ നിരന്തര ശല്യം സഹിക്ക വയ്യാതായതോടെയുവതി ആലുവ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സ്റ്റേഷനിൽ നിന്നും സനിലിന്റെ മൊബൈലിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
തുടർന്ന് യുവതി നാട്ടിലേക്ക് പോകാൻ ഓട്ടോയിൽ അങ്കമാലിയിലെത്തി സുൽത്താൻ ബത്തേരിയിലേക്ക് ബസ് കയറി. അങ്കമാലിയിൽ സനിലിനെ കണ്ട യുവതി ഇയാളറിയാതെയാണ് ബസിൽ കയറിയത്. എന്നാൽ എടപ്പാളിൽ നിന്ന് സനിലും കയറി.
ബസിൽ വച്ച് തർക്കമുണ്ടായതിനെ തുടർന്ന് ജീവനക്കാർ ഇരുവരെയും സീറ്റ് മാറ്റിയിരുത്തി. പിന്നീടാണ് ആക്രമണമുണ്ടായത്. മൂന്നാറിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിൽ വ്യാഴാഴ്ച രാത്രി 11ഓടെ തിരൂരങ്ങാടി വെന്നിയൂരിനടുത്തു വച്ചായിരുന്നു സംഭവം. ഭർത്താവ് മരിച്ച യുവതിയ്ക്ക് ഒരു കുട്ടിയുണ്ട്. സനിലിനും ഭാര്യയും കുട്ടിയുമുണ്ട്.
https://www.facebook.com/Malayalivartha























