ആശാനില്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് അറുതിയില്ല. റോഡ് സുരക്ഷ മാത്രമായാല്‍ സേഫ് കേരളയാകുമോ. ?

1924 ന് ആലപ്പുഴയിലെ പല്ലനയാറ്റില്‍ മലയാളത്തിന്റെ മഹാകവി കുമാരനാശാന്‍ സഞ്ചരിച്ച് ബോട്ട് മറിഞ്ഞ് കുമാരനാശാനടക്കം 24 പേര്‍ മരിച്ച ബോ്ട്ടപകടത്തോടെയാണ് കേരളത്തിന്റെ ബോട്ട് ദുരന്തങ്ങളുടെ ചരിത്രം പിറക്കുന്നത്. പാടിയതും എഴുതിയതും ബാക്കിയാക്കി പല്ലനയാറ്റിന്റെ അഗാധതയില്‍ കവി മുങ്ങി താഴ്ന്ന് മരണത്തെ വരിച്ചതോടെ തുടങ്ങിയ ബോട്ട് സുരക്ഷാ ചര്‍ച്ച എങ്ങുമെത്താതെ നില്ക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ദുരന്തമാണ് മലപ്പുറം താനൂര്‍ തൂവല്‍ തീരത്ത് രണ്ട് ഡസനോളം ജീവന്‍ നഷ്ടപ്പെടുത്തിയത്. പാളിച്ചകളല്ല അറിഞ്ഞു കൊണ്ട് അപകടത്തിലേയ്ക്ക് സര്‍വ്വീസ് നടത്തി ഭാഗ്യപരീക്ഷണം നടത്തുന്നവര്‍ പന്താടിയ ഒരു പാട് ജീവിതങ്ങള്‍ ഒരുനൂറ്റാണ്ടിനകം കേരളത്തില്‍ പൊലിഞ്ഞിട്ടുണ്ട്. അതിലേറെയും കുരുന്നുകളാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഏവരേയും ദുഖത്തിലാഴ്ത്തുന്നത്. മഹാകവിയുടെ മരണം നടന്ന് ഒരു നൂറ്റാണ്ട് എത്തി നില്ക്കുമ്പോഴും പറഞ്ഞിരുന്ന സുരക്ഷാ കാര്യങ്ങള്‍ അവിടെ തന്നെ നില്ക്കുകയാണ്.
തൊട്ടടുത്ത തമിഴ് നാട്ടില്‍ പോയി ബോട്ടില്‍ യാത്രചെയ്തവര്‍ക്കറിയാമായിരിക്കും അവര്‍ നടപ്പിലാക്കുന്ന സുരക്ഷകള്‍. കന്യാകുമാരിയില്‍ നിന്നും വിവേകാന്ദപ്പാറയിലേയ്ക്കുള്ള യാത്രയില്‍ നിര്‍ബന്ധിച്ച് ലൈഫ് ജാക്കറ്റ് ധരിപ്പിക്കാറുണ്ട്. ലൈഫ് ജാക്കറ്റ് മാത്രമല്ല ലൈഫ് സേവിംഗ് ജാക്കറ്റാണ്.1971 ല്‍ കരമനയാറ്റില്‍ 12 ബോട്ട് യാത്രക്കാരില്‍ ഒരു കുട്ടിയൊഴികെ പതിനൊന്ന് പേരും മരിച്ചിരുന്നു.1980 എറണാകുളത്തെ കണ്ണമാലി കായല്‍ ബോട്ടവകടത്തില്‍ 29 പേരും,1983 ല്‍ കൊച്ചിയില്‍ വല്ലാര്‍പാടത്ത് 18 പേരും, 1990 അതേ കൊച്ചിയില്‍ അഞ്ചു പേരും, അതേ വര്‍ഷം തന്നെ പേപ്പാറയില്‍ ഏഴുപേരും ബോട്ടപകടങ്ങളില്‍ മരിച്ചിരുന്നു. 1991 ല്‍ കണ്ണൂര്‍ ഇരിട്ടിയില്‍ നാലുപേരും, 1991 ല്‍ പുന്നമട ക്കായലില്‍ മൂന്നു പേരും, കല്ലാറില്‍ എട്ടു പേരും മരിച്ചിരുന്നു. 1992 ല്‍ മുനമ്പത്ത് മുന്നും, 1993 ല്‍ എറണാകുളത്ത് അഞ്ചും, 1994 ല്‍ കോഴിക്കോട് വെള്ളായിക്കോട് ആറും, 1997 ല്‍ കാ്പ്പാട് ബീച്ചില്‍ നാലും, ആലുവയില്‍ നാലും പേര്‍ വീതം മരിച്ചിരുന്നു. 2002 ല്‍ അത് വീണ്ടും കുമരകത്ത് വന്‍ ദുരന്തമായി മാറി.
2002 ജൂലൈ 27-ന് രാവിലെ 6.10ന് വേമ്പനാട്ട് കായലില്‍ കുമരകത്തിന് സമീപം 29 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടമാണ് കുമരകം ബോട്ടപകടം എന്ന് അറിയപ്പെടുന്നത്.മുഹമ്മയില്‍ നിന്ന് രാവിലെ 5.45-ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്കു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പര്‍ ബോട്ടാണ് അപകടത്തില്‍പെട്ടത്. കുമരകം ജെട്ടിയില്‍ എത്തുന്നതിന് ഒരു കിലോമീറ്റര്‍ ബാക്കി നില്‍ക്കേയാണ് അപകടം സംഭവിച്ചത. സ്ഥിരംയാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവില്‍പ്പനക്കാരും, പി എസ് സി പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥികളും ബോട്ടിലുണ്ടായിരുന്നു. എണ്ണത്തില്‍ കൂടുതല്‍ ആളെ കയറ്റിയ ബോട്ട് കായലിലെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതപ്പെടുന്നു. മരണമടഞ്ഞവരില്‍ 15 സ്ത്രീകളും 9 മാസം പ്രായമുള്ള ഒരു ശിശുവും ഉള്‍പ്പെട്ടിരുന്നു.
അപകടത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ നിയോഗിക്കപ്പെട്ടിരുന്ന ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കായി 91.6 ലക്ഷം രൂപ ധനസഹായം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഒരുലക്ഷം രൂപ വീതമാണ്‌നല്‍കപ്പെട്ടിരുന്നത്. നഷ്ടപരിഹാരത്തുക വിതരണം സംബന്ധിച്ചും അപകടകാരണം സംബന്ധിച്ചും കേസുകള്‍ ഇപ്പോഴും തുടരുന്നു. അപകടത്തിനു കാരണമായ ബോട്ട് പിന്നീട് ജലഗതാഗത വകുപ്പ് ലേലം ചെയ്തു.
എറണാകുളം-ഇടുക്കി ജില്ലാതിര്‍ത്തിയില്‍ ഭൂതത്താന്‍ കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് 2007 ഫെബ്രുവരി 20ന് ബോട്ട് മുങ്ങി 18 പേര്‍ മരിക്കാനിടയായ അപകടമാണ് തട്ടേക്കാട് ബോട്ടപകടം. അങ്കമാലി എളവൂര്‍ സെന്റ് ആന്റണീസ് സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്കു പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത് . ഈ സ്‌കൂളിലെ 15 വിദ്യാര്‍ത്ഥികളും രണ്ട് അദ്ധ്യാപകരും ഒരു ജീവനക്കാരിയുമാണ് അപകടത്തില്‍ മരണമടഞ്ഞത്. പ്രാഥമിക നിഗമനങ്ങള്‍ പ്രകാരം വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടിന്റെ അടിഭാഗം ഇളകി വെള്ളം കയറിയതാണ് അപകടകാരണം. എന്നാല്‍ സംഭവത്തിനു പിറ്റേന്ന് വാര്‍ത്താ സമ്മേളനം നടത്തിയ കേരളാ പൊലീസ് ഡി.ജി.പി. രമണ്‍ ശ്രീവാസ്തവ ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായതെന്ന് അഭിപ്രായപ്പെട്ടു. അപകടത്തില്‍പ്പെട്ട ബോട്ടിന് യാത്രാനുമതി ഇല്ലായിരുന്നുവെന്ന് അപകടശേഷമാണ് കണ്ടെത്തിയതെന്നതും ശ്രദ്ധേയമാണ്.
കോതമംഗലത്തു നിന്നും ഇരുപതു കിലോമീറ്റര്‍ അകലെ ഭൂതത്താന്‍ കെട്ട് അണക്കെട്ട് പരിസരത്തു നിന്നാണ് യാത്രാസംഘം ബോട്ടുകളില്‍ കയറിയത്. ഇവിടെ നിന്നും സമീപമുള്ള തട്ടേക്കാട് പക്ഷിസങ്കേതം സന്ദര്‍ശിച്ചു മടങ്ങുമ്പോഴാണ് വിനോദയാത്രികര്‍ സഞ്ചരിച്ചിരുന്ന മൂന്നു ബോട്ടുകളിലൊന്ന് മുങ്ങിയത്. തട്ടേക്കാട് പക്ഷി സങ്കേതത്തിനു ഒരു കിലോമീറ്റര്‍ അകലെ പെരിയാറിലെ ഓവുങ്കല്‍ കടവില്‍ 2007 ഫെബ്രുവരി 20 വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ബോട്ടില്‍ 37 പേര്‍ യാത്രചെയ്തിരുന്നു.
2009 സെപ്റ്റംബര്‍ 30-ന് വൈകുന്നേരം 4 മണിയോടെ തേക്കടിയില്‍നിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെ.ടി.ഡി.സിയുടെ ജലകന്യക എന്ന ബോട്ട് അപകടത്തില്‍പ്പെട്ടു. 76 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഈ ബോട്ട് പുറപ്പെട്ടിടത്തു നിന്ന് 12 കിലോമീറ്റര്‍ അകലെ മണക്കാവല എന്ന പ്രദേശത്തു വെച്ചാണ് മറിഞ്ഞത്. ആകെ സഞ്ചാരികളില്‍ 46 പേര്‍ ബോട്ടപകടത്തില്‍ മരിച്ചിരുന്നു.76 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ടിലെ വിനോദ സഞ്ചാരികള്‍ കരയില്‍ കാട്ടാനക്കൂട്ടത്തെ കണ്ടതോടെ ഒരു വശത്തേക്കു നീങ്ങി. ഇതു കാരണം ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു എന്നാണ് പ്രാഥമിക നിഗമനം.മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേരും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശികളുംആയിരുന്നു. മരിച്ചവരില്‍ 11 സ്ത്രീകളും 13 കുട്ടികളും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ രണ്ട് പേര്‍ മുംബൈ സ്വദേശികളും രണ്ടു പേര്‍ തമിഴ്നാട് സ്വദേശികളുമാണെന്ന് പിന്നീട് തിരിച്ചറിഞ്ഞിരുന്നു.
ക്രൈംബ്രാഞ്ച് കോട്ടയം ഓഫീസാണ് ആദ്യം തേക്കടി ബോട്ടുദുരന്ത അന്വേഷണം ആരംഭിച്ചത്. ജസ്റ്റീസ് ഇ.മൊയ്തീന്‍ കുഞ്ഞ് കമ്മീഷനാണ് തുടരന്വേഷണം നടത്തിയത്. കൊച്ചി സര്‍വകലാശാലയിലെ ഷിപ്പിംഗ് ടെക്നോളജി വിഭാഗം മുന്‍ തലവനും ഷിപ്പിംഗ് സാങ്കേതിക വിദഗ്ദ്ധനുമായ ഡോ.എസ്.കെ. പ്യാരിലാല്‍ അപകടമുണ്ടാക്കിയ ബോട്ടിന്റെ ചരിവ് നിര്‍മ്മാണത്തിലെ പിഴവ് എന്നിവ സംബന്ധിച്ച് പരിശോധന നടത്തുകയും ക്രൈംബ്രാഞ്ചിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ അടിസ്ഥാനത്തില്‍ കമ്മീഷന്‍ പ്യാരിലാലിന്റെ മൊഴിയെടുത്തു. ബോട്ടിന്റെ നിര്‍മ്മാണ പിഴവുകള്‍ കംപ്യൂട്ടര്‍ സോഫ്റ്റ്വേറിന്റെ സഹായത്തോടെ പ്യാരിലാല്‍ കമ്മീഷന്‍ മുമ്പാകെ അവതരിപ്പിച്ചു. എന്നിട്ടും ആര്‍ക്കെതിരെയും നടപടികളുണ്ടയിട്ടില്ല. ലൈസെന്‍സില്ലാതെ ബോട്ട് സര്‍വ്വീസ് നടത്തിയതിന് ആരെയും ജയിലിടച്ചിട്ടുമില്ല.
കുമാരനാശാന്റെ മരണത്തിന് ഒരു നൂറ്റാണ്ട് എത്തി നില്ക്കുമ്പോള്‍ തൂവല്‍ തീരത്ത് നാം കണ്ടതും സുരക്ഷയില്ലായ്മയുടെ അപകടമാണ്. ബോട്ടിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ യാത്രക്കാരെ കയറ്റുക, ലൈഫ് ജാക്കറ്റ് ഒവിവാക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്. വെള്ളവും പുഴയും ബോട്ട് യാത്രയും മലയാളിക്കും ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും എന്നും പ്രിയപ്പെട്ടതാണ്. അതിന്റെ കച്ചവട തന്ത്രമറിയുന്നവര്‍ മീന്‍പിടുത്തക്കാര്‍ ഉപേക്ഷിക്കുന്ന ബോട്ടുകള്‍ അതായത് ആക്രി വിലയ്ക്ക് വാങ്ങിയവ തട്ടിക്കൂട്ടിയെടുത്ത് സഞ്ചാരികളെത്തുന്ന തീരങ്ങളില്‍ സര്‍വ്വീസ് നടത്തും. ബോട്ടിന്റെ ഫിറ്റ്‌നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‌കേണ്ടവര്‍ ഇതൊന്നും അറിഞ്ഞതായി പോലും ഭാവിക്കില്ല. ജലഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനം ഇനിയും നേരേയാകാത്ത കേരളത്തിലാണ് വാട്ടര്‍ മെട്രോയുടെ മഹത്വം പറഞ്ഞ് സൈബറിടത്തില്‍ പോരടിക്കുന്നത്.
പൂരപ്പുഴയും അറബിക്കടലും സംഗമിക്കുന്നയിടത്താണ് ഇന്നലെ അപകടം നടന്നത്. ഒരുഭാഗം താനൂര്‍ നഗരസഭയിലെ ഒട്ടുംപുറം. മറുഭാഗം പരപ്പനങ്ങാടി നഗരസഭയിലെ കെട്ടുങ്ങലും. താനൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ മാത്രമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ ഒട്ടുംപുറം അഴിമുഖത്ത് എത്തിയിരുന്ന സന്ദര്‍ശകര്‍. പക്ഷേ, തൂവല്‍തീരമെന്ന പേരുനല്‍കി ടൂറിസം പദ്ധതി ആരംഭിച്ചതോടെ സഞ്ചാരികളുടെ ഒഴുക്കായി. ഘട്ടംഘട്ടമായിട്ടായിരുന്നു തൂവല്‍തീരത്തെ ടൂറിസം പ്രൊജക്ടിന്റെ വികസനം. വാക് വേ, കഫ്റ്റീരിയ, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവയെല്ലാ? ഒരുക്കി. ആഴ്ചകള്‍ക്ക് മുന്‍പാണ് ഫ്ളോട്ടിങ് ബ്രിഡ്ജും പ്രവര്‍ത്തനം ആരംഭിച്ചു.
ഇക്കഴിഞ്ഞ വിഷു,പെരുന്നാള്‍ ആഘോഷങ്ങളോട് അനുബന്ധിച്ചാണ് അപകടത്തില്‍പ്പെട്ട ബോട്ട് തൂവല്‍തീരത്ത് സര്‍വീസ് നടത്താന്‍ തുടങ്ങിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നേരത്തെയും തൂവല്‍തീരം കേന്ദ്രീകരിച്ച് ബോട്ട് സര്‍വീസുകളുണ്ടായിരുന്നു. ആഘോഷദിവസങ്ങളില്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയിരുന്ന താത്കാലിക ബോട്ട് സര്‍വീസുകളും ഉണ്ടായിരുന്നു. എന്നാല്‍ തൂവല്‍തീരം പദ്ധതി വിപുലീകരിച്ചതോടെയാണ് പതിവായി ബോട്ട് സര്‍വീസ് ആരംഭിച്ചത്. എന്നിട്ടും അധികൃതരാരും തിരിഞ്ഞു നോക്കിയിട്ടില്ല.
അപകടമുണ്ടായ ബോട്ടിന്റെ ഘടനയെക്കുറിച്ച് പ്രദേശത്തെ മത്സ്യത്തൊഴിലാളികളടക്കം നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള സ്ഥലത്ത് യാത്രക്കാരുമായി സര്‍വീസ് നടത്താന്‍ പറ്റിയ ബോട്ടല്ലെന്നായിരുന്നു പ്രധാന പരാതി. ഓടിക്കുന്നയാള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നുമായിരുന്നു ബോട്ടിനെക്കുറിച്ച് പ്രദേശവാസികള്‍ നേരത്തെ പറഞ്ഞിരുന്നത്. മത്സ്യബന്ധനത്തിന് ഉപയോഗിച്ച ബോട്ട് രൂപമാറ്റം വരുത്തിയത് ആയിരുന്നു എന്നത് വ്യക്തമാണ്. ആലപ്പുഴയില്‍ നിന്നാണ് ഇത് എത്തിച്ചതെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നു.
ദിവസേന നൂറുക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന തൂവല്‍തീരത്ത് മതിയായ സുരക്ഷാ സംവിധാനങ്ങളോ സുരക്ഷാ ജീവനക്കാരോ ഇല്ല. ദിവസങ്ങളായി തോന്നിയപോലെ ആളുകളെ കയറ്റി ബോട്ടുകള്‍ സര്‍വീസ് നടത്തിയിട്ടും അധികൃതരാരും തിരിഞ്ഞുനോക്കിയതേ ഇല്ല. ബോട്ട് സര്‍വീസിന്റെ അനുമതി അടക്കമുള്ള കാര്യങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് പരിമിതിയുണ്ടെന്നും ഡിടിപിസി അടക്കമുള്ള സംവിധാനങ്ങളാണ് ടൂറിസം പദ്ദതിയുടെ മേല്‍നോട്ടം വഹിക്കുന്നതെന്നുമാണ് നഗരസഭയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വകുപ്പുകള്‍ പരസ്പരം പഴിചാരി ഒഴിയുകയാണ്. ടൂറിസം വകുപ്പിന് വിപുലമായ അധികാരങ്ങളുണ്ടായിരുന്നിട്ടും സ്വകാര്യ വ്യക്തികളുടെ തോന്ന്യാസത്തിന് ജലഗതാഗത വകുപ്പ് തുറന്നു കൊടുത്തിരിക്കുന്നത് സാധാരണക്കാരന്റെ ജീവന്‍ വെച്ചുപന്താടാനുള്ള ലൈസന്‍സാണ്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനത്തിനായി തൂവല്‍തീരത്ത് എത്തിയത്. ഏപ്രില്‍ 23-ന് നടന്ന ചടങ്ങില്‍ മന്ത്രി വി.അബ്ദുറഹിമാന്‍ അടക്കമുള്ള വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. എന്നിട്ടും ഉദ്യോഗസ്ഥര്‍ ഇത്തരം തോന്ന്യാസങ്ങള്‍ അനുവദിച്ചു കൊടു്ക്കുകയായിരുന്നു.
അപകട സ്ഥലത്ത് സര്‍വീസ് നടത്തിയിരുന്ന ഹൗസ് ബോട്ടിലും മത്സ്യബന്ധന യാനങ്ങളിലുമായി ആദ്യം കിട്ടിയവരരെ കരയ്ക്കെത്തിച്ചു. രണ്ട് തട്ടുകളിലുള്ള ഗ്ലാസ് ബോട്ട് തലകീഴായി മറിഞ്ഞ് ചെളിയില്‍ പൂണ്ടിരുന്നു. ചില്ലു പൊട്ടിക്കാന്‍ കഴിയാതിരുന്നതും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയും ചെയ്തു.
ബോട്ടപകടമുണ്ടായെന്ന വിവരമറിഞ്ഞതോടെ താനൂര്‍ ഹാര്‍ബര്‍, ചാപ്പപ്പടി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം മത്സ്യത്തൊഴിലാളികള്‍ കുതിച്ചെത്തി. താനൂര്‍ ടൗണില്‍നിന്ന് കിലോമീറ്ററുകള്‍ ഉള്ളിലോട്ട് മാറിയാണ് അപകടമുണ്ടായ പ്രദേശമെന്നതിനാല്‍ ആദ്യഘട്ടത്തില്‍ ആംബുലന്‍സുകളും വാഹനങ്ങളും എത്താനും പ്രയാസപ്പെട്ടു. ആദ്യഘട്ടത്തില്‍ ആംബുലന്‍സുകളുടെ കുറവുണ്ടായപ്പോള്‍ സ്വകാര്യ വാഹനങ്ങളിലാണ് പലരേയും ആശുപത്രികളിലെത്തിച്ചത്.
ഒരുമണിക്കൂറിനുള്ളില്‍ താനൂരിലെയും പരപ്പനങ്ങാടിയിലെയും ആശുപത്രികളിലെ അത്യാഹിതവിഭാഗങ്ങള്‍ അപകടത്തില്‍പ്പെട്ടവരെക്കൊണ്ട് നിറഞ്ഞു. ആശുപത്രിയില്‍ എത്തിക്കും മുന്‍പേ ഇതില്‍ പലരുടെയും ജീവന്‍ നഷ്ടമായിരുന്നു.ഇപ്പോഴും ജീവനുവേണ്ടി ആശുപത്രിക്കിടക്കയില്‍ പോരാടുന്ന നിരവധി പേരുണ്ട്. എവിടെയാണ് സുരക്ഷ , എവിടെയാണ് സേഫ് കേരള. റോഡിലിലെ സുരക്ഷയില്‍ പൊഴിയുന്ന ജീവന്‍ മാത്രമല്ല സര്‍ക്കാരേ വെള്ളത്തില്‍ മുങ്ങി താഴുന്ന ജീവനും പവന്‍മാറ്റ് വിലയുണ്ടെന്നറിയുക.
https://www.facebook.com/Malayalivartha

























