രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും ആദ്യ രാജി ഉടനെന്ന് സൂചന....തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിലിൻ്റെ പണി തെറിക്കുമെന്നാണ് സംസാരം.. താനൂരിൽ അപകടത്തിൽ പെട്ട ബോട്ട് ഉടമക്ക് അവിഹിതമായ സഹായങ്ങൾ നൽകി, എന്ന ആരോപണമാണ് ദേവർ കോവിലിനെ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നത്,,,.ബോട്ടിന് പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി നടപടിക്ക് ഒരുങ്ങുമ്പോഴാണ് ദേവർ കോവിലിൻ്റെ പേര് അഴിമതിയിൽ കെട്ടുപിണഞ്ഞ് വിവാദമായി മാറിയിരിക്കുന്നത്.....

രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും ആദ്യ രാജി ഉടനെന്ന് സൂചന. തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിലിൻ്റെ പണി തെറിക്കുമെന്നാണ് സംസാരം.. താനൂരിൽ അപകടത്തിൽ പെട്ട ബോട്ട് ഉടമക്ക് അവിഹിതമായ സഹായങ്ങൾ നൽകി എന്ന ആരോപണമാണ് ദേവർ കോവിലിനെ പ്രതിസന്ധിയിലെത്തിച്ചിരിക്കുന്നത്.ബോട്ടിന് പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി നടപടിക്ക് ഒരുങ്ങുമ്പോഴാണ് ദേവർ കോവിലിൻ്റെ പേര് അഴിമതിയിൽ കെട്ടുപിണഞ്ഞ് വിവാദമായി മാറിയിരിക്കുന്നത്. തുറമുഖ വകുപ്പിനെതിരെ ഹൈക്കോടതി പരാമർശം ഉണ്ടായാൽ മന്ത്രിക്ക് രാജി വയ്ക്കേണ്ടി വരും. കാരണം ബോട്ടുടമയെ സഹായിക്കാൻ മന്ത്രി ഇടപെട്ടതിൻ്റെ രേഖകൾ ഉണ്ടെന്നാണ് കേൾക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ലോകായുക്തയെ പോലെയല്ല.തുറമുഖ- ടൂറിസം വകുപ്പുകൾക്കെതിരെ പാർട്ടി സെക്രട്ടറി എം.വി ഗോവിവൻ നടത്തിയ പ്രസ്താവന രാജിയിലേക്ക് തന്നെ വിരൽ ചൂണ്ടുന്നു.ഏതായാലും ഒടുവിൽ താനൂർ ബോട്ട് അപകടത്തിലെ പ്രതിയെ കണ്ടെത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്തുഷ്ടനാണ്. മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രതിസന്ധിയിലായതിൽ മുഖ്യമന്ത്രിക്ക് സങ്കടമില്ല. മരുമകന് വേണ്ടി ആരെ കുരുതി കൊടുക്കുമെന്ന് പിണറായി ചിന്തിച്ചിരിക്കുമ്പോഴാണ് അഹമ്മദ് ദേവർ കോവിൽ വന്നു ചാടിയത്. ടൂറിസം മന്ത്രിയെ ആരോപണത്തിൽ നിന്നും രക്ഷിക്കുന്നതിൻെറ ഭാഗമായാണ് തുറമുഖ മന്ത്രിയുടെ തലയിൽ കുറ്റമെല്ലാം കെട്ടിയത്.
ബോട്ടുടമക്ക് ലൈസൻസ് നീട്ടി നൽകാൻ മന്ത്രി നിർദ്ദേശിച്ചതിൻെറ തെളിവ് ഉദ്യോഗസ്ഥരുടെ കൈയിലുണ്ടെന്നാണ് മലപ്പുറത്ത് നിന്നും വന്ന വാർത്തകൾ. ഹൈക്കോടതിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തു കൊണ്ടു വന്നാൽ നടന്നത് എന്താണെന്ന് അവർ പറയും.താനൂർ ബോട്ട് ബോട്ട് അപകടത്തിൽ തെളിയുന്നത് വിവിധ വകുപ്പുകളുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചകളാണ്. നടപടിക്രമങ്ങൾ ലംഘിച്ചിട്ടും പിഴയടച്ച് എല്ലാം മറികടക്കാൻ നാസറിന് വഴിയൊരുങ്ങിയത് ഈ അലംഭാവത്തിലാണ്. അതിനിടെ, ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉന്നതല യോഗം വിളിച്ചു. ഉന്നതതല യോഗം വിളിച്ച് കുറ്റമെല്ലാം ഏൽക്കാൻ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയാണ്.ഉൾനാടൻ ജലഗതാഗതം സുരക്ഷിതമാക്കാനും ബോട്ടുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാനുമുള്ള കർശന വകുപ്പുകൾ ഉൾപ്പെടുന്ന 2021ലെ ഇൻലാൻഡ് വെൽസ് ആക്ട്, നിയമം നടപ്പാക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് ദേവർ കോവിലിൻ്റെ തുറമുഖ വകുപ്പ് ആണ്., ഇക്കാര്യങ്ങളിൽ മേൽനോട്ടം വഹിക്കേണ്ടത് മരി ടൈം ബോർഡ് ആണ്.. എല്ലാം ഉണ്ടായിട്ടും സകല നിയമങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് താനൂർ സ്വദേശി നാസറിന് എങ്ങനെയാണ് അറ്റ്ലാൻറിക് എന്ന ബോട്ട് തൂവൽ തീരത്ത് സർവീസിന് ഇറക്കാൻ കഴിഞ്ഞത് എന്നാണ് ഉയരുന്ന ചോദ്യം. അനുവദനീയമായതിൽ അധികം ആളുകളെ കയറ്റി അപകടകരമായ രീതിയിൽ ബോട്ട് സർവീസ് നടത്തുന്നത് സംബന്ധിച്ച് പരാതി ഉയർന്നിട്ടും നോക്കിനിന്ന പൊലീസിനും ടൂറിസം വകുപ്പിനുമടക്കം ഈ ദുരന്തത്തിൽ കൂട്ടുത്തരവാദിത്തമുണ്ട് എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
തുറമുഖ വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ മത്സ്യബന്ധന ബോട്ട് ടൂറിസം ബോട്ടാക്കി മാറ്റിയിട്ടും നാസറിന് കുസാറ്റ് ഷിപ്പ് ടെക്നോളജി വിഭാഗത്തിൽ നിന്ന് സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നേടാനും തുടർന്ന് തുറമുഖ വകുപ്പിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടാനും കഴിഞ്ഞു. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകി കാത്തിരിക്കുന്ന ഘട്ടത്തിലാണ് ദുരന്തം. അപകടം ഉണ്ടായിരുന്നില്ലെങ്കിൽ ഈ ബോട്ടിന് തുറമുഖ വകുപ്പ് വൈകാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുമായിരുന്നു എന്നും ഇതുവരെയുള്ള നടപടികൾ വ്യക്തമാക്കുന്നു. ബോട്ടുകൾ നിർമ്മിക്കേണ്ടത് തുറമുഖ വകുപ്പിന്റെ മുൻകൂർ അനുമതിയോടെ അംഗീകൃത യാർഡുകളിൽ നിന്ന് ആകണമെന്നാണ് നിർദ്ദേശമെങ്കിലും ബോട്ട് നിർമ്മിച്ച ശേഷമാണ് നാസർ നിർമ്മാണം ക്രമപ്പെടുത്താൻ അപേക്ഷ നൽകിയത്. തുടർന്നാണ് 10000 രൂപ പിഴ ഈടാക്കി തുറമുഖ വകുപ്പ് ഇക്കാര്യം ക്രമപ്പെടുത്തിയത്. ഇത് മന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്നാണ് ആരോപണം.നടപടികൾ വേഗത്തിൽ ആക്കുന്നതിന് നാസറിന് രാഷ്ട്രീയ സഹായം ലഭിച്ചെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. അനുവദനീയമായതിൽ അധികം ആളുകളെ കയറ്റിയും ലൈസൻസ് ഇല്ലാത്ത വ്യക്തികളെ ബോട്ട് ഓടിക്കാൻ ഏൽപ്പിച്ചും അസമയത്ത് പോലും സർവീസ് നടത്താൻ നാസറിന് കഴിഞ്ഞത് ഈ സ്വാധീനത്തിന്‍റെ ബലത്തിൽ എന്നാണ് വിവരം. ടൂറിസം വകുപ്പ് അടുത്തിടെ തുടക്കമിട്ട താനൂരിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജിന്‍റെ ചുവടുപിടിച്ചായിരുന്നു തൂവൽ തീരത്ത് ബോട്ട് സർവീസ് തുടങ്ങാൻ നാസർ ഉൾപ്പെടെയുള്ളവർ തീരുമാനിച്ചത്. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ സഞ്ചാരികൾ എത്രത്തോളം സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ ടൂറിസം വകുപ്പിനോ ഡിടിപിസിക്കോ കഴിഞ്ഞതുമില്ല. ബോട്ടുകളുടെ ഫിറ്റ്നസ് ടെസ്റ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ബോട്ട് ഓടിക്കുന്നവർക്കുള്ള ലൈസൻസ് തുടങ്ങി ഉൾനാടൻ ജലഗതാഗതവുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള പരാതികൾ യോഗത്തിൽ പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.
മുസ്ലീം ലീഗിലെ ഒരു വിഭാഗത്തെ അടർത്തി ഇടതുമുന്നണിയിലെത്തിക്കുന്നതിൻറെ ഭാഗമായാണ് മന്ത്രി അഹമ്മദ് ദേവർ കോവിലിനെ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയാക്കിയത്. ചുവപ്പിൽ നിന്നും പച്ചയിലേക്ക് വഴിമാറുന്ന നയവ്യതിയാനത്തിന് പിന്നിൽ സാക്ഷാൽ പച്ചരി തന്നെയാണു ണ്ടായിരുന്നത്.ഗണേശനെ പോലും ഒഴിവാക്കി കൊണ്ടാണ് ദേവർ കോവിലിനെ മന്ത്രിയാക്കിയത്.2024 ൽ നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ലീഗിലെ ചില പ്രമുഖ നേതാക്കളെ ഇടതുമുന്നണിയിലെത്തിക്കാനാണ് സി പി എമ്മിൻറെ ശ്രമം. അതിന് പിണറായി ആശ്രയിക്കുന്നത് ദേവർകോവിലിനെയാണ്.. അതു കൊണ്ടു തന്നെ അഹമ്മദ് ദേവർ കോവിൽ തെരുവിൽ കിടന്ന് തല്ലിയാലും പിണറായി അദ്ദേഹത്തെ തൊടില്ല.എന്നാൽ ഹൈക്കോടതി ചൊറിഞ്ഞാൽ പിണറായിക്ക് ദേവർ കോവിലിനെ രക്ഷിക്കാനാവില്ല. ദേവർ കോവിലിനെ രക്ഷിച്ചാൽ മന്ത്രി മുഹമ്മദ് റിയാസിന് നേരെ ആരോപണത്തിൻ്റെ കുന്തമുന തിരിയും.ഐഎന്‍എല്‍ യോഗത്തില്‍ രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മിലടിച്ചിട്ടും പിണറായി ദേവർ കോവിലിനെ വിട്ടിരുന്നു. അഹമ്മദ് ദേവര്‍കോവിലിന്‍റെ സാന്നിധ്യത്തിലാണ് തമ്മിലടി ഉണ്ടായത്. സെക്രട്ടറി കാസിം ഇരിക്കൂറിനും മന്ത്രി അഹമ്മദ് ദേവർകോവിലിനും എതിരെ കേട്ടാൽ അറയ്ക്കുന്ന ചീത്തയാണ് പ്രവർത്തകർ വിളിച്ചത്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഹോട്ടലിന് ഉള്ളിലേക്ക് ഇരച്ചുകയറി. സ്ഥലത്ത് കൂടുതല്‍ പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ദിവസമാണ് കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഹോട്ടലില്‍ നേതൃയോഗം ചേര്‍ന്നത്. പിന്നാലെ ഐ.എൻ. എൽ പിളർന്നു.
എന്നാൽ ഐ എൻഎൽ പിളർന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.കൊച്ചിയിൽ നടന്നത് പാർട്ടി സംസ്ഥാന നേതൃത്വം വിശദീകരിക്കുമെന്നും താൻ പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറിയാണെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസിഡണ്ട് എ പി അബ്ദുൾ വഹാബും തമ്മിൽ പരസ്പരം വാക് പോരുണ്ടായ ശേഷമാണ് പുറത്ത് കൂട്ടത്തല്ല് നടന്നത്. ഇതിന് പിന്നാലെ ഇരു വിഭാഗവും വേറേ വേറേ യോഗം ചേരുകയും പരസ്പരം പുറത്താക്കുകയും ചെയ്തു. അഹമ്മദ് ദേവർകോവിൽ കാസിം ഇരിക്കൂറിനൊപ്പമാണെങ്കിലും പാർട്ടിയിലെ പ്രബല വിഭാഗം അബ്ദുൾ വഹാബിനൊപ്പമാണ്. ഐഎൻഎല്ലിന്റെ 112 കൗൺസിൽ അംഗങ്ങളിൽ 72 പേർ കൂടെയുണ്ടെന്നും 62 പ്രവർത്തക സമിതി അംഗങ്ങളിൽ 32 പേരും കൂടെയുണ്ടെന്നുമാണ് അബ്ദുൾ വഹാബിന്റെ അവകാശവാദം.നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലുണ്ടായ അഭിപ്രായഭിന്നതകൾ രൂക്ഷമായതോടെയാണ് ഐഎൻഎൽ എല്ലിൻകഷണമാകുന്ന അവസ്ഥയുണ്ടായത്. നേരത്തെ ഐഎൻഎല്ലിൽ ലയിച്ച പിടിഎ റഹീം വിഭാഗം പാർട്ടി വിട്ടു പോയിരുന്നു. പിന്നാലെയാണ് പാർട്ടി സംസ്ഥാന പ്രസിഡൻറും ജനറൽ സെക്രട്ടറിയും പരസ്പരം പുറത്താക്കി പാർട്ടിയിലെ പിളർപ്പ് പൂർത്തിയാക്കിയത്.
ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തതിന് പിന്നാലെയുള്ള രാഷ്ട്രീയ സാഹചര്യത്തിലാണ് ഐ.എന്‍.എല്‍ പിറവിയെടുക്കുന്നത്. കോണ്‍ഗ്രസിനൊപ്പം മുന്നണിബന്ധം തുടരാനുള്ള ലീഗ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പുതിയ പാര്‍ട്ടി രൂപീകരിച്ചത്.സുര്‍ജിത്ത് അടക്കമുള്ള ഇടത് നേതാക്കളുടെ പിന്തുണയോടെയാണ് 1994 ഏപ്രില്‍ 23നാണ് ഐ.എന്‍.എന്‍ രൂപീകരിച്ചത്. സുലൈമാന്‍ സേട്ടുവിന് പുറമെ പി.എം അബൂബക്കര്‍, യു.എ ബീരാന്‍, ചെറിയ മമ്മുക്കേയി തുടങ്ങിയ പ്രമുഖ നേതാക്കള്‍ അന്ന് ഐ.എന്‍.എല്ലിലുണ്ടായിരുന്നു. ഹിന്ദുത്വ വര്‍ഗീയതയെ സഹായിക്കുന്ന കോണ്‍ഗ്രസ് നിലപാടുകളില്‍ പ്രതിഷേധിച്ച് ഇടത് മതേതര ചേരിക്കൊപ്പം നില്‍ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു സ്ഥാപകര്‍ വിഭാവനം ചെയ്തത്. 1994 ലെ ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള നിരവധി തെരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗിനെ പരാജയപ്പെടുത്തി ഇടതുപക്ഷത്തിന് വിജയം നേടാന്‍ സാധിച്ചത് മുസ്ലിം ഭൂരിപക്ഷ മേഖലകളിലുള്ള ഐ.എന്‍.എലിന്റെ സ്വാധീനമായിരുന്നു. 2006 ല്‍ കോഴിക്കോട് സൗത്തില്‍ മത്സരിച്ച ഐ.എന്‍.എല്‍ നേതാവ് പി.എം.എ സലാം എം.എല്‍.എ ആവുകയും ചെയ്തിരുന്നു.
പേരില്‍ നിന്ന് മുസ്‌ലിം എന്ന വാക്ക് ഒഴിവാക്കി മതേതര പാര്‍ട്ടിയെന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ പാർട്ടി ശ്രമിച്ചു. ഇടതു മുന്നണി പ്രവേശനം ലക്ഷ്യംവെച്ച് രൂപീകരിച്ച പാര്‍ട്ടിയെ കാല്‍നൂറ്റാണ്ട് കാലത്തോളം സി.പി.എം അകത്തുകയറ്റിയില്ല. എന്നാൽ പേരിലും ചെയ്തിയിലും ഐ.എൻ. എല്ലിനെ മുസ്ലീം ആക്കാനാണ് പിണറായിയുടെ ശ്രമം.ലീഗ് വിമര്‍ശനം മാത്രം ദൗത്യമായി സ്വീകരിച്ച പാര്‍ട്ടിയെന്ന ഇമേജിലാണ് പലപ്പോഴും ഐ.എന്‍.എല്‍ നിന്നത്. ലീഗ് വിമര്‍ശനം എന്നതിനപ്പുറം ഒരു ന്യൂനപക്ഷരാഷ്ടീയ കക്ഷിയെന്ന നിലയില്‍ മറ്റു അജണ്ടകള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ലീഗിനെ എതിര്‍ക്കാനുള്ള ഉപകരണമായി മാത്രം ഐ.എന്‍.എല്ലിനെ ഇടതുപക്ഷം ഉപയോഗിക്കുന്നുവെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വിമര്‍ശനമുണ്ടായി. ഇടത് മുന്നണി പ്രവേശനം സാധ്യമാവാത്തതില്‍ പ്രതിഷേധിച്ച് സേട്ട് സാഹിബിന്റെ മകന്‍ സിറാബ് ഇബ്രാഹീം സേട്ട്, പി.എം.എ സലാം, എന്‍.എ നെല്ലിക്കുന്ന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു വിഭാഗം 2011ല്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. ലീഗിൽ ചേർന്നവരെ കൊണ്ട് ലീഗിൽ അന്ത:ചിദ്രം ഉണ്ടാക്കാനാണ് ശ്രമം.ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ സമുന്നതനായ നേതാവായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട പാര്‍ട്ടി ഇന്ന് വലിയ പ്രതിസന്ധിയിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഏതായാലും 2024 ൽ മലപ്പുറം സീറ്റ് പിണറായിക്ക് പിടിക്കണം. അതിന് ലീഗിൽ നിന്നും ഒരു ബലമുള്ള കഷണം കിട്ടണം. പി.കെ. കുഞ്ഞാലിക്കുട്ടിയെ കിട്ടാനാണ് പിണറായിക്ക് ആഗ്രഹം. അതിന് കഴിഞ്ഞില്ലെങ്കിൽ മുനീർ സാഹിബിനെയെങ്കിലും കിട്ടണം! ഇതിനുള്ള കരുക്കൾ പിണറായി നീക്കുന്നത് അഹമ്മദ് ദേവർ കോവിലിലൂടെയാണ്. അഞ്ചു കൊല്ലവും മന്ത്രിയായിരിക്കാമെന്ന് ദേവർ കോവിൽ ആഗ്രഹിച്ചതാണ്. അപ്പോഴാണ് കാലൻ അറ്റ്ലാൻ്റിക്കിൻ്റെ രൂപത്തിലെത്തിയത്. ദേവർകോവിലാകട്ടെ ആളും അർത്ഥവും ഇറക്കി മന്ത്രി സ്ഥാനം നിലനിർത്താൻ ശ്രമം തുടരുകയാണ്. തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾ ഇല്ലാതാക്കാനാണ് അദ്ദേഹം തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചത്.എന്നാൽ ബോട്ടുടമയെ കയറൂരി വിട്ടതിൻെറ ഉത്തരവാദിത്വത്തിൽ നിന്നും മന്ത്രിക്ക് രക്ഷപ്പെടാൻ കഴിയുമെന്ന് കരുതാൻ വയ്യ.
https://www.facebook.com/Malayalivartha


























