വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍... ഇത്തവണ പാര്‍ട്ടികള്‍ മുള്‍മുനയില്‍ നില്‍ക്കാനാണ് സാധ്യത

വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ തൃശൂരിനെ ജനങ്ങള്‍ മുള്‍മുനയില്‍ നിര്‍ത്തും. ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കാന്‍ പോകുന്ന തൃശൂരില്‍ ആരായിരിക്കും ജയിക്കുക എന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല എന്നതാണ് സത്യം. എല്ലാമണ്ഡലങ്ങളിലും ജനങ്ങള്‍ തന്നെയാണ് ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത്. എന്നാല്‍ പാര്‍ട്ടികള്‍ക്ക് ചില പ്രതീക്ഷകള്‍ ഉണ്ടാകും. തങ്ങള്‍ ജയിക്കും എന്ന്.
എന്നാല്‍ ഇത്തവണ തൃശ്ശൂരില്‍ അത്തരത്തിലുള്ള പ്രതീക്ഷകള്‍ക്ക് പ്രസക്തിയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 93,633 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചെങ്കിലും ഇത്തവണ ഇനി മത്സരത്തിനില്ലെന്ന നിലപാടിലാണ് ടി.എന്‍ പ്രതാപനുള്ളത്. ഈ സാഹചര്യത്തില്‍ പകരം മുന്‍ തൃത്താല എം.എല്‍.എകൂടിയായ വി.ടി ബല്‍റാം രംഗത്തിറങ്ങാനാണ് സാധ്യത. ഇത്തരം ഒരാവശ്യം സിറ്റിംങ് എം.പി തന്നെ മുന്നോട്ടു വച്ചാല്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനും തള്ളിക്കളയാന്‍ കഴിയുകയില്ല. കഴിഞ്ഞ തവണ യു.ഡി.എഫ് നേടിയ 19 സീറ്റുകള്‍ എന്തായാലും ഇത്തവണ ലഭിക്കില്ലെന്നു വിലയിരുത്തുന്ന കോണ്‍ഗ്രസ്സ് നേതൃത്വം പരമാവധി സീറ്റുകള്‍ നിലനിര്‍ത്തി ഘടകകക്ഷികളെ ഒപ്പം നിര്‍ത്താനാണ് ശ്രമിക്കുന്നത്.
തൃശൂരില്‍ മികച്ച സ്ഥാനാര്‍ത്ഥിയില്ലങ്കില്‍ മൂന്നാം സ്ഥാനത്ത് ആയിപ്പോകുമോ എന്ന ഭയവും കോണ്‍ഗ്രസ്സിനുണ്ട്. അവിടെയാണ് വി.ടി. ബല്‍റാമിന്റെ പേരും പ്രസക്തമാകുന്നത്. അതേസമയം കഴിഞ്ഞ ആറു തെരഞ്ഞെടുപ്പുകളില്‍ സിറ്റിങ് എം.പിയെ തോല്‍പ്പിക്കുന്ന പതിവ് ഇത്തവണയും ആവര്‍ത്തിക്കുമെന്ന കണക്കു കൂട്ടലിലാണ് ഇടതുപക്ഷമുള്ളത്. 1998ല്‍ ജയിച്ച സി.പി.ഐയെ 99ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അട്ടിമറിച്ചതു മുതല്‍ തുടരുന്ന ശീലമാണ് 2019ലും തൃശൂരില്‍ ആവര്‍ത്തിച്ചിരുന്നത്.
പ്രതാപന്റെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു ഭൂരിപക്ഷം. വയനാട്ടില്‍ രാഹുല്‍ മത്സരിച്ചതിന്റെ ഇഫക്ട് ആണ് തൃശൂരിലും പ്രകടമായിരുന്നത്. അതല്ലങ്കില്‍ ഇത്രയും വലിയ ഭൂരിപക്ഷം ലഭിക്കില്ലായിരുന്നു. ഇടതുപക്ഷം ഒറ്റ സീറ്റില്‍ ഒതുങ്ങാനും യു.ഡി.എഫിനു 19 സീറ്റുകള്‍ തൂത്തുവാരാനും കാരണമായി രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നതും ഇതേ കാരണം തന്നെയാണ്. കഴിഞ്ഞ തവണത്തെ ആ തെറ്റ് ഇത്തവണ ജനങ്ങള്‍ തീരുത്തുമെന്നാണ് ഇടതു നേതൃത്വത്തിന്റെ പ്രതീക്ഷ. കുറേകാലമായി സി.പി.ഐ മത്സരിച്ചുവരുന്ന സീറ്റായതിനാല്‍ തൃശൂര്‍ സീറ്റില്‍ ഇത്തവണയും മാറ്റമുണ്ടാകില്ലന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെ വന്നാല്‍, മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാറിനു തന്നെയാണ് സാധ്യത.
മികച്ച പ്രതിച്ഛായയുള്ള സുനില്‍കുമാറിന്റെ കാര്യത്തില്‍ സി.പി.എമ്മിനും വലിയ ആത്മവിശ്വാസമാണുള്ളത്. ഇത്തവണ ലോകസഭയില്‍ അംഗങ്ങളെ വര്‍ദ്ധിപ്പിക്കേണ്ടത് സി.പി.ഐയെ സംബന്ധിച്ച് പരമപ്രധാന ലക്ഷ്യമായതിനാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ജനസമ്മതി തന്നെയാണ് മാനദണ്ഡമാവുക. ഇതും സുനില്‍ കുമാറിനു മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. നടന്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവച്ച ബി.ജെ.പി, ഇത്തവണയും സുരേഷ് ഗോപിയെ തന്നെ രംഗത്തിറക്കി തൃശൂര്‍ സീറ്റ് പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു മുതല്‍ തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സുരേഷ് ഗോപി നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. തൃശൂര്‍ നഗരത്തിന്റെ വികസനത്തിനായി എം.പി ഫണ്ടില്‍ നിന്നും പണം ചിലവാക്കിയതു പോലും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. കേരളത്തില്‍ ബി.ജെ.പി പ്രതീക്ഷയര്‍പ്പിക്കുന്ന രണ്ടു മണ്ഡലങ്ങളില്‍ ഒന്ന് തൃശൂരും മറ്റേത് തിരുവനന്തപുരവുമാണ്.
https://www.facebook.com/Malayalivartha