മധ്യകേരളത്തിലെ അഞ്ച് ജില്ലകളിൽ നിന്ന് പത്ത് സീറ്റ് ; ക്രൈസ്തവ സഭകളുമായി കൂടുതൽ അടുക്കാൻ ബിജെപി; രാജീവ് ചന്ദ്രശേഖർ ഓർത്തഡോക്‌സ് സഭാ ആസ്ഥാനം സന്ദർശിച്ചു; സൗഹൃദ സന്ദർശനമെന്ന് സഭയും ബിജെപിയും

മധ്യകേരളത്തിലെ അഞ്ച് ജില്ലകളിൽ നിന്നും പത്ത് സീറ്റെന്ന ലക്ഷ്യവുമായി ക്രൈസ്തവ സഭകളുമായി സൗഹൃദം ഊട്ടിയുറപ്പിക്കാൻ ബിജെപി. ബിജെപി നേതാക്കൾ നിരന്തരം ക്രൈസ്തവ സഭാ ആസ്ഥാനം സന്ദർശിച്ചാണ് സഭകളുമായുള്ള ബന്ധം കൂടുതൽ ഉറപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി നേതാവായ മഹാരാഷ്ട്ര ഗവർണർ സി.പി രാധാകൃഷ്ണൻ കോട്ടയം ദേവലോകത്തെ ഓർത്തഡോക്‌സ് സഭാ ആസ്ഥാനം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഓർത്തഡോക്‌സ് സഭാ ആസ്ഥാനത്ത് എത്തുകയും സഭാ മേലധ്യക്ഷനെ നേരിട്ട് സന്ദർശിക്കുകയും ചെയ്തതോടെയാണ് രാഷ്ട്രീയ ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കോട്ടയം ദേവലോകത്ത് മലങ്കര ഓർത്തഡോക്‌സ് സഭാ ആസ്ഥാനം സന്ദർശിച്ചത്. ബിജെപി വികസിത് കേരളം പരിപാടിയുടെ ഭാഗമായി ജില്ലകൾ തോറും നടത്തിവരുന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. ബിജെപി മധ്യമേഖലാ അധ്യക്ഷൻ എൻ ഹരി, കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി ലിജിൻലാൽ, ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വക്കേറ്റ് നോബിൾ മാത്യു, ഷോൺ ജോർജ്, തുടങ്ങിയ നേതാക്കൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ബസേലിയസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ രാജീവ് ചന്ദ്രശേഖറിനെ സ്വീകരിച്ചു. 20 മിനിറ്റോളം കാതോലിക്കാ ബാവയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജീവ് ചന്ദ്രശേഖർ മടങ്ങിയത്.
മധ്യകേരളത്തിലെ അഞ്ച് ജില്ലകളിൽ കരുത്ത് തെളിയിക്കാൻ സഭകളുടെ പിൻതുണ ആവശ്യമാണെന്ന് ബിജെപി കരുതുന്നു. ഇതിന്റെ ഭാഗമായി സഭകളുമായി കൂടുതൽ അടുക്കാനുള്ള ശ്രമമാണ് ബിജെപി നേതൃത്വം ഇപ്പോൾ നടത്തുന്നത്. കേരള കോൺഗ്രസ് നേതാവായ പി.സി ജോർജിനെ തന്ത്രപരമായി ബിജെപി പാളയത്തിൽ എത്തിച്ച ശേഷം സഭകളുമായുള്ള പാലം കൂടുതൽ സജീവമാക്കാൻ ബിജെപിയ്ക്ക് സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരന്തരം സഭാ ആസ്ഥാനത്ത് ബിജെപി നേതാക്കൾ സന്ദർശനം നടത്തി സൗഹൃദം സ്ഥാപിക്കുന്നത്.
മധ്യകേരളത്തിലെ അഞ്ച് ജില്ലകളിലായി 42 സീറ്റുകളാണ് ഉള്ളത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിൽ 10 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ അഞ്ച് ജില്ലകളും കോൺഗ്രസിനും കേരള കോൺഗ്രസിനും സഭകൾക്കും നിർണ്ണായകമായ കരുത്തുള്ള ജില്ലകളാണ്. ഇതിൽ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം സീറ്റുകളുള്ളത്. 14 സീറ്റുകളുള്ള ജില്ല എല്ലാക്കാലത്തും കോൺഗ്രസിന് വൻ വിജയം സമ്മാനിച്ചിട്ടുമുണ്ട്. കോൺഗ്രസിന്റെ സഭാ വോട്ടുകളിൽ വിള്ളൽ വീഴ്ത്തി രണ്ട് മുതൽ നാല്് സീറ്റുകൾ വിജയിക്കാനാവുമോ എന്നാണ് ബിജെപി ഇപ്പോൾ നോക്കുന്നത്.
കോട്ടയം ജില്ലയിൽ ഒൻപ്ത സീറ്റുകളാണ് ഉള്ളത്. ഇതിൽ പി.സി ജോർജിന്റെ ശക്തി കേന്ദ്രങ്ങലാണ് പൂഞ്ഞാറും, കാഞ്ഞിരപ്പള്ളിയും പാലായും. ഇത് കൂടാതെ ഏറ്റുമാനൂരിലും വൈക്കത്തും എൻഡിഎ ഘടകക്ഷിയായ ബിഡിജെഎസിനും കരുത്തുണ്ട്. ഇവിടെ മൂന്ന് സീറ്റ് എങ്കിലും വിജയിക്കുകയും, രണ്ടിലധികം സീറ്റുകളിൽ രണ്ടാം സ്ഥാനത്ത് വരികയും ചെയ്യുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇടുക്കിയിലും, പത്തനംതിട്ടയിലും, ആലപ്പുഴയിലും കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴത്തി ഓന്നോ അതിലധികമോ സീറ്റ് വിജയിക്കാനാവുമോ എന്നാണ് ബിജെപി ആലോചിക്കുന്നത്.
എന്തായാലും സഭയുമായി കൂടുതൽ അടുത്ത് കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കി പ്രതിപക്ഷത്തെ പ്രബല കക്ഷിയാകുക എന്ന ലക്ഷ്യമാണ് ബിജെപി ഉയർത്തുന്നത്. 2026 ലെ തിരഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യമിടുന്നത് പ്രധാന പ്രതിപക്ഷമാകാനാണെന്ന്് ഇപ്പോൾ നടത്തുന്ന നീക്കങ്ങളിൽ നിന്നും വ്യക്തം. ഈ ബിജെപിയുടെ തന്ത്രത്തിൽ വീണ് കേരളത്തിൽ ഇല്ലാതാകുന്ന പാർട്ടി ഏതാണ് എന്നാണ് ഇനി അറിയേണ്ടത്.
https://www.facebook.com/Malayalivartha