നരേന്ദ്ര മോദി നേരിട്ടാണ് നിര്‍ദേശങ്ങൾ നല്‍കിയത്..ഒരർത്ഥത്തിൽ ഇത് മോദിയുടെ ഷോ ആയിരുന്നു.... മോദിയുടെ മാത്രം ഷോ. അത് മനസിലാകാത്ത ഇന്ത്യയിലെ ഏക പാർട്ടി സി.പി.എം...
"അന്നു രാവിലെ സുമാർ ഒമ്പതുമണിക്ക് സേവാനഗറിലെ തന്റെ ഒറ്റമുറി സർക്കാർ ക്വാർട്ടറിൽ വച്ച് ശ്രീധരനുണ്ണി ഇല്ലാതെയായി. " പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻറെ 'ഡൽഹി ഗാഥകൾ ' എന്ന നോവലിൽ ശ്രീധരനുണ്ണി എന്ന കഥാപാത്രത്തിൻ്റെ മരണം ഇങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത് . കാര്യമായ രോഗങ്ങളൊന്നുമില്ലാതെ ആരോഗ്യവാനായി ജോലിചെയ്ത് ജീവിക്കുന്നതിനിടയിലാണ് തന്റെ 39ാം വയസ്സിൽ ശ്രീധരനുണ്ണി ഹൃദയം തകർന്നു മരിക്കുന്നത്. മരണകാരണം 'ഡൽഹി ഗാഥ'കളിൽ എം മുകുന്ദൻ ഇങ്ങനെ വിശദീകരിക്കുന്നു:"......ശ്രീധരനുണ്ണി ഉദ്യോഗം കിട്ടി തലസ്ഥാനനഗരിയിൽ വന്നനാൾ തുടങ്ങി പതിവായി വായിക്കുന്ന തന്റെ പ്രിയപ്പെട്ട ഇംഗ്ലീഷ് പത്രം തുറന്ന് മുൻപേജിൽ കണ്ണോടിച്ചപ്പോഴാണ് അത് സംഭവിച്ചത്.പൊടുന്നനെ അയാളുടെ ഹൃദയമിടിപ്പു നിലച്ചു ......" മുപ്പത്തിയൊൻപതാമത്തെ വയസ്സിൽ ഹൃദയം തകർത്തു കളയാൻ മാത്രം എന്തു വാർത്തയാണ് ആ ഇംഗ്ലീഷ് പത്രം കരുതി വെച്ചിരുന്നത് എന്നല്ലേ ?അത് മറ്റൊന്നുമായിരുന്നില്ല യുദ്ധത്തെക്കുറിച്ചുള്ള വാർത്തയായിരുന്നു . യുദ്ധം തുടങ്ങിയെന്ന വാർത്ത വായിച്ചാണ് ശ്രീധരനുണ്ണി ഹൃദയം തകർന്ന് മരിച്ചുപോകുന്നത്. യുദ്ധത്തെക്കുറിച്ച് നോവലിൽ ഒരിടത്ത് ആത്മഗതമെന്നോണം ശ്രീധരനുണ്ണി ഇങ്ങനെ പറയുന്നുമുണ്ട്."എല്ലാം സഹിക്കാം. സഹിക്കാൻ കഴിയാത്തത് യുദ്ധത്തെ കുറിച്ചുള്ള വാർത്തകളാണ്. എത്രയെത്ര മനുഷ്യർ ചത്തൊടുങ്ങും "മരിച്ചു വീഴുന്ന മനുഷ്യരെയോർത്ത് മനസ്സു വിങ്ങുന്ന ഏതു മനുഷ്യസ്നേഹിയുടെയും ഹൃദയം തകർക്കാൻ കെൽപ്പുള്ള വാർത്തയാണ് യുദ്ധം. ശ്രീധരനുണ്ണിയുടെ മരണത്തിലൂടെ യുദ്ധത്തിൻ്റെ ഭീകരതയും വിനാശവും അത്രമേൽ തീവ്രമായി എം മുകുന്ദൻ ആവിഷ്കരിച്ചിരിക്കുന്നു. പശ്ചാത്തലം ഇന്ത്യാ - ചൈന യുദ്ധകാലമാണെങ്കിലും എല്ലാ യുദ്ധത്തിനുമെതിരായ സന്ദേശമാണ് ഡൽഹി ഗാഥകളിലൂടെ എം മുകുന്ദൻ പങ്കുവെക്കുന്നത്. തുടങ്ങുന്നതു പോലെ പെട്ടെന്ന് അവസാനിപ്പിക്കാൻ കഴിയുന്നതല്ല യുദ്ധമെന്നും അവസാനിച്ചാൽ തന്നെ അതിൻ്റെ ദുരന്തങ്ങൾ തുടർന്നുകൊണ്ടേയിരിക്കുമെന്നും 'ഡൽഹി ഗാഥകൾ' വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെയാണ് :"കുറെ മനുഷ്യരെ കൊന്നൊടുക്കിയിട്ടും ഭൂമിയെ മുറിവേല്പിച്ചിട്ടും മാത്രമേ യുദ്ധം അവസാനിക്കുകയുള്ളൂ. എല്ലാ യുദ്ധങ്ങളും അങ്ങനെയാണ്. യുദ്ധം പോയാലും അതു വന്ന വഴിയിൽ മുറിപ്പാടുകളും വ്രണങ്ങളും അവശേഷി ക്കണം. അല്ലെങ്കിൽ എന്തു യുദ്ധം?"നമ്മുടെ രാജ്യം ഇന്നൊരു യുദ്ധത്തിൻ്റെ വക്കിലാണ്. പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാനിലെ ഭീകരരുടെ താവളങ്ങൾ ഇന്ത്യൻ സേന തകർത്തതായി ഇപ്പോൾ വാർത്തയിൽ കാണുന്നു. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തിൻ്റെ പേരിൽ വിമർശിക്കപ്പെടുന്ന രാജ്യമാണ് പാകിസ്ഥാൻ . നിരപരാധികളും നിസഹായരുമായ മനുഷ്യരെ കൊന്നുതള്ളുന്ന ഭീരുക്കളാണ് ഭീകരർ. ഭീകരപ്രവർത്തനംതുടച്ചു നീക്കപ്പെടേണ്ടതാണ്. പഹൽഗാം ഭീകരാക്രമണത്തിനേറ്റ തിരിച്ചടിയിൽ നിന്നും പാഠമുൾക്കൊള്ളാൻ പാകിസ്ഥാന് കഴിയണം. കാര്യങ്ങൾ ഇവിടം കൊണ്ട് അവസാനിക്കുകയാണ് വേണ്ടത്.എന്നാൽ വാർത്തകൾ സൂചിപ്പിക്കുന്നത് മറിച്ചാണ്. അതിർത്തിയിൽ പാക് സേന ഷെല്ലാക്രമണം തുടങ്ങിയതായാണ് വാർത്ത. ഇത് ലോകത്തെ യുദ്ധഭീതിയിലാഴ്തുന്നു.യുദ്ധത്തിനു വേണ്ടി ദാഹിക്കുന്ന ചിലർ നവമാധ്യമങ്ങളിൽ മുറവിളികൂട്ടുന്നുണ്ട് ചാനലുകളിൽ യുദ്ധപ്രചോദിതർ ഉറഞ്ഞു തുള്ളുന്നുമുണ്ട്. സ്വന്തം മുറ്റത്ത് മിസൈൽ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലർക്ക് യുദ്ധമെന്നത് അതിർത്തിയിലെ പൂരമാണ്. സ്വന്തം കുഞ്ഞ് കൊല്ലപ്പെടുന്നതുവരെ യുദ്ധം ആസ്വദിക്കുന്ന മാനസികാവസ്ഥയുള്ളവരെ കാലം തിരുത്തട്ടെ.യുദ്ധത്തിൽ വിജയികളില്ലെന്നതാണു സത്യം. ഏതു യുദ്ധത്തിലും ആദ്യം തോൽക്കുന്നത് സാധാരണക്കാരായ മനുഷ്യരാണ് , സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. മനുഷ്യരും കന്നുകാലികളുമെന്നല്ല പരിസ്ഥിതി തന്നെയും മുറിവേറ്റ് പിടഞ്ഞൊടുങ്ങുന്ന യുദ്ധാനുഭവങ്ങൾ ചരിത്രത്തിലെമ്പാടുമുണ്ട് . യുദ്ധം ക്ഷാമവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയുമാണ്.കണ്ണീരും ചോരയും നിലയ്ക്കാത്ത വിലാപങ്ങളുമാണ് . അനാഥരും അഭയാർത്ഥികളും പലായനങ്ങളും ശ്മശാനങ്ങളുമാണ് യുദ്ധത്തിൻ്റെ ശേഷിപ്പുകൾ . ഭീകരതയ്ക്കുംഭീകരത സൃഷ്ടിക്കുന്ന യുദ്ധത്തിനുമെതിരെമനുഷ്യസ്നേഹത്തിലധിഷ്ഠിതമായ മുന്നേറ്റങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.ഭീകരതയില്ലാത്ത സമാധാനത്തിൻ്റെ പുലരികൾ പിറക്കട്ടെ .മനോഹരമായ ഭാഷയിൽ എഴുതപ്പെട്ട ഈ കുറിപ്പ് സി പി എം നേതാവ് എം.സ്വരാജിന്റെതാണ്. എന്താണ് സ്വരാജിന്റെ കുറിപ്പിന്റെ അർത്ഥം? യഥാർത്ഥത്തിൽ ആരാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്? ഇന്ത്യ പാകിസ്ഥാനെ കയറി അടിക്കുകയായിരുന്നോ? ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രം നടന്ന പഹൽഗാം കൂട്ടക്കൊല ഇത്രവേഗം സ്വരാജ് മറന്നത് എങ്ങനെയാണ്?യുദ്ധം കെട്ടിയിറക്കിയതാണെന്ന മട്ടിൽ കുറിപ്പെഴുതുമ്പോൾ അത് സ്വരാജിന്റെ വ്യക്തിപരമായ അഭിപ്രായമാണോ അതോ പാർട്ടിയുടെ അഭിപ്രായമാണോയെന്ന് വ്യക്തമാക്കപെട്ടിട്ടില്ല. പഹൽഗാമിനുശേഷം കൂടുതല്‍ ഭീകരാക്രമണങ്ങളുണ്ടാകുമെന്ന രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്കെതിരേ ഇന്ത്യ ബുധനാഴ്ച പുലര്‍ച്ചെ ആക്രമണം നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.. വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.അപ്പോൾ ഇതാണ് സാഹചര്യം. ഇന്ത്യയ്ക്കെതിരായി കൂടുതല്‍ ആക്രമണങ്ങള്‍ വരാനിരിക്കുന്നതായി ഞങ്ങളുടെ ഇന്റലിജന്‍സ് വൃത്തങ്ങൾ സൂചനകള്‍ നല്‍കി. അത് തടയാന്‍ ഇന്ത്യയെ നിര്‍ബന്ധിതരാക്കി. ഇന്ന് രാവിലെ, അതിര്‍ത്തി കടന്നുള്ള ഭീകരതയെ തടയാനുള്ള അവകാശം ഇന്ത്യ ഉപയോഗിച്ചു. ഞങ്ങളുടെ നടപടികള്‍ കിറുകൃത്യവും വ്യാപനം കുറഞ്ഞതും ഉത്തരവാദിത്തത്തോട് കൂടിയതുമായിരുന്നു. തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിലാണ് ഇന്ത്യന്‍ സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചത്-വിക്രം മിസ്രി പറഞ്ഞു.പഹല്‍ഗാം ആക്രമണത്തിന്റെ കുറ്റവാളികളെയും ആസൂത്രകരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് കണക്കുകൂട്ടിയിരുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും തീവ്രവാദികള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയ പാകിസ്താന്‍ ഒരു നടപടിയും സ്വീകരിച്ചില്ല. അതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയ്ക്ക് തിരിച്ചടിക്കേണ്ടി വന്നതെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.പഹല്‍ഗാമിലെ ആക്രമണം അങ്ങേയറ്റം ക്രൂരമായിരുന്നു, ഇരകളില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത് വളരെ അടുത്തുനിന്നും കുടുംബത്തിന്റെ മുന്നില്‍ വെച്ചുമാണ്. കൊലപാതകരീതി കുടുംബാംഗങ്ങളെ മാനസികമായി വേദനിപ്പിച്ചു. പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത റെസിസ്റ്റന്‍സ് ഫ്രണ്ട് എന്നൊരു ഗൂപ്പിന് ലഷ്‌കര്‍-ഇ തൊയ്ബയുമായി ബന്ധമുണ്ട്. ഈ ആക്രമണത്തില്‍ പാകിസ്താന്‍ ബന്ധങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അഭിവൃദ്ധി പ്രാപിച്ചുവരുന്ന ജമ്മു കശ്മീരിലെ ടൂറിസം മേഖല തകർക്കുകയായിരുന്നു, ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം-വിക്രം മിസ്രി പറഞ്ഞു.ഏപ്രില്‍ 25-ന് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ മാധ്യമക്കുറിപ്പില്‍ നിന്ന് ടിആര്‍എഫിനെക്കുറിച്ചുള്ള പരാമര്‍ശം നീക്കം ചെയ്യാനുള്ള പാകിസ്താന്റെ സമ്മര്‍ദ്ദം പഹല്‍ഗാം ഭീകരാക്രമണത്തില്‍ തീവ്രവാദികളുമായുള്ള അവരുടെ ബന്ധം തുറന്നുകാട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇതാണ് ഇന്ത്യയുടെ വിദേശ കാര്യ സെക്രട്ടറിയുടെ വിശദീകരണം. അപ്പോഴാണ് കേരളത്തിൽ മാത്രമുള്ള ഒരു പാർട്ടിയുടെ നേതാവ് വിലപിക്കുന്നത്. കഴിഞ്ഞ ഒന്നേമുക്കാൽ ആഴ്ചയായി ഇന്ത്യ സംയമനം പാലിച്ചപ്പോൾ അതിർത്തിയിൽ ഉണ്ടായ സാഹചര്യമാണ് വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചത്. എന്നിട്ടും ഇന്ത്യയെ പരോക്ഷമായി കുറ്റപ്പെടുത്തുന്നു. ഇതാണ് സി.പി.എമ്മിന്റെ നയം. ഇനി സി പി എം പോളിറ്റ് ബ്യൂറോ നൽകിയ പ്രസ്താവന കേൾക്കാം. പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകരവാദ ക്യാമ്പുകൾ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. ഈ നടപടികൾക്കൊപ്പം പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായവരെ കൈമാറാനും ഭീകരവാദ ക്യാമ്പുകളൊന്നും പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാനും കേന്ദ്രസർക്കാർ പാകിസ്ഥാനുമേൽ സമ്മർദ്ദം തുടരണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണം. ഇതാണ് രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് വിശ്വസിക്കുന്ന വർത്തമാന കാലത്ത് ഉത്തരവാദിത്വമുള്ള ഒരു പാർട്ടിയുടെ പ്രസ്താവന.മുഖ്യമന്തി പിണറായി വിജയന്റെ പ്രസ്താവന ഇപ്രകാരമാണ്:തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. അത്തരം നടപടികളോടൊപ്പം തന്നെ പെഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും പാകിസ്ഥാനിൽ ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിക്കുന്നില്ല എന്നുറപ്പുവരുത്താനും ഉള്ള നയതന്ത്രപരമായ ഇടപെടലുകൾ കൂടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ചു നിൽക്കാം.മുഖ്യമന്ത്രി ഉദ്ദേശിക്കുന്ന നയതന്ത്ര ഇടപെടൽ നടത്താൻ പറ്റിയ രാജ്യമല്ല പാകിസ്ഥാനെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു. കോൺഗ്രസ് പോലും ഇത്തരത്തിൽ പ്രസ്താവനകൾ നടത്താൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് വാൽനക്ഷത്രം മാത്രമായ സി പി എമ്മിന്റെ പ്രതികരണം. ഇടത്തോട്ട് ഇൻഡിക്കേറ്ററിട്ട ശേഷം അപ്രതീക്ഷിതമായ സമയത്ത് വലത്തേക്ക് നീക്കം നടത്തുകയെന്ന തന്ത്രമാണ് മോദി പ്രയോഗിച്ചത്. ഓപ്പറേഷൻ സിന്ദൂര്‍ ഇന്ത്യ വിജയകരമായി നടത്തിയപ്പോൾ ഒരിക്കല്‍ കൂടി വിജയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ തന്ത്രമാണ്. 2019ലെ ബാലാകോട്ട് ആക്രമണത്തിനും ഇതേ പാതയിലൂടെയാണ് മോദി സഞ്ചരിച്ചത്. ഒരിക്കൽ സംഭവിച്ചാൽ അത് ആകസ്മികം എന്ന് പറയാമെങ്കിലും രണ്ടാം തവണയും അത് തന്നെ സംഭവിക്കുമ്പോൾ അതിനെ തന്ത്രമെന്ന് തന്നെ വിശേഷിപ്പിക്കാം. ഇരു ആക്രമണങ്ങൾക്കും മുൻപുള്ള തയ്യാറെടുപ്പുകൾ തമ്മിലുള്ള സാമ്യതകൾ ഇതാണ് സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ ബാലാകോട്ടിന് മുൻപുള്ള പെരുമാറ്റത്തിൽ നിന്ന് പഠിക്കാതിരുന്നതിൽ ഇപ്പോൾ പാകിസ്ഥാൻ സ്വയം കുറ്റപ്പെടുത്തുന്നുണ്ടാകാം. ഫെബ്രുവരി 26ന് പുലർച്ചെയാണ് ഇന്ത്യ ബാലാകോട്ടിൽ പാകിസ്ഥാന് തിരിച്ചടി നൽകിയത്. എന്നാൽ പ്രധാനമന്ത്രി മോദി ഇതിന് മുൻപുള്ള 48 മണിക്കൂറും പതിവുപോലെ തന്നെ ജോലികളില്‍ മുഴുകി. ഫെബ്രുവരി 25ന് അദ്ദേഹം ദില്ലിയിൽ ദേശീയ യുദ്ധസ്മാരകം രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യൻ സായുധ സേനയുടെ വീര്യത്തെക്കുറിച്ച് സംസാരിച്ചെങ്കിലും പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ജിഹാദി അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ആക്രമണത്തെക്കുറിച്ച് സൂചനകളൊന്നും ഉണ്ടായിരുന്നില്ല.
രാത്രി ഒമ്പത് മണിക്ക് ഇന്ത്യൻ വിമാനങ്ങൾ പറന്നുയരാൻ തയ്യാറായപ്പോൾ, പ്രധാനമന്ത്രി മോദി ദില്ലിയിൽ ഒരു മാധ്യമ ഗ്രൂപ്പ് സംഘടിപ്പിച്ച ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു. ഇന്ത്യയുടെ അഭിലാഷങ്ങൾ, വികസനം, തീവ്രവാദത്തിനെതിരായ ദൃഢനിശ്ചയം എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി മോദി അവിടെ സംസാരിച്ചു. അദ്ദേഹത്തിന്‍റെ മുഖത്ത് ഉത്കണ്ഠയുടെ ഒരു രേഖയോ സംശയത്തിന്‍റെ നിഴലോ പോലും ണ്ടായിരുന്നില്ല
ഇത്തവണയും പ്രധാനമന്ത്രി മോദിയുടെ യാത്രാപരിപാടികളും പെരുമാറ്റവും ബാലാകോട്ടിന് മുൻപുള്ള നീക്കങ്ങളുടെ തനിപ്പകർപ്പായിരുന്നു. ആക്രമണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ്, 2047ഓടെ സാമ്പത്തിക ഭീമനാകാനുള്ള ഇന്ത്യയുടെ അഭിലാഷങ്ങളെയും സ്വപ്നങ്ങളെയും കുറിച്ച് സംസാരിക്കാൻ അദ്ദേഹം ഒരു മാധ്യമ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടു. 30 മിനിറ്റ് നീണ്ട തന്‍റെ പ്രസംഗത്തിൽ, പ്രധാനമന്ത്രി ഒരു ഉത്കണ്ഠയുമില്ലാത്ത ശാന്തനായ മനുഷ്യനെപ്പോലെയാണ് പെരുമാറിയത്
ഇന്ത്യയിലെ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുന്ന അയൽക്കാരനെ വിമർശിക്കുന്നത് കേൾക്കാൻ സദസ്സ് ആഗ്രഹിച്ചെങ്കിലും, അദ്ദേഹം തമാശകൾ പറഞ്ഞ് സംസാരിച്ചു. എന്നാല്‍, പിന്നീട് ചിന്തിക്കുമ്പോൾ അദ്ദേഹത്തിന്‍റെ പ്രസംഗം വരാനിരിക്കുന്നതിന്‍റെ പരോക്ഷമായ സൂചനയായി കാണാം. പൊതു സമ്മർദ്ദത്തെ ഭയന്ന് നിർണായകമായ നടപടികൾ എടുക്കാൻ സർക്കാരുകൾക്ക് കഴിയാത്തതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അങ്ങനെ എതിരാളിക്ക് ഒരു സൂചനയും നൽകാതെ ഇടത്തേക്ക് ഇൻഡിക്കേറ്റര്‍ സ്വിച്ച് ചെയ്ത ശേഷം വലത്തോട്ട് തിരിഞ്ഞ് ഒരിക്കല്‍ കൂടെ പാകിസ്ഥാന് ശക്തമായ മറുപടി കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇതോടെ മോദിയുടെ തിളക്കം സ്വർണത്തെക്കാൾ മഹത്തരമായി മാറിയിരിക്കുകയാണ്. മോദിയുടെ നിശ്ചയദാർഢ്യത്തിന് പിന്നിൽ രാജ്യം മുഴുവൻ അണിനിരന്നു. മോദിയുടെ നീക്കങ്ങൾ പ്രവചനാതീതമാണെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചു. പാകിസ്ഥാന് തിരിച്ചടി കിട്ടിയ ശേഷം മാത്രമാണ് മോദി മയങ്ങിയത്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമായിരുന്നു.പ്രധാനമന്ത്രിയുടെ ഹോട്ട്ലൈൻ സജീവമായപ്പോൾ പോലും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മനസിലായില്ല. എല്ലാവരും മോദിയുടെ നീക്കങ്ങൾ ഉറ്റുനോക്കുകയായിരുന്നു. പ്രധാനമന്ത്രി പക്ഷേ അക്ഷോഭ്യനും ശാന്തനുമായിരുന്നു. നരേന്ദ്ര മോദി നേരിട്ടാണ് നിര്‍ദേശങ്ങൾ നല്‍കിയത്. അണുവിട തെറ്റാതെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ കൃത്യമായി ഏകോപനം ചെയ്തു. 26 മനുഷ്യജീവനുകള്‍ അപഹരിച്ച പഹൽഗാം ഭീകരാക്രമണത്തിന് ശക്തമായ മറുപടി നല്‍കി പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകര പരിശീലന കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്നലെ പുലര്‍ച്ചെ തരിപ്പണമാക്കിയിരിക്കുകയായിരുന്നു ഇന്ത്യന്‍ സൈന്യം. ഇന്ത്യയുടെ കനത്ത മിസൈല്‍ ആക്രമണത്തില്‍ നിരവധി പാക് ഭീകരർ കൊല്ലപ്പെട്ടു.
പാക് ചാരന്‍മാരുടെയെല്ലാം കണ്ണും കാതും മൂടിക്കെട്ടി അതീവ രഹസ്യമായായിരുന്നു പാകിസ്ഥാന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ മറുപടി നല്‍കാനുള്ള ഇന്ത്യന്‍ നീക്കം. പഹൽഗാം ഭീകരാക്രമണം കഴിഞ്ഞ് 15-ാം ദിനം പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ പ്രതികാരം ചെയ്തു. മൂന്ന് സൈനിക മേധാവികളും കഴിഞ്ഞ ദിവസങ്ങളിലായി പ്രധാനമന്ത്രിയെ കണ്ടതോടെ ഇനി ഇന്ത്യയുടെ നീക്കമെന്ത് എന്ന സൂചന പുറത്തുവന്നിരുന്നു. ഒടുവില്‍ ഇന്നലെ പുലര്‍ച്ചെ 1.44ന് അത് സംഭവിച്ചു. പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകര താവളങ്ങളില്‍ വ്യോമാക്രമണം നടത്തി ഇന്ത്യന്‍ സേന പാകിസ്ഥാനെ വിറപ്പിച്ചു. ബഹല്‍വല്‍പൂര്‍, സിയാല്‍ക്കോട്ട്, മുരിഡ്‌കെ, കോട്‌ലി എന്നിവിടങ്ങളിലെ പാക് ഭീകര താവളങ്ങള്‍ ഇന്ത്യ തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-ത്വയ്‌ബ, ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ വ്യോമാക്രമണം. ഇന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ സ്പോണ്‍സര്‍മാരായി കുപ്രസിദ്ധി നേടിയവയാണ് ഈ മൂന്ന് സംഘടനകളും. മുംബൈ ഭീകരാക്രമണത്തിലടക്കം പാക് ഭീകരസംഘടനകളുടെ നേരിട്ടുള്ള പങ്ക് ലോകമറിഞ്ഞതുമാണ്.
പ്രധാനമന്ത്രിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവിന്‍റെയും നിര്‍ദേശങ്ങള്‍ പ്രകാരം ഇന്ത്യന്‍ കരസേനയും വായുസേനയും നാവികസേനയും സംയുക്തമായാണ് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെ വ്യോമാക്രമണം നടത്തിയത്. 9 ഇടങ്ങളിലെയും വ്യോമാക്രമണം പൂര്‍ണ വിജയമാണെന്ന് ഇന്ത്യന്‍ സൈന്യത്തെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഇക്കഴിഞ്ഞ ഏപ്രിൽ 22ന് ജമ്മു കശ്‌മീരിലെ പഹല്‍ഗാമില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 25 ഇന്ത്യക്കാര്‍ക്കും ഒരു നേപ്പാളി പൗരനും ജീവന്‍ നഷ്ടമായിരുന്നു. അതിസുന്ദരമായ പഹല്‍ഗാം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് പാക് ഭീകരര്‍ വെടിയുതിര്‍ത്തത്. ഭീകരാക്രമണത്തില്‍ ഒരു മലയാളിക്കും ജീവന്‍ നഷ്ടമായി. പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ചുട്ട മറുപടി നല്‍കുമെന്ന് അന്നേ ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാക് അതിര്‍ത്തിക്കുള്ളില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഇന്ത്യ നടത്തിയ ഏറ്റവും വലിയ സൈനിക നീക്കമായി 9 പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍. 'നീതി നടപ്പാക്കി'യെന്നാണ് പാകിസ്ഥാന് നല്‍കിയ പ്രത്യാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ കരസേനയുടെ പ്രതികരണം. ആക്രമണത്തിന് പിന്നാലെ പ്രതിരോധ മന്ത്രി രാജാനാഥ് സിങ് സൈനിക മേധാവിമാരുമായി കൂടിക്കാഴ്ച നടത്തി. ഒരർത്ഥത്തിൽ ഇത് മോദിയുടെ ഷോ ആയിരുന്നു. മോദിയുടെ മാത്രം ഷോ. അത് മനസിലാകാത്ത ഇന്ത്യയിലെ ഏക പാർട്ടി സി.പി.എം മാത്രമാണ്.