തെരുവുനായയുടെ ആക്രമണത്തില്‍ 11 വയസുകാരന്‍ മരിച്ച സംഭവത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ പഴിച്ച് മന്ത്രി

കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ 11 വയസുകാരന്‍ മരിച്ച പശ്ചാത്തലത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ജാഗ്രതയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്.
തെരുവുനായ ശല്യം നിയന്ത്രിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കും. മനുഷ്യ ജീവന് അപകടകാരികളായ തെരുവുനായ്ക്കളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്നും എം ബി രാജേഷ് ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
2022 സെപ്തംബര്‍ ഒന്ന് മുതല്‍ 2023 ജൂണ്‍ 11 വരെ 470534 നായ്ക്കളെ വാക്‌സിനേറ്റ് ചെയ്തു. ഇതില്‍ 438473 വളര്‍ത്തുനായ്ക്കളും 32061 തെരുവുനായ്ക്കളുമാണ്. തെരുവുനായ്ക്കള്‍ക്കുള്ള അഭയകേന്ദ്രങ്ങള്‍, എബിസി കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കുന്ന കാര്യത്തില്‍ പ്രാദേശികമായ വലിയ എതിര്‍പ്പാണ് പല സ്ഥലങ്ങളിലും ഉണ്ടായത്. തലശ്ശേരിയില്‍ എബിസി കേന്ദ്രം അടച്ചുപൂട്ടേണ്ടിവന്നതും ഓര്‍ക്കേണ്ടതാണ്.
കഴിഞ്ഞ സെപ്റ്റംബറില്‍ തുടങ്ങിയ തീവ്രയത്‌നത്തിന്റെ ഫലമായി തെരുവുനായ ശല്യം ഗണ്യമായി കുറഞ്ഞപ്പോള്‍ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ ഉദാസീനത കാട്ടിയിട്ടുണ്ടെന്നത് വസ്തുതയാണെന്നും മന്ത്രി പറഞ്ഞു. തെരുവുനായയുടെ ആക്രമണത്തില്‍ 11 വയസുകാരനായ നിഹാല്‍ നൗഷാദ് മരിച്ച സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും വേദനാജനകവുമാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























