വീണ്ടും തെരുവ് നായ ആക്രമണം... തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് അമ്മയെയും മകളെയുമാണ് തെരുവ് നായ ആക്രമിച്ചത്

കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായയുടെ ആക്രമണത്തില്‍ 11കാരന്റെ മരണത്തിന് പിന്നാലെ വീണ്ടും തെരുവ് നായ ആക്രമണം. തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് അമ്മയെയും മകളെയുമാണ് തെരുവ് നായ ആക്രമിച്ചത്. പുന്നയൂര്‍ക്കുളം മുക്കണ്ടത്ത് താഴം റോഡില്‍ വെച്ചാണ് മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്ക് കടിയേറ്റത്. കടയിലേക്ക് നടന്നുപോകുന്നതിനിടെ റോഡിലുണ്ടായിരുന്ന തെരുവ് നായ ബിന്ദുവിനെ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകളായ ശ്രീക്കുട്ടിക്ക് നായയുടെ കടിയേറ്റത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം തെരുവ് നായ ആക്രമണത്തില്‍ 11കാരന്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും ജാഗ്രതയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കും. മനുഷ്യജീവന് അപകടകാരികളായ തെരുവ് നായ്ക്കളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നും എം.ബി. രാജേഷ് അറിയിച്ചു.
https://www.facebook.com/Malayalivartha























