കമല്‍ഹാസനും മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം തോറ്റുപോകുന്നത്ര രാജ്യത്തെ ഏറ്റവും മികച്ച നടന്‍ നരേന്ദ്ര മോദിയാണെന്ന് ഖുശ്ബു

രാജ്യത്തെ ഏറ്റവും മികച്ച നടന്‍ നരേന്ദ്ര മോദിയാണെന്നും കമല്‍ഹാസനും മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം മോദിയുടെ മുന്നില്‍ തോറ്റുപോകുമെന്നും എഐസിസി വക്താവ് ഖുശ്ബു. കെ.എസ്.യു കോഴിക്കോട്ടു സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു ഖുശ്ബു.
നേരത്തേ മന്‍മോഹന്‍ സിങിനെ മൗനവ്രതത്തിലായിരുന്നുവെന്നു പറഞ്ഞു കളിയാക്കിയിരുന്ന മോദി ഇപ്പോള്‍ മിണ്ടേണ്ട നേരത്തുമാത്രം ഒന്നും മിണ്ടില്ല. മോദിയുടേതു വെറും വാക്കുകള്‍ മാത്രമാണ്, പ്രവൃത്തി ഇല്ല. ഏതോ നാട്ടിലെ ആര്‍ക്കൊക്കെയോ ട്വിറ്ററില്‍ ജന്‍മദിനാശംസകള്‍ നേരുന്നതു പോലുള്ള കാര്യങ്ങളിലാണു മോദിയ്ക്ക് താല്‍പര്യം എന്നും ഖുശ്ബു കുറ്റപ്പെടുത്തി
എണ്ണയുടെ വില രാജ്യാന്തരതലത്തില്‍ ഏറ്റവും കുറഞ്ഞിരിക്കുന്ന സമയത്ത് അതിന്റെ നേട്ടം ജനങ്ങള്‍ക്കു നല്‍കാതെ സര്‍ക്കാര്‍ ലാഭമുണ്ടാക്കുകയാണ്. ബുള്ളറ്റ് ട്രെയിനിനായി ഒരുലക്ഷം കോടി ചെലവഴിക്കുമ്പോള്‍ കോടിക്കണക്കിനാളുകള്‍ക്കു വീടില്ലാത്ത അവസ്ഥയാണ്.
ദാദ്രിയില്‍ ഒരാളെ തല്ലിക്കൊന്നപ്പോഴും ബിജെപി നേതാക്കള്‍ തുടര്‍ച്ചയായ വിവാദപ്രസ്താവനകള്‍ നടത്തിയപ്പോഴൊക്കേയും അദ്ദേഹം മൗനം പാലിച്ചു. രാജ്യത്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പു നടന്നാല്‍ കോണ്‍ഗ്രസ് ജയിക്കുമെന്നതില്‍ സംശയമില്ല. ഏതെങ്കിലും ബിജെപിക്കാരന്‍ രാജ്യത്തിനായി ജീവന്‍ ബലികഴിച്ചിട്ടുണ്ടോ? രാഷ്ട്രപിതാവായ ഗാന്ധിജിയല്ല, അദ്ദേഹത്തെ കൊലപ്പെടുത്തിയ ഗോഡ്‌സേയാണ് അവര്‍ക്കു ഇപ്പോള്‍ മഹാത്മാവ് എന്നും ഖുഷ്ബു പരിഹസിച്ചു.
അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ കുടുംബത്തിനു നഷ്ടപരിഹാരം കൊടുത്തത് അദ്ദേഹം മുസ്‌ലിം ആയതിനാലാണെന്നു വെള്ളാപ്പള്ളി നടേശനെപ്പോലുള്ള ഒരാള്‍ക്ക് എങ്ങനെ പറയാനാകുമെന്നും അവര്‍ ചോദിച്ചു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍നിന്നു മുഖ്യമന്ത്രിയെ ഒഴിവാക്കിയതു കേരളത്തെ അപമാനിച്ചതിനു തുല്യമാണെന്നും ഖുശ്ബു ചൂണ്ടിക്കാട്ടി.
കെഎസ്‌യു കോഴിക്കോട്ടു നടത്തിയ ഫാഷിസ്റ്റ് വിരുദ്ധ സംസ്ഥാന സംഗമത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് അധ്യക്ഷനായിരുന്നു. ടി. സിദ്ദീഖ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പി.എം. സുരേഷ് ബാബു, കെ.പി. അനില്‍കുമാര്‍, എന്‍. സുബ്രഹ്മണ്യന്‍, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം. രോഹിത്, ജില്ലാ പ്രസിഡന്റ് വി.പി. ദുല്‍ഖിഫില്‍, വിനു ചുള്ളിയില്‍, ടിജിന്‍ ജോസഫ്, ജെ.എസ്. അജില്‍, അഭിലാഷ് ചിതര, എ.എം. അഭിജിത് എന്നിവര്‍ പ്രസംഗിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























