പാലൂരിൽ അമ്മയാന തനിച്ചാക്കി പോയ ആനക്കുട്ടി കൃഷ്ണയ്ക്ക് ക്ഷീണം... അട്ടപ്പാടി ബൊമ്മിയാംപടി ഫോറസ്റ്റ് ക്യാമ്പ് ഷെഡ്ഡിൽ കഴിയുന്ന കൃഷ്ണയ്ക്ക് തൃശ്ശൂരിലെ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ഡേവിഡ് എബ്രഹാമെത്തി ചികിത്സ നൽകി..

പാലൂരിൽ അമ്മയാന തനിച്ചാക്കി പോയ ആനക്കുട്ടി കൃഷ്ണയ്ക്ക് ക്ഷീണം. അട്ടപ്പാടി ബൊമ്മിയാംപടി ഫോറസ്റ്റ് ക്യാമ്പ് ഷെഡ്ഡിൽ കഴിയുന്ന കൃഷ്ണയ്ക്ക് തൃശ്ശൂരിലെ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ഡേവിഡ് എബ്രഹാമെത്തി ചികിത്സ നൽകി. തിങ്കളാഴ്ച രാവിലെ ഭക്ഷണം കഴിഞ്ഞതും ക്ഷീണത്തിൽ കിടപ്പിലായി. ഡോക്ടറെത്തി ചികിത്സ നൽകിയതോടെ ക്ഷീണം വിട്ടുമാറി കുട്ടിയാന എഴുന്നേറ്റു. ഇത്തരത്തിൽ കഴിഞ്ഞയാഴ്ചയും കുട്ടിക്കൊമ്പന് ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഡോക്ടറുടെ നിർദേശപ്രകാരം, രാത്രികാലങ്ങളിൽ ആനയെ അടച്ചുറപ്പുള്ള കോൺക്രീറ്റ് കെട്ടിടമായ ക്യാമ്പ് ഷെഡ്ഡിലേക്ക് മാറ്റി. ആനക്കുട്ടിക്ക് തണുപ്പ് ഏൽക്കാതിരിക്കാനാണ് താത്കാലിക കൂട്ടിൽനിന്ന് മാറ്റുന്നത്.
തിരുവനന്തപുരത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയാലേ കുട്ടിക്കൊമ്പനെ മറ്റെവിടേക്കെങ്കിലും മാറ്റുന്ന കാര്യത്തിൽ തീരുമാനമാകുകയുള്ളൂ. ഈ മാസം 15-നാണ് തൊഴിലുറപ്പ് തൊഴിലാളികൾ പാലൂരിൽ കാട്ടാനക്കുട്ടിയെ കണ്ടെത്തിയത്. വനം വകുപ്പ് കാട്ടാനക്കുട്ടിയെ കാടുകയറ്റിയെങ്കിലും വൈകുന്നേരത്തോടെ തിരിച്ചെത്തി. പിന്നീട് ദൊഡ്ഡുഗട്ടി കൃഷ്ണവനത്തിൽ താത്കാലിക കൂടൊരുക്കി അമ്മയാനയ്ക്കായി കാത്തിരുന്നെങ്കിലും അമ്മയാന കൂടിന് സമീപമെത്തി കുട്ടിക്കൊമ്പനെ കൂട്ടാതെ കാടുകയറി.
https://www.facebook.com/Malayalivartha


























