തിരുവനന്തപുരത്ത് വര്‍ക്കലയില്‍ വിവാഹത്തലേന്ന് വധുവിന്റെ അച്ഛന്‍ കൊല്ലപ്പെട്ടു....സമീപവാസികളായ യുവാക്കളുടെ മര്‍ദനമേറ്റാണ് മരണം. ഇവര്‍ പുലര്‍ച്ചെ വിവാഹ വീട്ടില്‍ വന്ന് ബഹളമുണ്ടാക്കി, തുടര്‍ന്നുണ്ടായ ആക്രമണത്തിലാണ് കൊല നടന്നത്, സംഭവത്തില്‍ നാലു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് വര്‍ക്കലയില്‍ വിവാഹത്തലേന്ന് വധുവിന്റെ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. വര്‍ക്കല വടശേരിക്കോണത്ത് ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. രാജുവിന്റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹം ഇന്ന് നടക്കാനിരിക്കേയാണ് അരുംകൊല. ഇന്നലെ അര്‍ദ്ധരാത്രി രാജുവിന്റെ വീട്ടിലായിരുന്നു സംഭവം നടന്നത്.
വര്‍ക്കല ശിവഗിരിയില്‍ വച്ചാണ് വിവാഹം നടത്താനായി നിശ്ചയിച്ചിരുന്നത്. അയല്‍വാസികളായ ജിഷ്ണു, സഹോദരന്‍ ജിജിന്‍, ശ്യാം, മനു എന്നിവരുള്‍പ്പെട്ട നാലംഗ സംഘം വീട്ടിലെത്തി രാജുവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശ്രീലക്ഷ്മിയും ജിഷ്ണുവും മുന്‍പ് അടുപ്പത്തിലായിരുന്നു. ഇതില്‍ നിന്ന് പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറായതാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.
ഇന്നലെ വീട്ടിലെത്തിയ സംഘവും രാജുവുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ ജിജിന്‍ മണ്‍വെട്ടി ഉപയോഗിച്ച് അടിക്കുകയും കത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. പിന്നാലെ ഓടി രക്ഷപ്പെടാനായി ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയാണ് പൊലീസിനെ ഏല്‍പ്പിച്ചത്. പ്രതികള്‍ നാലുപേരും അറസ്റ്റിലായി.
https://www.facebook.com/Malayalivartha


























