രാജ്ഭവനില്‍ മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ രണ്ടു ഫയലുകളില്‍ ഒപ്പുവച്ചു...

രാജ്ഭവനില്‍ മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ രണ്ടു ഫയലുകളില്‍ ഒപ്പുവച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാനായി കമ്മീഷനിലെ ജുഡീഷല്‍ അംഗം കെ.ബൈജു നാഥിനു ചുമതല നല്‍കിയ സര്‍ക്കാര്‍ നിര്‍ദേശത്തിലും പിഎസ്സി അംഗമായി ഡോ. പി.പി. പ്രകാശിനെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനമടങ്ങിയ ഫയലിലുമാണു ഗവര്‍ണര്‍ ഒപ്പുവെച്ചത്.
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ജസ്റ്റീസ് ആന്റണി ഡൊമിനിക് വിരമിച്ചതിനെ തുടര്‍ന്നാണ് ചെയര്‍മാന്റെ പദവിയില്‍ ഒഴിവ് വന്നത്. ചെയര്‍മാന്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങളാണ് കമ്മീഷനിലുള്ളത്. ഇതില്‍ ജുഡീഷല്‍ അംഗമായ ബൈജുനാഥിന് ആക്ടിംഗ് ചെയര്‍മാന്റെ ചുമതല നല്‍കിയ സര്‍ക്കാര്‍ ശിപാര്‍ശ ഗവര്‍ണര്‍ക്കു സമര്‍പ്പിക്കുകയായിരുന്നു.
പിഎസ്സി അംഗമായി സിപിഎം പ്രതിനിധിയായ ഡോ.പി.പി.പ്രകാശനെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനും ഗവര്‍ണര്‍ അംഗീകാരം നല്‍കി. ഇതു സംബന്ധിച്ചു മന്ത്രിസഭ തീരുമാനം എടുത്തിട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നു.
തുടര്‍ന്ന് വിജ്ഞാപനം ഇറക്കുന്നതിനു ഫയല്‍ രാജ്ഭവനിലേക്ക് അയച്ചെങ്കിലും ഫയലില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ നീട്ടിക്കൊണ്ടു പോകുകയായിരുന്നു. എന്നാല്‍, നിയമസഭ പാസാക്കിയ ചില ബില്ലുകള്‍ ഗവര്‍ണര്‍ തടഞ്ഞു വച്ചിട്ടുണ്ട്. ഇതില്‍ ഏതാനും ഫയലുകളില്‍ ഒപ്പുവയ്ക്കുകയും മറ്റു ചിലതു രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുമെന്നും സൂചനയുണ്ടായിരുന്നെങ്കിലും ഇന്നും നടപടിയെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha






















